2013-11-11 17:13:51

‘പാപികളും’ ‘കപടനാട്യക്കാരും’ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് മാര്‍പാപ്പ


11 നവംബര്‍ 2013, വത്തിക്കാന്‍
സ്വന്തം പാപങ്ങളെക്കുറിച്ച് അനുതപിക്കാതെ, ക്രൈസ്തവരാണെന്ന് മേനിനടിച്ചു ജീവിക്കുന്ന സഭാംഗങ്ങള്‍ സഭയ്ക്ക് വലിയ ദോഷം വരുത്തിവയ്ക്കുന്നുവെന്ന് മാര്‍പാപ്പ. തിങ്കളാഴ്ച രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് കപട ജീവിതം നയിക്കുന്ന ക്രൈസ്തവര്‍ക്കെതിരേ പാപ്പാ ശബ്ദമുയര്‍ത്തിയത്. നാമെല്ലാവരും പാപികളാണ്. നമ്മുടെ പാപങ്ങളെക്കുറിച്ച് അനുസ്തപിച്ച്, അവ ഏറ്റുപറഞ്ഞ് നാം സൗഖ്യം നേടണം. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്ന കരുണാമയനായ ക്രിസ്തുവിനെ അനുകരിച്ച് നമ്മോട് ക്ഷമചോദിക്കുന്ന സഹോദരരോടു ക്ഷമിക്കാനും നാം തയ്യാറായിരിക്കണമെന്ന് “ഏഴ് എഴുപതു പ്രാവശ്യം” ക്ഷമിക്കണം എന്ന ക്രിസ്തുവചനം ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. സ്വന്തം പാപങ്ങളെക്കുറിച്ച് അനുതപിച്ച് അനുരജ്ഞപ്പെടാന്‍ എളിമയെന്ന പുണ്യം അനിവാര്യമാണ്. ഒരു മനസ്താപവും കൂടാതെ പാപത്തില്‍ തുടരുകയും അതേസമയം, ഉത്തമ ക്രിസ്ത്യാനിയാണെന്ന നാട്യത്തില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ ഇരട്ടജീവിതം നയിക്കുന്നവരാണ്. അത്തരക്കാര്‍ സഭയ്ക്ക് ഏറെ ദോഷംവരുത്തിവയ്ക്കുമെന്ന് പാപ്പ മുന്നറിയിപ്പു നല്ക‍ി.
പാപത്തില്‍ നിന്നും സൗഖ്യം നേടാന്‍ ശ്രമിക്കുന്നതോടൊപ്പം അഴിമതിക്കാരാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് പാപ്പ വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്തു. ഒരു കൈകൊണ്ട് സഭയെ സഹായിക്കുകയും മറുകൈയ്യാല്‍ രാഷ്ട്രത്തെ വെട്ടിച്ചും പാവങ്ങളില്‍ നിന്നു പിടിച്ചു പറിച്ചും സ്വന്തം കീശ നിറയ്ക്കുകയും ചെയ്യുന്ന ക്രൈസ്തവരുടെ ഇരട്ടത്താപ്പും പാപ്പ നിശിതമായി വിമര്‍ശിച്ചു. അഴിമതിക്കാരായ സഭാംഗങ്ങള്‍ സുവിശേഷാരൂപിയിലല്ല ജീവിക്കുന്നത്, ലൗകികതയില്‍ മുഴുകി കഴിയുന്നവരാണെന്ന് പാപ്പ പറഞ്ഞു. ‘പാപികളും’ ‘കപടനാട്യക്കാരും’ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദീകരിച്ച പാപ്പ മനസ്താപത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും പാതയിലേക്ക് ഏവരേയും ക്ഷണിച്ചുകൊണ്ടാണ് തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.