2013-11-02 09:52:26

പത്രോശ്ലീഹാ ഏറ്റുപറഞ്ഞ
ദൈവരാജ്യത്തിന്‍റെ അടരുകള്‍


RealAudioMP3
വി. മത്തായി 16, 13-23 കൂദോസ് ഈത്തോസ്, മലങ്കര ആരാധനക്രമവത്സരാരംഭം
ക്രിസ്തു ശക്തനായ ദൈവത്തിന്‍റെ നിവ്യന്‍
യേശു കേസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോടു ചോദിച്ചു. മനുഷ്യപുത്രന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു. ചിലര്‍ ഏലായാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. അവിടുന്ന് അവരോടു ചോദിച്ചു. എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു. നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍. മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാണ്. ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നഗരകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയല്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും. അനന്തരം അവിടുന്ന്, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നും ശിഷ്യന്മാരോടു കല്‍പിച്ചു.

ഭാരതത്തിന്‍റെ അറിയപ്പെട്ട അന്വേഷണാത്മക പത്രപ്രവര്‍ത്തകയും ഗ്രന്ഥകര്‍ത്താവുമാണല്ലോ അനിത പ്രതാപ്. Island of Blood ‘രക്തദ്വീപ്’ എന്ന അനിതയുടെ കൃതി ലോകപ്രസിദ്ധമാണ്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നടന്ന യുദ്ധം, വംശീയ കലാപം എന്നിവയുടെ കഥകള്‍ പച്ചയായി വെളിപ്പെടുത്തുന്ന ഗ്രന്ഥമാണത്. പുലിമടയില്‍ച്ചെന്ന്LTTE നേതാവ് പ്രഭാകരനുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ അനിത, അവയുടെ റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താലിബാന്‍ ഭീകരശൃംഖലയുടെ കണ്ണുവെട്ടിച്ച് അഫ്ഗാനിലെ ജനതയുടെ ദയനീയാവസ്ഥ കണ്ടെത്തി ആദ്യയമായി അത് ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തതും അനിതയാണ്.
തന്നെ ലോകപ്രശസ്തയാക്കിയ ഗ്രന്ഥത്തിന്‍റെ സമര്‍പ്പണം to my Subin, എന്‍റെ സുബിന്, എന്നാണ്. ‘മാനത്തോളമെത്താന്‍ തുണച്ച സുബിന് എന്‍റെ ഈ വിജയം സമര്‍പ്പിക്കുന്നു. ഞാന്‍ പറന്നുയരുന്ന ചിറകുകളുടെ പിന്നില്‍ വീശിയ കാറ്റ് നീയാണ്.’ ജീവിതസമര്‍പ്പണത്തിന് തനിക്ക് പ്രചോദനമായത് മകനായിരുന്നുവെന്ന് അനിത വ്യക്തമാക്കുന്നു.

ആകാശംവരെ ഉയര്‍ന്ന നസ്രത്തിലെ മറിയത്തിന്‍റെ ചിറകുകളില്‍ വിശിയ കാറ്റ് ക്രിസ്തുവാണ്. വിശ്വാസത്തിന്‍റെ ആകാശം തൊടാന്‍ പത്രോസിന് സാധിച്ചത് പിതാവു നല്കിയ വെളിപാടിന്‍റെ ചിറകുകള്‍കൊണ്ടാണെന്ന് ഇന്നത്തെ സുവിശേഷ ഭാഗവും വ്യക്തമാക്കുന്നു. ആരാധനക്രമ വത്സരാരംഭത്തില്‍ വെളിപാടിന്‍റെ ചിറകിലേറി ക്രിസ്തു ദൈവപുത്രനായ ലോകരക്ഷകനാണെന്ന് പ്രഖ്യാപിച്ച ,പത്രോശ്ലീഹായുടെ വിശ്വാസത്തിന്‍റെ വ്യക്തിത്വമാണ് ഇന്നത്തെ വചനസമീക്ഷ. ‘മാംസരക്തങ്ങളല്ല ഇതു വെളിപ്പെടുത്തിയത്’ (മത്തായി 16, 1-7) സ്വര്‍ഗ്ഗീയ പിതാവാണ് എന്ന ക്രിസ്തുവിന്‍റെ വാക്കുകളില്‍നിന്നും, പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തിന്‍റെ സ്രോതസ്സ് മനസ്സിലാക്കാവുന്നതാണ്. ഹെര്‍മോണ്‍ മലയുടെ അടിവാരത്തുള്ള പട്ടണമാണ് ‘കേസറിയ ഫിലിപ്പി’.
പേരു സുചിപ്പിക്കുന്നതുപോലെ സീസറിന്‍റെ സ്മരണാര്‍ത്ഥം യൂദയായുടെ ഗവര്‍ണ്ണറായിരുന്ന ഹേറോദ് ഫിലിപ്പ് പണികഴിപ്പിച്ചതാണത്. അവിടെവച്ചാണ് ക്രിസ്തു ശിഷ്യന്മാരോടു ചോദിച്ചത്. “മനുഷ്യപുത്രന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?” അപ്പസ്തോല പ്രമുഖനായ പത്രോസ് പറഞ്ഞു, “കര്‍ത്താവേ, അങ്ങ് ക്രിസ്തുവാണ്. ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മിശിഹായാണ്.”

