2013-11-04 17:34:13

മിഷനറിമാര്‍ക്ക് പാപ്പായുടെ നന്ദി


04 നവംബര്‍ 2013, വത്തിക്കാന്‍
മിഷനറിമാര്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ നന്ദി. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ നവംബര്‍ 4ന് കുറിച്ച ട്വീറ്റിലാണ് മിഷനറി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാപ്പ നന്ദി രേഖപ്പെടുത്തിയത്. “കര്‍ത്താവിനും തന്‍റെ സഹോദരങ്ങള്‍ക്കുംവേണ്ടി നിശബ്ദമായി ശുശ്രൂഷ ചെയ്യുന്ന, സ്ത്രീ പുരുഷന്‍മാരായ എല്ലാ മിഷനറിമാര്‍ക്കും എന്‍റെ നന്ദി.” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇക്കൊല്ലം മിഷന്‍ ഞായര്‍ ദിനത്തില്‍ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിലും പാപ്പ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ആശ്ലേഷിക്കുകയും അവര്‍ക്കു നന്ദി പറയുകയും ചെയ്തിരുന്നു.
“ഇന്ന് ആഗോള മിഷന്‍ ദിനമാണ്. എന്താണ് സഭയുടെ മിഷന്‍ അഥവാ ദൗത്യം? യേശു ക്രിസ്തു ലോകത്തില്‍ തെളിയിച്ച വിശ്വാസത്തിന്‍റെ ജ്വാല ലോകം മുഴുവനുമെത്തിക്കുക. നിത്യസ്നേഹവും അനന്തകാരുണ്യവുമായ പിതാവായ ദൈവത്തിലുള്ള വിശ്വാസം ലോകമെങ്ങും പ്രചരിപ്പിക്കുക. മതപരിവര്‍ത്തനമല്ല, ആത്മാവിനെ ഊഷ്മളമാക്കുന്ന വിശ്വാസജ്വാല പകരുകയാണ് ക്രിസ്തീയ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ലക്ഷൃം. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയുമേകുന്ന എല്ലാവര്‍ക്കും, വിശിഷ്യാ സുവിശേഷപ്രചരണത്തിനായി റോമിലെ മെത്രാന് സഹായമേകുന്ന ഏവര്‍ക്കും നന്ദി. ആത്മാര്‍പ്പണം ചെയ്തുകൊണ്ട് നിശ്ബ്ദമായി പ്രേഷിത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന, എല്ലാ മിഷനറിമാരേയും ഈ ദിനത്തില്‍ നമുക്ക് അനുസ്മരിക്കാം.” (മാര്‍പാപ്പയുടെ ത്രികാലജപ സന്ദേശം, ഒക്ടോബര്‍ 20, 2013)








All the contents on this site are copyrighted ©.