2013-11-05 16:50:58

ഇസ്രായേലിന്‍റെ ദൈവം കാരുണ്യവാനും
സ്നേഹത്തില്‍ അത്യുദാരനും (62)


RealAudioMP3 പുറപ്പാടിന്‍റെ പുസ്തകം ബഹുശാഖവും, ഒപ്പം ബഹുതലവുമാണെന്ന് വ്യക്തമാക്കുന്ന ഭാഗമാണ്
34, 35 അദ്ധ്യായങ്ങള്‍. വിവരണങ്ങളുടെ ആവര്‍ത്തനത്തില്‍നിന്നും, ഇടകലര്‍ന്നു കിടക്കുന്ന സംഭവങ്ങളുടെ പ്രയോഗത്തില്‍നിന്നും അത് മനസ്സിലാക്കാവുന്നതാണ്. വ്യത്യസ്ത പാരമ്പര്യങ്ങളിലും കാലഘട്ടത്തിലുമാണ് പുറപ്പാടിന്‍റെ കഥ രചിക്കപ്പെട്ടത് എന്നതിന് തെളിവ് ഇതുതന്നെയെന്ന് നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഗ്രന്ഥത്തിന്‍റെ രചനയുടെ അടിസ്ഥാനരൂപം ക്രിസ്തുവിന് ഏകദേശം 600-ഉം
800-ഉം വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. സമകാലീന പാരമ്പര്യങ്ങളും പുരാണങ്ങളും രചനയെ ഇക്കാലയളവില്‍ സ്വാധീനിച്ചിട്ടുമുണ്ട്. പുറപ്പാടു സംഭവങ്ങളുടെ പരാമര്‍ശം സമാന്തരമായും ആലങ്കാരികമായും ഇനിയും രക്ഷാകരചരിത്രത്തില്‍ പൊന്തിവരുന്നതാണ് ഈ ഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്നത്.

ഇസ്രായേല്‍ ദൈവത്തോട് അവിശ്വസ്തതയും നന്ദിഹീനതയും കാട്ടിയെങ്കിലും, അവിടുന്ന് ജനത്തോടു ക്ഷമിച്ചു. മോശയെ അവിടുന്നു വീണ്ടും സീനായ് മലയിലേയ്ക്കു വിളിച്ചു. കര്‍ത്താവു കല്പിച്ച പ്രകാരം പുതിയ കല്‍ഫലകങ്ങളുമായി മോശ അവിടുത്തെ സന്നിധിയിലേയ്ക്കു കയറിച്ചെന്നു. മേഘങ്ങളില്‍ കര്‍ത്താവു ഇറങ്ങിവന്ന് മോശയുടെ ചാരത്ത് നില്‍ക്കുകയും തന്‍റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് മോശയുടെ മുന്‍പിലൂടെ കടന്നുപോയി.
“കര്‍ത്താവ്, കാരുണ്യവാനും കൃപാലുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തയിലും അത്യുദാരന്‍, തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍. എന്നാല്‍ അധര്‍മ്മികളുടെനേരെ കണ്ണടയ്ക്കാതെ അവരെ ചിതറിക്കുന്നവന്‍.”
മോശ ഉടനെ നിലംപറ്റെ അവിടുത്തെ കുമ്പിട്ടാരാധിച്ചു. എന്നിട്ടു പറഞ്ഞു.
“അങ്ങ് എന്നില്‍ സംപ്രീതനെങ്കിലും, കര്‍ത്താവേ, ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടു ക്ഷമിക്കണമേ, ഞങ്ങളില്‍ കനിയണമേ....
ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തംജനമായി സ്വീകരിക്കുകയും ചെയ്യണമേ.”
കര്‍ത്താവ് അരുള്‍ച്ചെയ്തു. “ഇതാ, ഞാന്‍ ഉടമ്പടിചെയ്യുന്നു. ലോകത്തൊരിടത്തും ഒരു ജനതയുടെ ഇടയിലും നടന്നിട്ടില്ലാത്ത തരം അത്ഭുതങ്ങള്‍ ഈ ജനത്തിന്‍റെ മുന്‍പില്‍ ഞാന്‍ പ്രവര്‍ത്തിക്കും.
നിങ്ങള്‍ക്കു ചുറ്റുമുള്ള ഇതര ജനതകള്‍ കര്‍ത്താവിന്‍റെ മഹത്വം കാണാന്‍ ഇടയാക്കും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍പോകുന്നത് മഹത്തായൊരു കാര്യമാണ്. ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്നതു നീ അനുസരിക്കണം. നിന്‍റെ മുന്‍പില്‍നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ നാടുകടത്തും. ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. അങ്ങനെ ചെയ്താല്‍, അവരുടെ ദേവന്മാരെ ആരാധിക്കാനും അവര്‍ക്കു ബലിയര്‍പ്പിക്കുനും ഇടവരും. അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹംകഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തെന്നും വരാം. നിങ്ങള്‍ക്കായി ഒരിക്കലും ദേവന്മാരെ വാര്‍ത്തുണ്ടാക്കയുമരുത്.”

“പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം.
ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അബീബുമാസത്തിലെ ഏഴു നിശ്ചിത ദിവസങ്ങളില്‍ നിങ്ങള്‍ പെസഹാ ഭക്ഷിക്കണം. ആ മാസത്തിലാണ് കര്‍ത്താവ് നിങ്ങളെ മോചിച്ചതെന്ന് അനുസ്മരിക്കുവിന്‍. നിങ്ങളുടെ ആദ്യജാതരെല്ലാം എനിക്കുള്ളതാണ്. ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്‍റേതാണ്. നിങ്ങളുടെ പുത്രനമാരില്‍ എല്ലാ ആദ്യജാതരെയും വീണ്ടെടുക്കണം. വെറും കൈയോടെ ആരും എന്‍റെ സന്നിധിയില്‍ നില്ക്കരുത്. ആറുദിവസം നിങ്ങള്‍ ജോലിചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ട് നിങ്ങള്‍ വാരോത്സവം ആഘോഷിക്കണം, വര്‍ഷാവസാനം സംഭരണത്തിരുന്നാളും കൊണ്ടാടണം. വര്‍ഷത്തില്‍ മൂന്നുതവണ നിങ്ങളുടെ പുരുഷന്മാരെല്ലാവരും ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുന്‍പില്‍ വന്ന് ആരാധിക്കട്ടെ.”

കര്‍ത്താവു മോശയോട് വീണ്ടും ഇങ്ങനെ ആജ്ഞാപിച്ചു.
“ആറു ദിവസം നിങ്ങള്‍ ജോലിചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും നിങ്ങള്‍ സാബത്ത് കര്‍ത്താവിന്‍റെ ദിനമായ് ആചരിക്കണം.......... എന്‍റെ ഈ വചനങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുക. നിന്നോടും ഇസ്രായേല്‍ ജനത്തോടും ഞാന്‍ ചെയ്ത ഉടമ്പടിയുടെ വ്യവസ്തകളാണിവ.” മോശ നാല്‍പ്പതു രാവും പകലും കര്‍ത്താവിനോടുകൂടെ മലയില്‍ ചെലവഴിച്ചു.

രണ്ടു സാക്ഷൃഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍നിന്നു താഴേയ്ക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ മുഖം തേജോമയമായിരുന്നു എന്ന കാര്യം അയാള്‍ അറിഞ്ഞില്ല. അഹറോനും ഇസ്രായേല്‍ ജനവും മോശയുടെ മുഖം പ്രശോഭിച്ചിരിക്കുന്നതു കണ്ടു. അയാളെ സമീപിക്കാന്‍ ഭയപ്പെട്ടു. മോശ ജനത്തെ വിളിച്ചു. അഹറോനും സമൂഹ നേതാക്കന്മാരും അടുത്തുചെന്നു. അപ്പോള്‍ സീനായ്മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം മോശ അവര്‍ക്കു കല്പനയായി നല്കി. ദൈവികപ്രഭയാല്‍ ജ്വലിച്ചിരുന്ന മോശയുടെ മുഖമപ്പോള്‍ ജനം കണ്ടു. ഇസ്രായേല്‍ സമൂഹത്തോട് മോശ വീണ്ടും പറഞ്ഞു.
“നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളത് ഇവയാണ്. ആറു ദിവസം ജോലിചെയ്യുക. ഏഴാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധദിനമായി ആചരിക്കണം. കര്‍ത്താവിനു സമര്‍പ്പിതമായ വിശ്രമത്തിനുള്ള ദിവസാമാണ് സാബത്ത്. നിങ്ങളുടെ ഭവനങ്ങളില്‍ ആ ദിവസം വിശുദ്ധമായി ആചരിക്കപ്പെടട്ടെ.”

