2013-10-29 09:50:54

മോശ ഇസ്രായേല്‍ ജനത്തിന്‍റെ
മദ്ധ്യസ്ഥനും നായകനും (61)


RealAudioMP3 പുറപ്പാടു സംഭവത്തിലെ നെടുംനായകാനാണ് മോസസ്. ദൈവവും തന്‍റെ ജനുവമായുള്ള ബന്ധത്തില്‍ ശക്തനായൊരു മദ്ധ്യസ്ഥനായിട്ടാണ് പുറപ്പാട് മോശയെ ചിത്രീകരിക്കുന്നത്. ജനത്തെ നയിക്കുക മാത്രമല്ല, അവരുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അവര്‍ക്കുവേണ്ടി ദൈവത്തോട് മാപ്പിരക്കുന്ന മനുഷ്യന്‍. ഇസ്രായേലിന്‍റെ ദുശ്ശാഠ്യവും ബലഹീനതയും വിസ്മരിക്കണമെന്ന് മോശ ദൈവത്തോടു പലപ്പോഴും യാചിക്കുന്നത് മോശയാണ്. ദൈവം ജനത്തോടു കാണിക്കുന്ന ക്ഷമ അവിടുത്തെ മഹത്വത്തിന്‍റെ പ്രകാശമായിരിക്കുമെന്നും എന്ന് ബോധ്യത്തോടെ ദൈവസന്നിധിയില്‍ മോശ പ്രസ്താവിക്കുന്നുണ്ട്. പൂര്‍വ്വികരോടു ചെയ്ത വാഗ്ദാനമനുസരിച്ച് ദൈവം ഇസ്രായേലിനോടു ക്ഷമിക്കുന്നതും കാരുണ്യംകാട്ടുന്നതും തുടര്‍ന്നും പഠിക്കാം.

ഒരിക്കല്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവിനോടു മോശ ഇങ്ങനെ പറഞ്ഞു. “ദൈവമേ, ഈ ജനത്തെ നയിക്കുവാന്‍ ആയോഗ്യനായ എന്നോടാണ് അങ്ങ് ആജ്ഞാപിക്കുന്നത്. എന്നാല്‍, ആരാണ് എന്നെ സഹായിക്കാനുള്ളത്? അങ്ങ് എന്നെ അറിയുന്നു. അങ്ങെന്നില്‍ സംപ്രീതനായിരിക്കുന്നു. അങ്ങനെയെങ്കില്‍ അങ്ങേ വഴികള്‍ എനിക്കു കാണിച്ചുതരണമേ. അങ്ങനെ, ഞാന്‍ അങ്ങയെ പ്രീതിപ്പെടുത്തുകയും മഹത്വീകരിക്കുകയും ചെയ്യട്ടെ. ഈ ജനത അങ്ങുടെ സ്വന്തം ജനമാണെന്ന് അങ്ങ് അനുസ്മരിച്ചാലും.”
കര്‍ത്താവു പറഞ്ഞു. “മോസസ്, ഭയപ്പെടേണ്ട. ഞാന്‍ നിന്‍റെ കൂടെയുണ്ട്! ഞാന്‍ നിന്നെ നയിക്കും, നി‍ന്‍റെ ജനത്തെ സമാശ്വസിപ്പിക്കും!!”
മോശ പറഞ്ഞു. “ദൈവമേ, അങ്ങു ഞങ്ങളുടെകൂടെ ഉണ്ടായിരിക്കണം. അങ്ങു വരുന്നില്ലെങ്കില്‍, ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയക്കരുത്. അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ് എന്നിലും ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ അറിയും? അങ്ങു ഞങ്ങളോടൊത്തു യാത്രചെയ്യുമെങ്കില്‍, ഞാനും അങ്ങുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു വ്യത്യസ്തരായിരിക്കും, ഞങ്ങള്‍ നന്മയില്‍ ജീവിക്കും.”
17 കര്‍ത്താവു മോശയോടു പറഞ്ഞു. “നീ ആവശ്യപ്പെട്ട ഇക്കാര്യം ഞാന്‍ നിവര്‍ത്തിക്കും.
എന്തെന്നാല്‍, നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. ഞാന്‍ നിന്നെ അറിയുന്നു.”