ക്രിസ്തു തന്നെത്തന്നെ ആവിഷ്ക്കരിക്കാന്‍ ഉപയോഗിച്ച ശീര്‍ഷകമാണ് ‘മനുഷ്യപുത്രന്‍’. അതിന്‍റെ അര്‍ത്ഥം ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍ എന്നു തന്നെയാണ്. ഭൂമിയിലെ ഓരോ വ്യക്തിയും സജീവ ദൈവത്തിന്‍റെ പുത്രരാകാന്‍ അഭിഷേകംചെയ്യപ്പെട്ടവരാണ് എന്ന ആശയം ഇവിടെ വെളിപ്പെട്ടുകിട്ടുന്നു. ‘മിശിഹാ’ അഥവാ ‘ക്രിസ്തു’ എന്ന ശീര്‍ഷകത്തിന് ‘അഭിഷേകംചെയ്യപ്പെട്ടവന്‍’ എന്നാണര്‍ത്ഥം. നാം മനുഷ്യമക്കളാണെന്നും, ഒപ്പം ദൈവത്തിന്‍റെ പ്രതിച്ഛായ ഉള്ളവരാണെന്നുമുള്ള അവബോധം അനുദിനജീവിതത്തില്‍ അനിവാര്യമാണ്. ഈ ബോധത്തില്‍ ജീവിക്കുവാനും വളരുവാനും, അങ്ങനെ സഹോദരങ്ങളെ കാണുവാനും നമുക്കു സാധിക്കണം.

ഹോസിയാ പ്രവാചകന്‍റെ വാക്കുകളില്‍ (1, 10) ‘ജീവനുള്ള ദൈവത്തിന്‍റെ പുത്രന്‍’ എന്നത് വിശ്വസ്തത കൈവെടിയാത്ത തിരഞ്ഞെടുക്കപ്പെട്ട ജനമെന്നാണ്. ഇതര മതങ്ങളില്‍നിന്നും, ജനതകളില്‍നിന്നും വിശ്വസ്തതയുള്ളവരെ രക്ഷിക്കുകയെന്ന ദൗത്യമാണ് പഴയനിയമത്തില്‍ ഇസ്രായേലിന് ഉണ്ടായിരുന്നത്. ദൈവത്തിന്‍റെ രക്ഷാകരപദ്ധതി പൂര്‍ത്തിയാക്കികൊണ്ട് പുതിയ ഇസ്രായേലായ സഭയുടെ നവീകരണം സാക്ഷാത്ക്കരിക്കാന്‍ ‘കൂദോശ് ഈത്തോ’യുടെ, ആരാധനക്രമ വത്സരാരംഭത്തിന്‍റെ ഊഷ്മളത നമ്മെ സഹായിക്കേണ്ടതാണ്. ജീവിക്കുവാനും വളരുവാനും ഈ ദിനങ്ങളില്‍ പരിശ്രമിക്കാം. ഓരോരുത്തരും സ്വയം നവീകരിക്കപ്പടുമ്പോഴാണ് സഭയുടെ വിശുദ്ധീകരണം സംഭവിക്കുന്നത്. നവസുവിശേഷവത്ക്കരണം എന്ന ഉദ്യമംകൊണ്ട് ആഗോള സഭ ലക്ഷൃംവയ്ക്കുന്നതും ഈ നവീകരണമാണ്. വ്യക്തിജീവിതത്തില്‍ നവീകരണം നടക്കുന്നത് ദൈവത്തോട് മനുഷ്യന്‍ വിശ്വസ്തത പുലര്‍ത്തുമ്പോഴാണ്.

