2013-11-11 17:15:00

ക്രൈസ്തവ സഭകളുടെ ആഗോളസമിതിയുടെ സമ്മേളനം സമാപിച്ചു


11 നവംബര്‍ 2013, വത്തിക്കാന്‍
ക്രൈസ്തവ സഭകളുടെ ആഗോളസമിതിയുടെ (WCC) പത്താം പൊതുസമ്മേളനത്തിനു തിരശീല വീണു. “ജീവ ദാതാവായ ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ ആനയിച്ചാലും” എന്ന പ്രമേയം ആസ്പദമാക്കി ഒക്ടോബര്‍ 30ന് ദക്ഷിണ കൊറിയയിലെ ബുസനില്‍ ആരംഭിച്ച സമ്മേളനം നവംബര്‍ 8ന് സമാപിച്ചു.
മതം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സമാധാന പുനഃസ്ഥാപനം, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. സമിതിയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തില്‍ ‍നടന്നു. മുന്നൂറ്റി അന്‍പതോളം ക്രിസ്തീയ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് നാലായിരത്തോളം പേരാണ് സമ്മേളത്തില്‍ പങ്കെടുത്തത്.
ഏഴുവര്‍ഷത്തിലൊരിക്കലാണ് ക്രൈസ്തവ സഭകളുടെ ആഗോളസമിതിയുടെ പൊതുസമ്മേളനം നടക്കുക. സഭൈക്യ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് ബ്രയന്‍ ഫാരെലിന്‍റെ നേതൃത്വത്തില്‍ 20 അംഗ സംഘം സമ്മേളനത്തില്‍ പരിശുദ്ധ സിംഹാനത്തെ പ്രതിനിധീകരിച്ചു.








All the contents on this site are copyrighted ©.