2013-10-31 19:06:02

‘ഭൂമിയില്‍ സമാധാനം’
മാനവികതയുടെ ക്രൈസ്തവദര്‍ശനം


31 ഒക്ടോബര്‍ 2013, ജരൂസലേം
യുദ്ധമില്ലാത്ത അവസ്ഥയല്ല, മനുഷ്യാന്തസ്സു മാനിക്കപ്പെടുന്ന അവസ്ഥയാണ് സമാധാനമെന്ന്, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ റ്റേര്‍ക്സണ്‍ തന്‍റെ പ്രബന്ധത്തില്‍ പ്രസ്താവിച്ചു. Pacem in Terris, ‘ഭൂമിയില്‍ സമാധാനം’ എന്ന ചാക്രികലേഖനത്തിന്‍റെ ജൂബിലി ആഘോഷിച്ചുകൊണ്ട് ഒക്ടോബര്‍ 31-ാം തിയതി വ്യാഴാഴ്ച ജെരൂസലേമിലെ സലീഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. പുണ്യശ്ലോകനായ ജോണ്‍ 23-ാമന്‍ പാപ്പാ 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് പകര്‍ന്നു നല്കിയ മാനവികതയുടെ ക്രൈസ്തവ ദര്‍ശനമാണ് ‘ഭൂമിയില്‍ സമാധാനം’ എന്ന ചാക്രിക ലേഖനമെന്ന് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ ആമുഖമായി പ്രസ്താവിച്ചു.

‘അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, സന്മനസ്സുളളവര്‍ക്ക് ഭൂമിയില്‍ സമാധാനം’ എന്ന സുവിശേഷ സന്ദേശത്തെ (ലൂക്കാ 2, 14) ആധാരമാക്കിയാണ് ചാക്രികലേഖനത്തിന് ജോണ്‍ 23-ാമന്‍ പാപ്പാ രൂപംനല്കിയത്.
ദൈവം എല്ലാ മനുഷ്യരുമായി പങ്കുവയ്ക്കുന്ന ദാനമാണ് സമാധാനം, കാരണം സ്രാഷ്ടാവായ അവിടുന്ന് മനുഷ്യരെ എല്ലാവരെയും സ്നേഹിക്കുന്നു. എന്നാല്‍ ഈ ദൈവികദാനം യാഥാര്‍ത്ഥൃമാകുന്നത് അതു നല്ല മനസ്സോടെയും ദൈവത്തിന്‍റെ പദ്ധതിയിലും സ്വീകരിക്കുന്നവര്‍ക്കാണെന്ന് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ സമര്‍ത്ഥിച്ചു.

മനുഷ്യാന്തസ്സ് മാനിക്കുമ്പോള്‍ അതിന്‍റെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വ്യക്തമാകുന്നു. മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. നന്മയോ തിന്മയോ ജീവിതത്തില്‍ തിരഞ്ഞെടുക്കാം. എന്നാല്‍ നീതിയില്‍ അധിഷ്ഠിതമായുള്ള മനുഷ്യന്‍റെ നന്മയിലുള്ള സ്ഥായീഭാവമാണ് സാമാധനത്തിന്‍റെ സ്രോതസ്സെന്ന്, ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് സഭയുടെ മാനവികവീക്ഷണം തന്‍റെ പ്രബന്ധത്തില്‍ കാര്‍ദ്ദിനാള്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.