2013-11-12 17:22:03

വിശ്വാസവര്‍ഷത്തില്‍ തടവുകാരുടെ തീര്‍ത്ഥാടനം


12 നവംബര്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷത്തില്‍ ഇറ്റലിയിലെ ഒരു ജയില്‍ അധികൃതര്‍ തടവുകാര്‍ക്കു നല്‍കിയ സമ്മാനം, വത്തിക്കാനിലേക്കൊരു തീര്‍ത്ഥാടനം. റോമില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ദൂരെയുള്ള വിതെര്‍ബോ നഗരത്തിലെ ‘മമ്മജ്യാല’ ജയിലിലെ അധികൃതരാണ് തടവുകാരുമായി വി.പത്രോസിന്‍റെ ശവകുടീരത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയത്. റോമിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നവര്‍ക്ക് വി.പത്രോസിന്‍റെ ബസിലിക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കാറുണ്ടെങ്കിലും വിതേര്‍ബോ ജയില്‍ നിന്ന് ആദ്യമായാണ് ഇത്തരം ഒരു തീര്‍ത്ഥാടനം നടത്തുന്നതെന്ന് ജയില്‍ ഡയറക്ടര്‍ തെരേസ മാസ്കൊളോ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. മേലധികാരികളുടെ പ്രത്യേക അനുവാദത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ട 14 തടവുകാര്‍ക്കൊപ്പം ജയില്‍ സൂപ്രണ്ടും ഇതര ഉദ്യോഗസ്ഥരും ജയിലില്‍ ശുശ്രൂഷ ചെയ്യുന്ന പ്രേഷിത പ്രവര്‍ത്തകരും വത്തിക്കാനിലെത്തിയത്.
പേപ്പല്‍ വികാരി, കര്‍ദിനാള്‍ ആഞ്ചലോ കൊമാസ്ത്രി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലേക്ക് തീര്‍ത്ഥാടക സംഘത്തെ സ്വാഗതം ചെയ്തു. ‘പ്രശാന്തതയും സമാശ്വാസവും തേടിയുള്ള ഒരു തീര്‍ത്ഥാടന’മായിരുന്നു ജയില്‍ സംഘത്തിന്‍റേതെന്ന് ഡയറക്ടര്‍ മാസ്കൊളോ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.