മോശ വീണ്ടും കര്‍ത്താവിനോടു യാചിച്ചു. “അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു
ഞാന്‍ അപേക്ഷിക്കുന്നു.” അപ്പോള്‍ ദൈവം അരുളിച്ചെയ്തു. “എന്‍റെ മഹത്വം നിന്‍റെ മുന്‍പിലൂടെ കടന്നുപോകും. ‘കര്‍ത്താവ്’ എന്ന നാമം നിന്‍റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും.
എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവരോടു ഞാന്‍ കരുണകാണിക്കും.”
“മോസസ്, നീ എന്‍റെ മുഖം ഇനി കാണുകയില്ല. എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടിരിക്കില്ല. ഇതാ എന്‍റെ അടുത്തുള്ള ഈ പാറമേല്‍ നീ നില്‍ക്കുക. എന്‍റെ മഹത്വം ആ വഴി കടന്നുപോകുമ്പോള്‍ പാറയുടെ മറയില്‍ നീ നിലയുറപ്പിക്കുക. കടന്നുപോകുമ്പോള്‍ എന്‍റെ കൈകൊണ്ടു നിന്നെ ഞാന്‍ മറയ്ക്കും. അതിനുശേഷം ഞാന്‍ കൈ മാറ്റുമ്പോള്‍ നിനക്ക് എന്‍റെ പിന്‍ഭാഗം കാണാനാകും. എന്നാല്‍ എന്‍റെ മുഖം നീ ഇനി ഒരിക്കലും കാണുകയില്ല.”

34 കര്‍ത്താവു മോശയോട് വീണ്ടും അരുളിച്ചെയ്തു. “ആദ്യത്തേതുപോലുള്ള രണ്ടു കല്‍പ്പലകങ്ങള്‍ ഒരുക്കുക. ജനത്തിന്‍റെ ധിക്കാരംമൂലം നീ ഉടച്ചുകളഞ്ഞ ഫലകങ്ങളിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അതില്‍ വീണ്ടും എഴുതാം. ഫലകങ്ങള്‍ തയ്യാറായി പ്രഭാതത്തില്‍ത്തന്നെ സീനായില്‍ എന്‍റെ സന്നിധിയില്‍ വരുക. ആരും നിന്നോടൊന്നിച്ചു മല കയറരുത്. മലിയില്‍ ഒരിടത്തും ആരും ഉണ്ടായിരിക്കയുമരുത്.
ആ ഭാഗത്ത് ആടുകളോ മാടുകളോ അവര്‍ മേയ്ക്കരുത്.” വീണ്ടും രണ്ടു കല്‍ഫലകങ്ങള്‍ മോശ തയ്യാറാക്കി. കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അതിരാവിലെ എഴുന്നേറ്റ് ഫലകങ്ങളുമായി സീനായ് മലയിലേയ്ക്കു പുറപ്പെട്ടു.

34, 3 കര്‍ത്താവു മേഘത്തില്‍ ഇറങ്ങിവന്ന് മോശയുടെ ചാരത്ത് നില്‍ക്കുകയും ‘കര്‍ത്താവ്’
എന്ന നാമം പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് അവിന്‍റെ മുന്‍പിലൂടെ കടന്നുപോയി.
“കര്‍ത്താവ്, കാരുണ്യവാനും കൃപാലുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തയിലും അത്യുദാരന്‍, തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍. എന്നാല്‍ അധര്‍മ്മികളുടെനേരെ കണ്ണടയ്ക്കാതെ അവരെ ചിതറിക്കുന്നവന്‍.”
മോശ ഉടനെ നിലംപറ്റെ അവിടുത്തെ കുമ്പിട്ടാരാധിച്ചു. എന്നിട്ടു പറഞ്ഞു.

“അങ്ങ് എന്നില്‍ സംപ്രീതനെങ്കിലും, കര്‍ത്താവേ, അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു.
ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ, ഞങ്ങളുടെ കുറ്റങ്ങളും
പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തം ജനമായി സ്വീകരിക്കുകയും ചെയ്യണമേ.”

കര്‍ത്താവ് അരുള്‍ച്ചെയ്തു. “ഇതാ, ഞാന്‍ ഉടമ്പടിചെയ്യുന്നു. ലോകത്തൊരിടത്തും ഒരു ജനതയുടെ ഇടയിലും നടന്നിട്ടില്ലാത്ത തരം അത്ഭുതങ്ങള്‍ ഈ ജനത്തിന്‍റെ മുന്‍പില്‍ ഞാന്‍ പ്രവര്‍ത്തിക്കും.
നിന്‍റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിന്‍റെ മഹത്വം കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍പോകുന്നത് മഹത്തായൊരു കാര്യമാണ്. ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്നതു നീ അനുസരിക്കണം. നിന്‍റെ മുന്‍പില്‍നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ നാടുകടത്തും. നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പിടയിലും ഏര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് കെണിയായിരിത്തീരും.
നിങ്ങള്‍ മറ്റൊരു ദൈവത്തെയും ആരാധിക്കരുത്.”

“ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. അങ്ങനെ ചെയ്താല്‍, അവരുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളെയും അവര്‍ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഇടവരുകയും ചെയ്തേക്കാം. അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തെന്നും വരാം. നിങ്ങള്‍ക്കായി ഒരിക്കലും ദേവന്മാരെ വാര്‍ത്തുണ്ടാക്കയുമരുത്.”

“പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അബീബുമാസത്തിലെ ഏഴു നിശ്ചിത ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം നിങ്ങള്‍ ഭക്ഷിക്കണം. കാരണം, ആ മാസത്തിലാണ് നിങ്ങള്‍ ഈജ്പിതില്‍നിന്നും പുറപ്പെട്ടത്. നിങ്ങളുടെ ആദ്യജാതരെല്ലാം എനിക്കുള്ളതാണ്. ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്‍റേതാണ്. നിങ്ങളുടെ പുത്രനമാരില്‍ എല്ലാ ആദ്യജാതരെയും വീണ്ടെടുക്കണം. വെറും കൈയോടെ ആരും എന്‍റെ സന്നിധിയില്‍ നില്ക്കരുത്. ആറുദിവസം നിങ്ങള്‍ ജോലിചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ട് നിങ്ങള്‍ വാരോത്സവം ആഘോഷിക്കണം, വര്‍ഷാവസാനം സംഭരണത്തിരുന്നാളും കൊണ്ടാടണം. വര്‍ഷത്തില്‍ മൂന്നുതവണ നിങ്ങളുടെ പുരുഷന്മാരെല്ലാവരും ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുന്‍പില്‍ ആരാധനയ്ക്കായ് ഹാജരാവട്ടെ.”

കര്‍ത്താവു മോശയോട് വീണ്ടും ഇങ്ങനെ ആജ്ഞാപിച്ചു. “ആറു ദിവസം നിങ്ങള്‍ ജോലിചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും നിങ്ങള്‍ സാബത്ത് കര്‍ത്താവിന്‍റെ ദിനമായ് ആചരിക്കണം....”
“ഈ വചനങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുക. നിന്നോടും ഇസ്രായേല്‍ ജനത്തോടും ഞാന്‍ ചെയ്ത ഉടമ്പടിയുടെ വ്യവസ്തകളാണിവ.” മോശ നാല്‍പ്പതു രാവും പകലും കര്‍ത്താവിനോടുകൂടെ മലയില്‍ ചെലവഴിച്ചു.

പുറപ്പാടിന്‍റെ പുസ്തകം ബഹുതലവും ബഹുശാഖവുമാണെന്ന് വ്യക്തമാക്കുന്ന ഭാഗമാണ് 34, 35 അദ്ധ്യായങ്ങള്‍. വിവരണങ്ങളുടെ ആവര്‍ത്തനവും ഇടചേരലും ഇവിടെ സുവ്യക്തമാണ്. വ്യത്യസ്ത പാരമ്പര്യങ്ങളിലും കാലഘട്ടത്തിലും പുറപ്പാടിന്‍റെ കഥ രചിക്കപ്പെട്ടതുതന്നെയാണ് ഇതിനു കാരണമെന്ന് നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നു. ഗ്രന്ഥത്തിന്‍റെ രചനയുടെ അടിസ്ഥാനരൂപം ക്രിസ്തുവിന് ഏകദേശം 600-ഉം 800-ഉം വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നു നിജപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇക്കാലയളവില്‍ വിവിധ സമകാലീന പാരമ്പര്യങ്ങളും പുരാണങ്ങളും രചനയെ സ്വാധീനിച്ചിട്ടുമുണ്ട്. പുറപ്പാടു സംഭവങ്ങളുടെ പരാമര്‍ശനം സമാന്തരമായും ആലങ്കാരികമായും ഇനിയും രക്ഷാകരചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നത് ഇനിയും മനസ്സിലാക്കാവുന്നതാണ്. തുടരും.
Prepared : nellikal, Vatican Radio
RealAudioMP3







All the contents on this site are copyrighted ©.