2013-11-07 19:56:46

അനൗപചാരിക വിദ്യാഭ്യാസം
പ്രസക്തമെന്ന് ഡോണ്‍ ചാവെസ്


7 നവംബര്‍ 2013, കല്‍ക്കട്ട
യുവജനങ്ങള്‍ സമൂഹത്തില്‍ നന്മയുടെ പ്രയോക്താക്കളാകണമെന്ന്, സലീഷ്യന്‍ സഭയുടെ റെക്ടര്‍ മേജര്‍, ഡോണ്‍ പാസ്ക്വാള്‍ ചാവെസ് ഉദ്ബോധിപ്പിച്ചു. നവംബര്‍ 5-ാം തിയതി ചൊവ്വാഴ്ച ഇന്ത്യയില്‍ ആരംഭിച്ച അജപാലന സന്ദര്‍ശനത്തിന്‍റെ ഭാഗമായി കല്‍ക്കട്ടയിലെ മീര്‍പ്പാറയിലുള്ള ഡോണ്‍ ബോസ്ക്കോ സാങ്കേതിക വിദ്യാലയത്തിലെ യുവാജനങ്ങളോടാണ് ഡോണ്‍ ബോസ്ക്കോയുടെ 9-ാമത്തെ പിന്‍ഗാമി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ വന്നിട്ടിള്ള പാവങ്ങളായ യുവജനങ്ങള്‍ ഭാരതത്തില്‍ നിരവധിയാണെന്നും, എന്നാല്‍ അനൗപചാരിക സാങ്കേതിക പരിശിലനത്തിലൂടെ (non formal technical education) വ്യക്തിവളര്‍ച്ച സാധിക്കുമെന്നും സമൂഹത്തില്‍ നല്ല പൗരന്മാരായി ജീവിക്കാന്‍ കരുത്താര്‍ജ്ജിക്കാമെന്നും ഡോണ്‍ ചാവെസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. വ്യക്തിസമര്‍പ്പണത്തിലൂടെയും ഉത്തരവാദിത്വപരമായ ജീവിതത്തിലൂടെയും സമൂഹത്തില്‍ അന്തസ്സോടും അഭിമാനത്തോടുംകൂടെ ജീവിക്കാന്‍ തൊഴില്‍ പരിശീലനം കരുത്തുനല്കുമെന്ന്, ഡോണ്‍ബോസ്ക്കോയുടെ പ്രായോഗിക വിദ്യാഭ്യാസരീതി ചൂണ്ടിക്കാണിച്ചുകൊണ്ട്, മീര്‍പ്പാറയിലെ സലീഷ്യന്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍, എംജീനിയറിങ്ങ്, തയ്യല്‍, കല്പണി, ചെരുപ്പുനിര്‍മ്മാണം, ഫിറ്റര്‍, ടര്‍ണര്‍, അച്ചടി എന്നിങ്ങനെ വിവിധങ്ങളായ തൊഴിലുകള്‍ പരിശീലിക്കുന്ന 400 യുവാക്കളെയും അവരുടെ
75 പരിശീലകരെയും അവിടത്തെ സലീഷ്യന്‍ സഭാംഗങ്ങളെയും അഭിസംബോധനചെയ്തുകൊണ്ട് ഡോണ്‍ ചാവെസ് ഉദ്ബോധിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം ഡോണ്‍ബോസ്ക്കോ ലില്വായില്‍ ഡോണ്‍ ചാവെസ്സിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ കല്‍ക്കട്ടയിലെ വിവിധ സലീഷ്യന്‍ സ്ഥാപനങ്ങളില്‍നിന്നായി അയ്യായിരത്തോളം യുവജനങ്ങളും സഭാംഗങ്ങലും പങ്കെടുത്തു. ഭാരതത്തില്‍ നിലവിലുള്ള വിപാരീതാത്മകമായ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടിലും പതറാതെ ‘ഒഴുക്കിനെതിരെ നീന്തുന്ന മത്സ്യങ്ങളെപ്പോലെ’ മുന്നേറണമെന്ന്, തന്‍റെതന്നെ യുവത്വത്തിന്‍റെ ക്ലേശപൂര്‍ണ്ണമായ കഥ പറഞ്ഞുകൊണ്ട് ഡോണ്‍ ചാവെസ് യുവജനങ്ങള്‍ക്ക് ഉത്തേജനം നല്കി..
ഡോണ്‍ ചാവസ്സിന്‍റെ കല്‍ക്കട്ട സന്ദര്‍ശനം നവംബര്‍ 10-വരെ നീണ്ടുനില്ക്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.