2013-11-07 20:09:21

വാഴ്ത്തപ്പെട്ട ബൊണ്‍സേല്‍
ക്രിസ്തുവിന്‍റെ സ്നേഹപാദുകം


7 നവംബര്‍ 2013, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട മരിയ ബൊണ്‍സേല്‍ ‘ഫ്രാന്‍സിസ്ക്കന്‍ പുണ്യാരാമത്തിലെ സ്നേഹപാദുക’മെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വിശേഷിപ്പിച്ചു.
നവംബര്‍ 10-ാം തിയതി ഞായറാഴ്ച ജര്‍മ്മനിയിലെ പദര്‍ബോണില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ധന്യയായ മരിയ തെരേസാ ബൊണ്‍സേലിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ പ്രസ്താവിച്ചത്.

വടക്കെ ജര്‍മ്മനിയിലെ ഓള്‍പെയില്‍ 1830-ല്‍ ജനിച്ച പ്രഭുകുടുംബിനിയായിരുന്നു ‘എലൈന്‍’ എന്നു വിളിക്കപ്പെട്ടിരുന്ന മരിയ ബൊണ്‍സേല്‍. യുവതിയായിരുന്നപ്പോള്‍ സന്ന്യസത്തിലേയ്ക്കുള്ള വിളികേട്ടുവെങ്കിലും സമ്പന്നകുടുംബം അതിന് അനുവദിച്ചില്ല. തുടര്‍ന്ന് തന്‍റെ കൂട്ടുകാരോടൊപ്പം ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കുംവേണ്ടി ലളിതമായി തുടക്കമിട്ട സ്നേഹക്കൂട്ടായ്മ 1863-ല്‍ ഫ്രാന്‍സിസ്ക്കന്‍ ആത്മീയത സ്വീകരിച്ച്, നിത്യാരാധനയുടെ ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസസഭയായി (Congregation of the Poor Franciscan Sisters of Perpetual Adoration) വളര്‍ന്നു വലുതായി.

1905-ല്‍ സഭാസ്ഥാപകയും ക്രിസ്തുവിന്‍റെ സ്നേഹപാദുകവുമായ ബൊണ്‍സേല്‍ മരണമടയുമ്പോള്‍ അമേരിക്കയിലും യൂറോപ്പിലുമായി 870 സഹോദരിമാര്‍ 71 സമൂഹങ്ങളില്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ഉപവിയുടെയും സ്നേഹസമര്‍പ്പണത്തിലൂടെ ശ്രദ്ധേയമായിരുന്നു. 1871-1878 കാലഘട്ടത്തില്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍വന്ന ‘സാംസ്ക്കാരിക വിപ്ലവസഖ്യം’ kulturkampf സന്ന്യാസസഭകളെയും സഭാ പ്രവര്‍ത്തനങ്ങളെയും അടിച്ചമര്‍ത്തിയപ്പോഴും, ബോണ്‍സേലും സഹോദരിമാരും അവരുടെ നിശ്ശബ്ദസേവനവും പ്രാര്‍ത്ഥാനാ ജീവതവും വിശ്വസ്തതയോടെ രഹസ്യമായി തുടര്‍ന്നു. ഇക്കാലഘട്ടത്തിലാണ് ബൊണ്‍സേല്‍ തന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ കുടിയേറ്റക്കാരായ ജര്‍മ്മന്‍കാര്‍ക്ക് കൂടുതല്‍ വ്യാപിപ്പിച്ചത്.

പ്രാര്‍ത്ഥനാരൂപിയും ദൈവപരിപാലനയിലുളള ആശ്രയബോധവും, ഉപവിപ്രവര്‍ത്തനങ്ങളും വാഴ്ത്തപ്പെട്ട ബൊണ്‍സേലിന്‍റെ സവിശേഷമായ പുണ്യങ്ങളായിരുന്നു. ദിവ്യകാരുണ്യഭക്തിയും പാവങ്ങളുടെ പ്രതിപത്തിയും ബൊണ്‍സേലിന്‍റെ വേറിട്ടുനിന്ന വ്യക്തിത്വത്തെ ധന്യമാക്കി. സ്നേഹത്തിന്‍റെയും വിശുദ്ധിയുടെയും വ്രതനിഷ്ഠയുള്ള ജീവിതത്തിലൂടെ സുവിശേഷത്തിലെ സാരോപദേശങ്ങള്‍ സ്വായത്തമാക്കിയ ഫ്രാന്‍സിസ്ക്കന്‍ ആരാമത്തിലെ പുണ്യപുഷ്പമാണ്, പദര്‍ബോണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നവംബര്‍ 10, ഞായറാഴ്ച രാവിലെ അര്‍പ്പിക്കപ്പെടുന്ന ദിവ്യമദ്ധ്യേ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ധന്യയായ മരിയ തെരേസാ ബൊണ്‍സേലെന്ന്, കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.