2013-11-04 17:34:00

ദൈവസ്നേഹത്തിനു മുമ്പില്‍ തിന്‍മയുടെ ശക്തികള്‍ നിഷ്പ്രഭം: പാപ്പ


04 നവംബര്‍ 2013, വത്തിക്കാന്‍
ദൈവസ്നേഹത്തിനു മുമ്പില്‍ തിന്‍മയുടെ ശക്തികള്‍ നിഷ്പ്രഭമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ കര്‍ദിനാള്‍മാരുടേയും മെത്രാന്‍മാരുടേയും അനുസ്മരണ ദിവ്യബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. മാര്‍പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ പ്രധാന അള്‍ത്താരയിലായിരുന്നു ദിവ്യബലിയര്‍പ്പണം. ദൈവത്തേയും സോദരരേയും ശുശ്രൂഷിക്കാനായി ആത്മാര്‍പ്പണം ചെയ്ത സഭയിലെ തീക്ഷണമതികളായ അജപാലകരുടെ ജീവിതം ദൈവത്തിന്‍റെ കരങ്ങളിലാണ്. മരണം മൂലം ജീര്‍ണ്ണിക്കുന്നതല്ല അവരുടെ ജീവിതം. അവരുടെ ആനന്ദവും സഹനവും, പ്രത്യാശയും വിശ്വസ്തതയും, ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീവ്രാഭിലാഷവുമെല്ലാം ദൈവകരങ്ങളില്‍ സുരക്ഷിതമായിരിക്കും. തന്‍റെ വിശ്വസ്ത ദാസര്‍ക്കായി ദൈവം കരുതിവച്ചിരിക്കുന്ന നിത്യസമ്മാനം അവര്‍ക്കു ലഭിക്കുമാറാകട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.
ക്രൈസ്തവര്‍ക്ക് നിത്യജീവനിലുള്ള പ്രത്യാശയെക്കുറിച്ചും പാപ്പ തദവസരത്തില്‍ പ്രതിപാദിച്ചു. ദൈവ - മനുഷ്യ സ്നേഹഗാഥ ക്രിസ്തീയ പ്രത്യാശയുടെ അജയ്യമായ കരുത്താണ്. വിശ്വാസ പാതയില്‍ നമ്മെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന പൈശാചിക ശക്തികളുണ്ട്. എന്നാല്‍ അവയ്ക്കൊന്നും ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പ്പെടുത്താന്‍ സാധ്യമല്ല. തിന്‍മയുടെ ശക്തികള്‍ മനുഷ്യ വിദ്വേഷികളാണെങ്കിലും യേശുവും വിശ്വാസത്തോടെ യേശുവിനെ സ്വീകരിച്ചവരും തമ്മിലുള്ള സ്നേഹബന്ധത്തിനു മുന്‍പില്‍ അവ അശക്തമാണ്. ദൈവത്തിനു നമ്മോടുള്ള വിശ്വസ്തമായ സ്നേഹമാണ് ജീവിത യാത്രയില്‍ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മുന്നോട്ടു പോകാന്‍ നമുക്ക് കരുത്തും സമാശ്വാസവുമേകുന്നത്. പാപം മൂലം മനുഷ്യന്‍ ഈ സ്നേഹ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയാലും അത് പുനഃസ്ഥാപിക്കാന്‍ ദൈവം എന്നും മനുഷ്യനെ തേടിയെത്തുന്നു. മരണാനന്തരവും നിലനില്‍ക്കുന്ന ഈ സ്നേഹ ഗാഥ പരിസമാപിക്കുന്നത് പിതാവായ ദൈവവുമായുള്ള ശാശ്വത സമാഗമത്തോടെയാണ്.

നമ്മുടെ പ്രിയപ്പെട്ടവര്‍ മരണമടയുമ്പോള്‍ ‘അവരുടെ ജീവിതത്തിനും കര്‍മ്മങ്ങള്‍ക്കും സഭയ്ക്ക് അവര്‍ നല്‍കിയ ശുശ്രൂഷയ്ക്കുമെല്ലാം’ എന്തുസംഭവിക്കുമെന്ന് നാം സ്വയം ചോദിച്ചേക്കാം. വിജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ അതിനുള്ള ഉത്തരമുണ്ട്: “അവര്‍ ദൈവകരങ്ങളിലാണ്” (ജ്ഞാനം 3:1) അവരെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും ദൈവ കരങ്ങളിലാണെന്ന് മാര്‍പാപ്പ വിശദീകരിച്ചു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ്, പിതാവിന്‍റെ പക്കലേക്ക് യാത്രയായ കര്‍ദിനാള്‍മാരുടേയും മെത്രാന്‍മാരുടേയും സേവനങ്ങള്‍ അനുസ്മരിച്ച പാപ്പ ‘തങ്ങളുടെ ദൈവവിളിയ്ക്കും സഭാ ശുശ്രൂഷയ്ക്കും വേണ്ടി ആത്മസമര്‍പ്പണം ചെയ്തവര്‍’ എന്നാണ് അവരെ വിശേഷിപ്പിച്ചത്. ഒരു വധുവിനെ എന്നപോലെ അവര്‍ സഭയെ സ്നേഹിച്ചുവെന്നും പാപ്പ പ്രസ്താവിച്ചു. മനുഷ്യന്‍റെ പരിമിതികളല്ല, പരസ്നേഹവും സമര്‍പ്പണവും, അതു യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ നടത്തുന്ന ആന്തരിക പോരാട്ടവുമാണ് ദൈവം പരിഗണിക്കുക.
നമ്മുടെ പാപങ്ങളും ദൈവ കരങ്ങളിലെത്തും. പക്ഷേ സ്നേഹത്താല്‍ മുറിപ്പെട്ട കരുണാര്‍ദ്രമായ കരങ്ങളാണവയെന്ന് പാപ്പ വിശ്വാസ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. തന്‍റെ കാരുണ്യം വെളിപ്പെടുത്താനാണ് ക്രിസ്തു തിരുമുറിവുകള്‍ തന്‍റെ കരങ്ങളില്‍ അവശേഷിപ്പിച്ചത്. ഇതാണ് നമ്മുടെ കരുത്തും പ്രത്യാശയുമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.
ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്. “നമുക്കുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. ദൈവത്തെ മുഖാമുഖം ദര്‍ശിക്കുവാനായി കര്‍ത്താവ് നമ്മെ ഒരുക്കട്ടെ. ആ ദിനം അജ്ഞാതമാണെങ്കിലും, ദൈവവുമായുള്ള ശാശ്വത സമാഗമം സുനിശ്ചിതമാണ്.”









All the contents on this site are copyrighted ©.