2013-11-11 17:14:01

കര്‍ദിനാള്‍ ദൊമെനിക്കോ ബര്‍തെലൂച്ചിയുടെ നിര്യാണത്തില്‍ പാപ്പ അനുശോചിച്ചു


11 നവംബര്‍ 2013, വത്തിക്കാന്‍
കര്‍ദിനാള്‍ ദൊമെനിക്കോ ബര്‍തെലൂച്ചിയുടെ നിര്യാണത്തില്‍ പാപ്പ അനുശോചിച്ചു. 96 വയസ് പ്രായമുണ്ടായിരുന്ന കര്‍ദിനാള്‍ തിങ്കളാഴ്ച രാവിലെ റോമില്‍ വച്ചാണ് ദിവംഗതനായത്.
പ്രശസ്ത സംഗീത സംവിധായകനായ കര്‍ദിനാള്‍ ബര്‍തെലൂച്ചി സിസ്റ്റൈന്‍ കപ്പേളയിലെ പേപ്പല്‍ ഗായകസംഘത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്. കര്‍ദിനാളിന്‍റെ കുടുംബാംഗങ്ങള്‍ക്കയച്ച അനുശോചന സന്ദേശത്തില്‍ കര്‍ദിനാള്‍ ദൊമെനിക്കോ ബര്‍തെലൂച്ചിയോടുള്ള തന്‍റെ സ്നേഹാദരങ്ങള്‍ പാപ്പ വെളിപ്പെടുത്തി. അദ്ദേഹത്തിന്‍റെ വൈദിക ശുശ്രൂഷയും സംഗീത തപസ്യയും കൃതജ്ഞതയോടെ അനുസ്മരിച്ച പാപ്പ, വിശ്വാസത്തിലും വിശ്വാസപ്രകടനത്തിലും നിന്നുത്ഭവിക്കുന്ന തിരുക്കര്‍മ്മ ഗീതികളിലൂടെ അദ്ദേഹം വിശ്വാസ സമൂഹത്തെ ദൈവ സാന്നിദ്ധ്യത്തിലാഴ്ത്തിയെന്ന് അഭിപ്രായപ്പെട്ടു. പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തെ നിത്യാനന്ദത്തിലേക്കു സ്വീകരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.
കര്‍ദിനാളിന്‍റെ അന്തിമോപചാര ശുശ്രൂഷ, കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നവംബര്‍ 13ാം തിയതി ബുധനാഴ്ച ഉച്ച തിരിഞ്ഞ് 03.30ന് വത്തിക്കാനിലെ വി.പത്രോസിന്‍റെ ബസിലിക്കയില്‍ നടക്കും.








All the contents on this site are copyrighted ©.