2013-11-12 17:23:08

ഫിലിപ്പീന്‍സിന് പാപ്പായുടെ സഹായം, ഒന്നരലക്ഷം ഡോളര്‍


12 നവംബര്‍ 2013, വത്തിക്കാന്‍
ഹയാന്‍ ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടിയ ഫിലിപ്പീന്‍സിലെ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി പാപ്പായുടെ സാമ്പത്തിക സഹായം. കത്തോലിക്കാ സഭയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സില്‍ മുഖാന്തരം ഒന്നര ലക്ഷം ഡോളറാണ് പാപ്പാ ഫ്രാന്‍സിസ് ഫിലിപ്പീന്‍സിനു നല്‍കിയത്. ചുഴലിക്കൊടുങ്കാറ്റിന്‍റെ കെടുതികള്‍ ഏറ്റവും രൂക്ഷമായ പ്രദേശങ്ങള്‍ക്കുവേണ്ടിയായിരിക്കും ഈ സാമ്പത്തിക സഹായം ചിലവഴിക്കപ്പെടുന്നതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ദുരിതബാധിതര്‍ക്കായുള്ള ഈ ആദ്യഘട്ട സഹായം പ്രാദേശിക സഭകളുടെ മേല്‍നോട്ടത്തില്‍ കത്തോലിക്കാ ഉപവിസംഘടനകളിലൂടെയാണ് നടപ്പിലാക്കുകയെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

അതിനിടെ, ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഫിലിപ്പീന്‍സിലേക്ക് സഹായമെത്തിച്ചു തുടങ്ങി. മരുന്നും താല്‍കാലിക താമസത്തിനുള്ള സജ്ജീകരണങ്ങളുമായി യുനിസെഫിന്റെ വിമാനം ഫിലിപ്പീന്‍സില്‍ എത്തിക്കഴിഞ്ഞു. ദുരന്തബാധിതരെ സഹായിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ ഇടപെടുന്നുണ്ടെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.
ഓസ്ട്രേലിയ, ബ്രിട്ടന്‍, ന്യൂസീലന്‍ഡ്, ജപ്പാന്‍, മലേഷ്യ, തയ്‌വാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ഫിലിപ്പീന്‍സിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.








All the contents on this site are copyrighted ©.