ഇസ്രായേല്‍ സമൂഹത്തോടു മോശ പറഞ്ഞു. “ഇതാണ് കര്‍ത്താവു കല്പിച്ചിരിക്കുന്നത്. നിങ്ങള്‍ അവിടുത്തേയ്ക്കു കാണിക്ക സമര്‍പ്പിക്കുവിന്‍. ഉദാരമനസ്ക്കര്‍ കാഴ്ചകൊണ്ടു വരട്ടെ. ഈ ഭാഗത്ത് പൗരോഹിത്യ പാരമ്പര്യത്തിലന്‍റെ ശാലിയും ഘടകങ്ങളും വളരെ വ്യക്തമായി നിരീക്ഷിക്കാം: സ്വര്‍ണ്ണം, വെള്ളി, ഓട്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയില്‍ നെയ്തെടുത്ത ചണവസ്ത്രം, കോലാട്ടിന്‍രോമം, ഊറയിട്ട മുട്ടാടിന്‍ തോല്, നിലക്കരടിത്തോല്, കരുവേലത്തടി, വിളക്കിനുള്ള എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനുമുള്ള സുഗന്ധവസ്തുക്കള്‍, ഗോമേദകരത്നങ്ങള്‍, എഫോദിനും ഉരസ്ത്രാണത്തിനുമുള്ള രത്നങ്ങള്‍. നിങ്ങളില്‍ ശില്പവൈദഗ്ദ്ധ്യമുള്ളവര്‍ മുന്‍പോട്ടു വന്ന് കര്‍ത്താവ് ആജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്‍മ്മിക്കട്ടെ. വിശുദ്ധകൂടാരം, അതിന്‍റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, പേടകം, അതിന്‍റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല, മേശ, അതിന്‍റെ തണ്ടുകള്‍, ഉപകരണങ്ങള്‍, തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പം, വിളക്കുകാല്‍, അതിന്‍റെ ഉപകരണങ്ങള്‍, വിളക്കുകള്‍, എണ്ണ, ധൂപപിഠം, അതിന്‍റെ തണ്ടുകള്‍, അഭിഷേകതൈലം, ധൂപത്തിനുള്ള സുഗ്ന്ധദ്രവ്യം, കൂടാരവാതിലിനുവേണ്ട യവനിക, ദഹനബലിപീഠം, ഓടുകൊണ്ടുള്ള അതിന്‍റെ ചട്ടക്കൂട്, തണ്ടുകള്‍, മറ്റുപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്‍റെ പീഠം, അങ്കണത്തെ മറയ്ക്കുന്ന വിരികള്‍, അവയ്ക്കുള്ള തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, അങ്കണ കവാടത്തിന്‍റെ യവനിക, കൂടാരത്തിനും അങ്കണത്തിനും വേണ്ട കുറ്റികള്‍, കയറുകള്‍, വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട തിരുവസ്ത്രങ്ങള്‍, പുരോഹിതശുശ്രൂഷ ചെയ്യുന്നവര്‍ക്ക് അണിയാനുള്ള വിശുദ്ധ വസ്ത്രങ്ങള്‍ എന്നിവ കാഴ്ചസമര്‍പ്പിക്കാം.

ഇതെല്ലാം ശ്രവിച്ചശേഷം ഇസ്രായേല്‍ സമൂഹം മോശയുടെ മുന്‍പില്‍നിന്നു പിരിഞ്ഞുപോയി. പ്രചോദനം ലഭിച്ച ഉദാരമനസ്ക്കര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ കാഴ്ചകള്‍ കൊണ്ടുവന്നു.
അതു സമാഗമകൂടാരത്തിനും അതിലെ ശുശ്രൂഷയ്ക്കും വിശുദ്ധ വസ്ത്രങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. പിന്നെയും വിശ്വസ്തരും കര്‍ത്താവിന്‍റെ കല്പനകള്‍ പാലിച്ചവരും കാഴ്ചകളുമായി വന്നു. അവര്‍ സൂചിപ്പതക്കങ്ങളും കര്‍ണ്ണവളയങ്ങളും അംഗുലീയങ്ങളും തോള്‍ വളകളും എല്ലാത്തരം സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടുവന്നു. അങ്ങനെ, ജനം കര്‍ത്താവിന് ഉദാരമായി കാഴ്ചകള്‍ സമര്‍പ്പിച്ചു.

അങ്ങനെ, നിയമങ്ങളും ഉടമ്പടികളും ഇസ്രായേലിന്‍റെ ചരിത്രത്തില്‍ മെല്ലെ പരിണമിച്ചു. ഇക്കാലഘട്ടവും അതിലെ സംഭവവികാസങ്ങളും അവരുടെ രൂപീകരണത്തിന്‍റെ നാളുകളായിരുന്നു. രൂപീകരണകാലഘട്ടം നിബന്ധനകളുടെ കാലഘട്ടമായിരുന്നുവെന്ന് സീനായ് സംഭവങ്ങളും, മലയില്‍ ആവര്‍ത്തിക്കപ്പെടുന്ന ഉടമ്പടി നല്‍കലും വ്യക്തമാക്കുന്നു. പുറപ്പാടിന്‍റെ ആത്മീയ നായകനായ മോശയെയും അതിലെ കേന്ദ്രസംഭവമായ രക്ഷാകരകര്‍മ്മത്തെയും ചുറ്റിപ്പറ്റി വീണ്ടും നിയമങ്ങളും ആചാരങ്ങളും ഇസ്രായേലില്‍ രൂപമെടുക്കുന്നത് തുടര്‍ന്നും മനസ്സിലാക്കാം.
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.