2013-10-30 16:20:09

ഐക്യമുള്ള ക്രൈസ്തവസാക്ഷൃം
അനിവാര്യമെന്ന് പാപ്പാ


30 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഒക്ടോബര്‍ 30-ാം തിയതി ബുധനാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനില്‍ ആരംഭിച്ച ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ‘നീതിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുന്ന ജീവന്‍റെ ദൈവം,’ എന്ന പ്രതിപാദ്യവിഷയവുമായി ബുധനാഴ്ച ആരംഭിച്ച സമ്മേളനം നവംബര്‍ 8-ാം തിയതിവരെ നീണ്ടുനല്ക്കും. ദൈവികദാനമായ ജീവനെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നിടത്തെല്ലാം നീതിയും സമാധാനവും നിലനില്കുമെന്നും, അത് ദൈവരാജ്യത്തിന്‍റെ അനുഭവമായിരിക്കുമെന്നും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നതും വ്യക്തികളും സമൂഹങ്ങളും സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്നതുമായ സാമൂഹ്യാന്തരീക്ഷം, കുടുബങ്ങള്‍ സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമാണെന്ന കാഴ്ചപ്പാട്, യുവജനങ്ങളുടെ സമഗ്രവും ധാര്‍മ്മികതയുമുള്ള രൂപീകരണം, നിരുപാധികമായി മതസ്വാതന്ത്ര്യത്തിന്‍റെ കെട്ടുറപ്പ് എന്നിവ മാനിക്കുന്ന സാമൂഹത്തിന്‍റെ ഭാവുകത്വ പരിസരത്തിനായി ആഗോള ക്രൈസ്തവകൂട്ടായ്മ അക്ഷീണം പരിശ്രമിക്കണമെന്ന് പാപ്പാ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

യഥാര്‍ത്ഥമായ മാനസാന്തരം, ജീവിതവിശുദ്ധി, പ്രാര്‍ത്ഥന എന്നിവ ക്രൈസ്തൈക്യ പ്രസ്ഥാനത്തിന്‍റെ മുഖമുദ്രയും അന്തസത്തയും ആയിരിക്കട്ടെയെന്നും, ക്രിസ്തുവില്‍ സഭകള്‍ ഐക്യപ്പെടുന്ന ശ്രേഷ്ഠമായ ദര്‍ശനത്തിന് ഓജസ്സേകാന്‍ സഭകളുടെ ആഗോളകൂട്ടായ്മയുടെ 10-ാം പൊതുസമ്മേളനത്തിനു സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും, സഭാപ്രതിനിധികള്‍ക്ക് അപ്പസ്തോലിക ആശിര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
+ ക്രൈസ്തവ സഭകളുടെ ആഗോള കൂട്ടായ്മയില്‍, wcc-യില്‍ കത്തോലിക്കാസഭയ്ക്ക് ഓദ്യോഗികമായി അംഗത്വമില്ലെങ്കിലും ബുസാന്‍ സമ്മേളനത്തില്‍ വത്തിക്കാന്‍റെ 20 അംഗപ്രതിനിധി സംഘം നിരീക്ഷകരായി പങ്കെടുക്കുന്നുണ്ട്.
Reported : nellikal, sedoc








All the contents on this site are copyrighted ©.