2013-11-11 17:14:38

മനുഷ്യനേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ ശാസ്ത്രജ്ഞരും മാധ്യമപ്രവര്‍ത്തകരും ഒരുമിച്ച് പ്രയത്നിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ


11 നവംബര്‍ 2013, വത്തിക്കാന്‍
മനുഷ്യനേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ ശാസ്ത്രജ്ഞരും മാധ്യമപ്രവര്‍ത്തകരും ഒന്നിച്ചു പ്രയത്നിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തീയ പ്രബോധനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രകൃതിസംരക്ഷണ സമിതി ‘ഹരിത ഉടമ്പടി’ (Greenaccord) സംഘടിപ്പിച്ച 10ാമത് അന്താരാഷ്ട്ര മാധ്യമ സെമിനാറിനയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യക്ഷേമത്തിനും അനുയോജ്യമായ സുസ്ഥിരമായ ജീവിത ശൈലി പ്രചരിപ്പിക്കാന്‍ പാപ്പ അവരെ ആഹ്വാനം ചെയ്തു. രാഷ്ട്രീയ രംഗത്തും പൊതുജനങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതു വഴിയായി പ്രകൃതിക്കും മനുഷ്യനും അനുഗുണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കാന്‍ സാധിക്കും. സാമ്പത്തിക മേഖല, പ്രകൃതി വിഭവങ്ങളുടേയും മനുഷ്യന്‍റേയും ഉപഭോഗത്തിനുവേണ്ടി മാത്രമുള്ള സംവിധാനമാകാതെ, വ്യക്തിയുടെ ആത്മസാക്ഷാത്ക്കാരത്തിനും യഥാര്‍ത്ഥ പ്രകൃതി സംരക്ഷണത്തിനും പ്രോത്സാഹനമേകണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച് സെമിനാറില്‍ പങ്കെടുത്ത കര്‍ദിനാള്‍ ഫ്രാന്‍സിസ് കൊക്കോപാല്‍മെറിയോയാണ് പാപ്പായുടെ സന്ദേശം സെമിനാറില്‍ വായിച്ചത്.








All the contents on this site are copyrighted ©.