2013-10-30 17:12:37

വിവേചനം വിശപ്പിനു കാരണം :
ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


30 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വിശപ്പിനു കാരണം വിവേചനമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് അസ്സീസി ചുള്ളിക്കാട്ട് പ്രസ്താവിച്ചു. ഒക്ടോബര്‍ 29-ാം തിയതി ബുധനാഴ്ച ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തു ചേര്‍ന്ന ഭക്ഷൃസുക്ഷയെ സംബന്ധിച്ച പൊതുസമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ പ്രസ്താവിച്ചത്.

ദാരിദ്യം കാരണമാക്കുന്ന ഭക്ഷൃദൗര്‍ലഭ്യവും, വിശപ്പും നിര്‍മ്മര്‍ജ്ജനംചെയ്യണെങ്കില്‍, പാവങ്ങളും ദരിദ്രരുമായവരെ വിവേചിക്കുകയോ പാര്‍ശ്വവത്ക്കരിക്കുകയോ ചെയ്യാത്തൊരു സമൂഹത്തിനായി ലോകരാഷ്ട്രങ്ങള്‍ പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് അഭ്യര്‍ത്ഥിച്ചു.
ഭക്ഷൃ-കാര്‍ഷിക മേഖലയുടെ വികസനം സംബന്ധിച്ച യുഎന്നിന്‍റെ ഓരോ നിര്‍ദ്ദേശവും ലോകത്ത് ഇനിയും വിവേചിക്കപ്പെട്ടിട്ടുള്ള പാവങ്ങളായവരെ പരിഗണിക്കുന്നതായിരിക്കണമെന്ന്, പാപ്പാ ഫ്രാന്‍സിസ് ഫാവോയ്ക്കു നല്കിയ നിര്‍ദ്ദേശങ്ങളെ ഉദ്ധരിച്ചുകൊണ്ട്, പാവങ്ങളുടെ പക്ഷംചേരുന്ന സഭാനിലപാട് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് വ്യക്തമാക്കി.

അടിസ്ഥാന ആവശ്യമായ ഭക്ഷണം മനുഷ്യാവകാശമാണെന്ന കാഴ്ച്ചപ്പാടിലൂടെ മാത്രമേ, സകലരുടെയും അന്തസ്സു മാനിക്കപ്പെടുന്നതും, വിവേചനമില്ലാത്തതുമായൊരു ലോകത്തിനായി പരിശ്രമിക്കാന്‍ രാഷ്ട്രങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് ചൂണ്ടിക്കാട്ടി.
ശാസ്ത്ര സാങ്കേതികതയുടെ വസന്തകാലത്ത് ഭക്ഷണംപോലുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ദൗര്‍ലഭ്യത്താല്‍ ഇനിയും ജനലക്ഷങ്ങള്‍ നാടും വീടും വിട്ടിറങ്ങുന്ന അവസ്ഥ ദയനീയവും മനുഷ്യമനസ്സാക്ഷിയെ വേദനിപ്പിക്കുന്നതുമാണ്. ആഗോളവത്ക്കരണ പ്രകൃയയിലൂടെ പരസ്പരം കൂടുതല്‍ അറിയാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ലോകത്ത് വ്യക്തിമഹാത്മ്യവാദത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ജീവിതശൈലി വളര്‍ന്ന് സഹോദരങ്ങളോട്, വിശിഷ്യാ പാവങ്ങളോയവരോടുള്ള നിസംഗഭാവമാണ് വര്‍ദ്ധിച്ചുവരുന്നത്. സ്വാര്‍ത്ഥത വെടിഞ്ഞ് പങ്കുവയ്ക്കലിന്‍റെയും പാരസ്പര്യത്തിന്‍റെയും ചുറ്റുപാട് എവിടെയും വളര്‍ത്താന്‍ രാഷ്ട്രപ്രതിനിധകളോട്, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.