2013-11-12 17:22:37

വിശ്വാസികളുടെ പരസ്പസഹകരണം സഭൈക്യംവളര്‍ത്തും: കര്‍ദിനാള്‍ സ്കോള


12 നവംബര്‍ 2013, മോസ്കോ
വിശ്വാസികള്‍ തമ്മിലുള്ള ഐക്യവും സഹകരണവും സഭൈക്യ സംരംഭങ്ങള്‍ക്ക് ഏറെ കരുത്തു പകരുമെന്ന് മിലാന്‍ അതിരൂപാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ സ്കോള. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ സ്ക്കോള മോസ്ക്കോയില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. മോസ്ക്കോയില്‍വച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ കിറില്‍ പ്രഥമന്‍ പാത്രിയാര്‍ക്കീസുമായി കര്‍ദിനാള്‍ ആഞ്ചലോ സ്കോള സൗഹൃദ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കത്തോലിക്കാ – ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള ഐക്യവും സഹകരണവും വളര്‍ന്നുവരുന്നതിലുള്ള സന്തോഷം കര്‍ദിനാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ദൈവശാസ്ത്രപരമായ സംവാദവും, സംയുക്ത പ്രവര്‍ത്തനസമിതിയുമൊക്കെ സഭൈക്യസംരംഭത്തില്‍ അനിവാര്യമാണെങ്കിലും സഭാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും കൂട്ടായ്മയുമാണ് സഭൈക്യസംരഭങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുകയെന്ന് കര്‍ദിനാള്‍ സ്കോള അഭിപ്രായപ്പെട്ടു. മിലാനിലെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളുമായുള്ള തന്‍റെ വ്യക്തിബന്ധത്തെക്കുറിച്ചും കര്‍ദിനാള്‍ തദവസരത്തില്‍ അനുസ്മരിച്ചു.

Source:







All the contents on this site are copyrighted ©.