2013-11-07 19:43:07

ഫ്രാന്‍സിലെ മെത്രാന്മാര്‍ക്ക്
പാപ്പായുടെ സന്ദേശം


7 നവംമ്പര്‍ 2013, വത്തിക്കാന്‍
ക്രൈസ്തവസമൂഹങ്ങള്‍ ക്രിസ്തുവില്‍ നിരന്തരമായി നവീകൃതമാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ ദേശീയ സമ്മേളനത്തിന് നവംമ്പര്‍ 7-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സുവിശേഷവത്ക്കരണ ദൗത്യത്തോട് എന്നും വിശ്വസ്തരായി ജീവിക്കാന്‍ ക്രിസ്തുവിലുള്ള അനുസ്യൂതമായ അനുരജ്ഞനവും നവീകരണവും സഭയ്ക്ക് അനിവാര്യമാണെന്ന് നവംബര്‍ 10-വരെ നീണ്ടുനില്ക്കുന്ന മെത്രാന്‍ സംഘത്തിന്‍റെ ശരല്‍ക്കാല സംഗമത്തെ പാപ്പാ അനുസ്മരിപ്പിച്ചു. വൈദികരുടെ രൂപീകരണം,
പാവങ്ങളോടുള്ള സാമൂഹ്യ പ്രതിബദ്ധത, ദൈവിക കാരുണ്യത്തിനു സാക്ഷൃമേകുന്ന ക്രൈസ്തവജീവിതം എന്നിങ്ങനെ മെത്രാന്‍ സമിതി ചര്‍ച്ചചെയ്യുന്ന വിവിധങ്ങളായ വിഷയങ്ങളില്‍ ശ്രുശ്രൂഷയുടെയും ക്രൈസ്തവസമര്‍പ്പണത്തിന്‍റെ മൂല്യങ്ങള്‍ മുന്തിനില്ക്കട്ടെയെന്നും സന്ദേശത്തിലൂടെ പാപ്പാ മെത്രാന്‍സംഘത്തെ ഉദ്ബോധിപ്പിച്ചു.

സഹോദര്യത്തിന്‍റെയും ശുശ്രൂഷയുടെയും മനോഭാവത്തിലും, റോമിലെ മെത്രാനോട്, പാപ്പായോടുള്ള ഐക്യത്തിലും ആഗോള സഭാദൗത്യത്തില്‍ പങ്കുചേരത്തക്കവിധം ലൂര്‍ദ്ദ് സമ്മേളനത്തെ നയിക്കാന്‍ ലൂര്‍ദ്നാഥയുടെയും വിശുദ്ധ ബര്‍ഡീറ്റിന്‍റെയും മദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ച പാപ്പാ, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും മാര്‍സേലാ ആതിരൂപാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പോന്‍തിയെ വഴിയാണ് മെത്രാന്‍ സംഘത്തിന് പാപ്പാ സന്ദേശം അയച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.