2013-10-29 16:51:40

സൂചിയുടെ സമാധാന ശ്രമങ്ങള്‍ക്ക് മാര്‍പാപ്പയുടെ പ്രോത്സാഹനം


29 ഒക്ടോബര്‍ 2013, വത്തിക്കാന്‍
മ്യാന്‍മറിലെ പ്രതിപക്ഷ നേതാവ് ആങ് സാങ് സുചിയുടെ സമാധാനശ്രമങ്ങള്‍ക്കും ജനാധിപത്യ സ്ഥാപന ലക്ഷൃത്തിനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോത്സാഹനം. ഒക്ടോബര്‍ 28നാണ് സുചി പാപ്പായെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയത്. തിങ്കളാഴ്ച രാവിലെ അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍ വച്ച് മ്യാന്‍മറിലെ സമാധാന നായിക ആങ് സാങ് സുചിയുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി.
ഇരുവരും തമ്മിലുള്ള ആശയ ഐക്യവും സഹകരണ സന്നദ്ധതയും കൂടിക്കാഴ്ച്ചയില്‍ പ്രകടമായിരുന്നുവെന്ന്, വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി കൂടിക്കാഴ്ച്ചയ്ക്കു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. മാര്‍പാപ്പയ്ക്ക് പ്രിയങ്കരമായ ‘കൂടിക്കാഴ്ച്ചയുടെ സംസ്ക്കാരം’ (culture of encounter) ‘മതാന്തര സംവാദം’ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. ഏഷ്യയോട് പാപ്പായ്ക്കുള്ള സവിശേഷ സ്നേഹവും ഏഷ്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും സംഭാഷണമധ്യേ പാപ്പ പരാമര്‍ശിച്ചുവെന്ന് ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.
വിദ്വേഷവും ഭയവും ജീവനേയും മാനുഷിക മൂല്യങ്ങളേയും തരംതാഴ്ത്തിക്കളയുമെന്നും, സ്നേഹത്തിനും പരസ്പര ധാരണയ്ക്കുമാണ് നാം മുന്‍തൂക്കം നല്‍കേണ്ടതെന്നും മാര്‍പാപ്പ തന്നോടു പറഞ്ഞുവെന്ന് ആങ് സാന്‍ സുചി റോമില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റ, പ്രസിഡന്‍റ് ജ്യോര്‍ജിയോ നാപോളിത്താനോ എന്നിവരുമായും മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് ആങ് സാങ് സുചി കൂടിക്കാഴ്ച നടത്തി. റോമാ നഗരം ഓണററി പൗരത്വം നല്‍കി സുചിയെ ആദരിച്ചു. ഓണററി പൗരത്വം 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും രണ്ടു പതിറ്റാണ്ടോളം വീട്ടു തടങ്കലിലായിരുന്നതിനാല്‍ സുചിയ്ക്ക് അത് ഏറ്റുവാങ്ങാന്‍ കഴിഞ്ഞിരുന്നില്ല.








All the contents on this site are copyrighted ©.