2013-11-12 17:23:27

ദൈവപിതാവിന്‍റെ വാത്സല്യത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ വചന സമീക്ഷ


12 നവംബര്‍ 2013, വത്തിക്കാന്‍
ഒരു കുഞ്ഞ് തന്‍റെ പിതാവിന്‍റെ കരങ്ങളില്‍ സുരക്ഷിതനായിരിക്കുന്നതുപോലെ ദൈവപിതാവ് നമ്മെ കാത്തുപാലിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൊവ്വാഴ്ച രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പിതാവായ ദൈവത്തിന് നമ്മോടുള്ള വാത്സല്യത്തെക്കുറിച്ചായിരുന്നു പാപ്പായുടെ വചന സമീക്ഷ. കര്‍ത്താവ് നമ്മെ ഒരിക്കലും ഏകരായി വിടുകയില്ലെന്നും, ശകാരിക്കുമ്പോള്‍പോലും വാത്സല്യത്തോടെയാണ് ദൈവം പെരുമാറുകയെന്നും പാപ്പ വചനസന്ദേശത്തില്‍ വിശദീകരിച്ചു. ഒരു പിതാവ് തന്‍റെ മകനെയെന്നപോലെ ദൈവപിതാവ് നാമോരോരുത്തരേയും വഴിനടത്തുന്നു. ജീവന്‍റേയും രക്ഷയുടേയും പാതയിലൂടെ ചരിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന വാത്സല്യനിധിയായ പിതാവാണ് ദൈവം. വേദനയുടേയും സഹനത്തിന്‍റേയും നിമിഷങ്ങളില്‍ ദൈവം തന്‍റെ കരങ്ങളാല്‍ നമ്മെ തലോടി സമാശ്വസിപ്പിക്കുന്നു. നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച്, ആന്തരിക മുറിവുകള്‍ സൗഖ്യപ്പെടുത്തുന്നു. അവിടുന്ന് ഒരിക്കലും നമ്മെ മുറിപ്പെടുത്തുകയില്ല. ഒരു ശില്‍പിയുടെ വൈദഗ്ദ്യത്തോടെ നമ്മെ സൃഷ്ടിച്ച് നമുക്കു നിത്യജീവന്‍ വാഗ്ദാനം ചെയ്യുന്ന സ്നേഹനിധിയായ ദൈവം എന്നും നമ്മോടൊപ്പമുണ്ട്. നിഷ്കളങ്കനായ ഒരു കുഞ്ഞിനെപ്പോലെ ദൈവപിതാവില്‍ പൂര്‍ണ്ണമായും ആശ്രയിച്ചു ജീവിക്കാന്‍ പാപ്പ ഏവരേയും ആഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.