2013-10-30 16:53:18

മനുഷ്യക്കച്ചവടം നവയുഗത്തിന്‍റെ
അടിമത്തം : പാപ്പാ ഫ്രാന്‍സിസ്


30 ഒക്ടോബര്‍ 2013, വത്തിക്കാന്‍
കുടിയേറ്റത്തിന്‍റെയും നിര്‍ബന്ധിത തൊഴില്‍ സംവിധാനങ്ങളുടെയും ഇന്നിന്‍റെ പ്രതിഭാസങ്ങളുടെ മറയില്‍ നടക്കുന്ന മനുഷ്യക്കച്ചവടത്തെയാണ് പാപ്പാ നവയുഗത്തിന്‍റെ അടിമത്വമെന്നു വിശേഷിപ്പിച്ചത്. മനുഷ്യാന്തസ്സിനെയും മനുഷ്യാവകാശത്തെയും ഹനിക്കുന്നതും ക്രമാതീതമായി ലോകത്ത് വളര്‍ന്നുവരുന്നതുമായ ഈ സാമൂഹ്യ തിന്മയെക്കുറിച്ച് സൂക്ഷ്മമായി പാഠിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിക്കു നല്കിയ അഭ്യര്‍ത്ഥനയിലാണ് മനുഷ്യക്കച്ചവടത്തെ ‘സാമൂഹ്യദുരന്തവും നവമായ അടിമത്വവു’മെന്ന് പാപ്പാ കുറ്റപ്പെടുത്തി. പാപ്പായുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയും, ക്യാത്തലിക് മെഡിക്കല്‍ അസ്സോസിയേഷന്‍റെ സംയുക്ത സമിതിയുടെയും, ആഭിമുഖ്യത്തില്‍ നവംമ്പര്‍ 2, 3 തിയതികളില്‍ റോമില്‍ പഠനശിബരം നടത്തപ്പെടും.

യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ റിപ്പോര്‍ട്ടുപ്രകാരം ആഗോളതലത്തില്‍ നിര്‍ബന്ധിത തൊഴിലിന് അടിമകളാകുന്നര്‍ 2010-ലെ കണക്കുപ്രകാരം രണ്ടു കോടിയോളമാണ്. അതില്‍ ലൈംഗിക ചുഷണത്തിന് പ്രതിവര്‍ഷം ശരാശരി 20, 000-ത്തോളം സ്ത്രീകളും കുട്ടികളും കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് സമ്മേളനത്തിനൊരുക്കമായി പുറത്തിറക്കിയ പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസ്താവന വെളിപ്പെടുത്തി.

കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം എന്നിങ്ങനെ ശരീരാവയവങ്ങളുടെ കച്ചവടത്തിനായി നിര്‍ദ്ദോഷികളും നിരാലംബരും നിഷ്ക്കളങ്കരുമായ ധാരാളം പേര്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവയുടെ കള്ളക്കടത്തിനെയും മറികടക്കുന്നതും ഭീതിദവുമായ വിധത്തിലാണ് കഴിഞ്ഞ പത്തുവര്‍ഷമായിട്ട് ആഗോളതലത്തില്‍ മനുഷ്യക്കടത്ത് വളര്‍ന്നുവരുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.
സോവിയറ്റ് റിപ്പബ്ലിക്ക്, ഏഷ്യാ, ലാറ്റിനമേരിക്ക എന്നീ പ്രദേശങ്ങളിലാണ് ലൈംഗിക ചൂഷണത്തിനുള്ള മനുഷ്യക്കച്ചവടം ധാരാളമായി കണ്ടുവരുന്നത്. നീചമായ ഈ കുറ്റകൃത്യം വെളിപ്പെടുത്തുന്ന മാനുഷികവും ധാര്‍മ്മകവുമായ മ്ലേച്ഛതയും ദുഷ്പ്പേരും മൂലം, ഈ മേഖലയില്‍ പ്രവര്‍ത്തിക്കേണ്ട വിവിധ അന്തര്‍ദേശീയ പ്രസ്ഥാനങ്ങള്‍ അനിവാര്യമായിരിക്കുന്ന പ്രതിബദ്ധതയുടെ സേവനത്തില്‍നിന്നും ഒഴിഞ്ഞുമാറുന്നുണ്ടെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

പാവങ്ങളും പരിത്യക്തരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും, പീഡിതരും ചൂഷിതരും രോഗികളുമായവര്‍ ക്രിസ്തുവിന്‍റെ മുറിപ്പെട്ട ശരീരംതന്നെയാണ്, എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സൂക്തം പ്രചോദനമായി സ്വീകരിച്ചുകൊണ്ടാണ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമി ഈ മേഖലയിലുള്ള സേവനത്തിനും, ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും, സാങ്കേതിക പഠനങ്ങള്‍ക്കുമായി ഇറങ്ങി പുറപ്പെടുന്നതെന്ന്, ചാന്‍സലര്‍, ബിഷപ്പ് മര്‍സേല്ലോ സാഞ്ചെസ്സ് പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.