മൂന്നു പ്രസ്താവങ്ങളിലൂടെയാണ് ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ഉള്‍ക്കാമ്പ് ക്രിസ്തു വെളിപ്പെടുത്തുന്നത്.
“ശിമയോനേ, നീ ഭാഗ്യവാന്‍,” – “കാരണം, പിതാവാണ് ഇതു നിനക്ക് വെളിപ്പെടുത്തി തന്നത്.”
“ഞാന്‍ പറയുന്നു,” – “നിന്നിലൂടെ ഞാന്‍ സഭയെ പണിതുയര്‍ത്തും.”
“ദൈവരാജ്യത്തിന്‍റെ താക്കോല്‍ – നിനക്കു ഞാന്‍ തരുന്നു.”
പത്രോസിന്‍റെ വിശ്വസപ്രഖ്യാപനത്തെ ബലപ്പെടുത്തുന്ന ക്രിസ്തുവിന്‍റെ മൂന്നു പ്രസ്താവങ്ങളാണിവ.
ക്രിസ്തുവിന്‍റെ ദൈവികതയുടെ രഹസ്യവും അതിനെക്കുറിച്ചുള്ള അറിവും ദൈവംതരുന്ന വെളിവാണ്, മാനുഷികമല്ല. ഉന്നതത്തില്‍നിന്നും ആന്തരികമായി വെളിപ്പെട്ടുകിട്ടിയതാണത്. ആത്മീയമായി ദൈവത്തോട് ഉള്‍ച്ചേര്‍ന്നിരിക്കുന്നവര്‍ക്കാണ് അവിടുത്തെ മുദ്രകള്‍ ഭൂമിയില്‍ വെളിപ്പെട്ടുകിട്ടുന്നത്. ദൈവത്തിന്‍റെ വെളിപാടുകള്‍ക്കായി കാതോര്‍ക്കേണ്ടവരാണ് സഭാ മക്കള്‍.

“പത്രോസേ, നീ പറായാകുന്നു.” ജീവിതത്തിന്‍റെ അടിസ്ഥാനശില ദൈവമാണ് എന്നര്‍ത്ഥത്തിലാണ് ‘പാറ’ എന്ന വാക്ക് ഇന്നത്തെ സുവിശേഷഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് (ഏശ. 17, 10). ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിനും രക്ഷാകര രഹസ്യത്തിനും സാക്ഷൃംവഹിക്കുന്ന ഏവരെയും സംബന്ധിച്ചിടത്തോളം പത്രോസാണ് സഭയുടെ അടിസ്ഥാനം. ദൈവവചനം കേട്ട്, അത് പാലിക്കുന്നവര്‍ പാറമേല്‍ അടിസ്ഥാനമിട്ട വിവേകികളും ദൈവപുത്രരുമാണ്.
“സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ നിനക്കു ഞാന്‍ തരും...”
‘താക്കോല്‍’ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുകയാണ് (ഏശ 22, 15-25).
ഭവനത്തിന്‍റെ കാര്യസ്ഥനാണ് താക്കോല്‍ സൂക്ഷിക്കുന്നത്. അവന്‍ വിശ്വസ്തനും വിവേകിയുമാണ്.

ഏശയ്യ പ്രവാചകന്‍ സൂചിപ്പിച്ച അനീതിയുടെ നുകങ്ങള്‍ അഴിച്ചുകളയലാണ് (ഏശയ്യ 42, 7, 49, 9) ‘ഭൂമിയില്‍ കെട്ടുക, അഴിക്കുക,’ എന്നിങ്ങനെയുള്ള സുവിശേഷത്തിലെ പദസന്ധികള്‍ അര്‍ത്ഥമാക്കുന്നത്. ബന്ധിതര്‍ക്കു നല്കേണ്ട മോചനമാണത്. ക്രിസ്തുവിലുള്ള ആത്മീയ വിമോചനത്തിന്‍റെ ഉള്‍പ്പൊരുളാണത്. ആര്‍ജ്ജവത്തോടെ ദൈവരാജ്യവും അതിന്‍റെ നീതിയും അന്വേഷിക്കുന്നവര്‍ക്ക് അത് തുറന്നുകൊടുക്കുവാനും, നശിപ്പിക്കുവാന്‍ തുനിയുന്നവരില്‍നിന്ന് സംരക്ഷിക്കുവാനുമുള്ള ഉത്തരവാദിത്വവും ഈ അധികാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ദൈവത്തെ സത്യസന്ധമായി അന്വേഷിക്കുവാനുള്ള ഉത്തരവാദിത്വവും തുറവും സ്വാതന്ത്ര്യവും ജീവിതത്തിലാവശ്യമാണ്. മനുഷ്യരെ ദൈവത്തിന്‍റെ ഹിതം പഠിപ്പിക്കാനുള്ള വെളിപാടിന്‍റെ ‘താക്കോല്‍’ കളഞ്ഞുപോകരുത്. വിശ്വാസത്തിന്‍റെ ഹൃദയാകാശം മറ്റുള്ളവരെ സ്പര്‍ശിക്കുമാറ് എന്‍റെ അന്തരംഗത്തെ ക്രിസ്തുവില്‍ ബലപ്പെടുത്തി എടുക്കണം. ജീവിതത്തെ ചലിപ്പിക്കുന്നതും, ദൈവത്തിന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍നിന്നും വീശുന്നതുമായ ദൈവാരൂപിയുടെ കുളിര്‍കാറ്റു സ്വീകരിക്കാന്‍ ഈ ആരാധനക്രമ വത്സരാരംഭത്തില്‍തന്നെ പരിശ്രമിക്കാം.

