2013-11-13 19:58:14

മാനവികതയെ കൂട്ടിയിണക്കുന്ന
സഭയുടെ നയതന്ത്രം


13 നവംബര്‍ 2013, റോം
മനുഷ്യകുലത്തെ ക്രിസ്തു-സ്നേഹത്തില്‍ കൂട്ടിയിണക്കുന്നതാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്രമെന്ന്, വത്തിക്കാന്‍റെ മുന്‍സ്റ്റെയിറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു. ‘ആഗോളവത്കൃത ലോകത്ത് വത്തിക്കാന്‍റെ നയതന്ത്രം’, എന്ന തന്‍റെ ഗ്രന്ഥത്തിന്‍റെ നവംമ്പര്‍ 12-ാം തിയതി റോമില്‍നടന്ന പ്രകാശന കര്‍മ്മത്തിലാണ് ഏഴു വര്‍ഷക്കാലം വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ സെക്രട്ടറി പദം അലങ്കരിച്ച കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇങ്ങനെ പ്രസ്താവിച്ചത്.

പത്രോസിന്‍റെ പിന്‍ഗാമിയായെത്തുന്ന പാപ്പായുടെ തനിമയാര്‍ന്നതും വൈവിധ്യമാര്‍ന്നതുമായ വ്യക്തിത്വത്തിന്‍റെ വിശ്വസ്ത സഹകാരിയും, ദൈവികമായ സഭാദൗത്യത്തിന്‍റെ പങ്കാളിയുമാകുവാനുള്ള ഉത്തരവാദിത്വമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ നയതന്ത്ര പ്രവര്‍ത്തനമെന്ന് ജീവിതാനുഭവത്തെ ആധാരമാക്കി കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു.
ക്രിസ്തുവിന്‍റെതും ദൈവികവുമായ സഭാപ്രസ്ഥാനം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള അന്തര്‍ദേശീയ ബന്ധങ്ങളില്‍ ധാര്‍മ്മികതയുടെ അടരുകള്‍ അടിയറവയ്ക്കാതെ, മനുഷ്യകുടുംബത്തെ സ്നേഹത്തില്‍ നിലനില്ക്കാനും സമാധാനത്തില്‍ വളര്‍ത്തുവാനുമുള്ള ഭൗമികസ്ഥാപനമാണ് സഭയും സഭയുടെ നയതന്ത്ര നിലപാടുകളുമെന്ന് പരിചയസമ്പന്നനായ ദൈവശാസ്ത്രാദ്ധ്യാപകനും നയതന്ത്രജ്ഞനുമായ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രകാശനകര്‍മ്മത്തില്‍ പ്രസ്താവിച്ചു.

ലോകത്ത് ആരുടെയും ശത്രുവോ, എതിരാളിയോ പ്രതിയോഗിയോ അല്ല സഭയെന്നും, സകല മനുഷ്യരെയും ആശ്ലേഷിക്കുന്ന സ്നേഹമുള്ള അമ്മയും സമാധാനത്തിന്‍റെ പ്രയോക്താവുമാണെന്നും, പാപ്പാ ഫ്രാന്‍സിസിന്‍റെ ആമുഖത്തെ ആധാരമാക്കി, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തന്‍റെ നന്ദിപ്രകടനത്തില്‍ കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി പ്രകാശനസമ്മേളനത്തില്‍ സദസ്സിനുവേണ്ടി ഗ്രന്ഥപരിചയം നടത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.