നവംമ്പര്‍ മാസം നാം ആരംഭിക്കുന്നത് സകല വിശുദ്ധരെയും പരേതരായ സകല ആത്മാക്കളെയും അനുസ്മരിച്ചുകൊണ്ടാണല്ലോ. ഒന്നിലും വിശ്വാസമില്ലാതിരുന്ന ഫ്രഞ്ച് സാഹിത്യകാരന്‍, വാള്‍ട്ടയറിനെ മരണക്കിടക്കയില്‍ ശുശ്രൂഷിച്ച നഴ്സിന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്. “വിശ്വാസമില്ലാത്ത ഒരാളുടെ അന്ത്യനിമിഷങ്ങളിലൂടെ കടന്നുപോവുക ഭീതിദമാണ്,” എന്നാണ് അവര്‍ പറഞ്ഞത്.
ക്രിസ്തുവിന്‍റെ മരണം ഏറ്റവും ക്രൂരമായിരുന്നു. എന്നിട്ടും ചാരുതയുള്ളതായിരുന്നു. പോക്കുവെയിലിന്‍റെ പൊന്നുവീണ അവിടുത്തെ അന്ത്യനിമിഷങ്ങളില്‍ സ്വര്‍ഗ്ഗീയപിതാവുമായുള്ള ഐക്യപ്പെടലാണ് കുരിശില്‍ പ്രകടമായത്. സ്വന്തം ജീവിതത്തെ ക്രമപ്പെടുത്തുന്ന ഒരാള്‍ക്കു മാത്രമേ മരണത്തെ പ്രശാന്തമായി നേരിടാനാകൂ എന്ന് ക്രിസ്തു പഠിപ്പിക്കുന്നു.

ക്രിസ്തുവിനെപ്പോലെ ജീവിക്കുന്നവര്‍ക്ക് അവിടുത്തെപ്പോലെ തൃപ്തിയോടും ശരണത്തോടുംകൂടി മരിക്കാനും സാധിക്കും. ഒരായിരം മൊഴികള്‍കൊണ്ട് നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിച്ച ക്രിസ്തു ഇതാ,
രണ്ടു വാക്കുകള്‍കൊണ്ടു മരണത്തെ ധ്യാനപൂര്‍ണ്ണമാക്കുന്നു. “എല്ലാം പൂര്‍ത്തിയായി ....” (ലൂക്കാ 23, 46).
ഈ അന്ത്യമൊഴികളില്‍ ഗുരു ഒളിപ്പിച്ചുവച്ചിരിക്കുന്നത് സംതൃപ്തിയുടെയും ശരണത്തിന്‍റെയും പ്രകാശമുള്ള അടരുകളാണ്. ആരാധനക്രമവത്സരത്തിന്‍റെ ആരംഭത്തില്‍ സ്നേഹവും വിശ്വസ്തതയുംകൊണ്ട് സാന്ദ്രമായ ജീവിതങ്ങളിലൂടെ നിത്യനും ദൈവപുത്രനുമായ ക്രിസ്തുവിനോട് നമുക്ക് വിശ്വസ്തരായി ജീവിക്കാന്‍ പരിശ്രമിക്കാം, എന്നും അനുദിനജീവിതത്തില്‍ അവിടുത്തെ പ്രഘോഷിക്കാം...
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.