2013-10-26 12:02:00

പ്രാര്‍ത്ഥന : കൃപയുടെ മനോഹാരിതയും
ബലഹീനതയുടെ താഴ്മയും


RealAudioMP3

വി. ലൂക്കാ 18: 9-14 ആണ്ടുവട്ടം 30-ാം ഞായര്‍
തങ്ങള്‍ നീതിമാനമാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യന്നവരോട് ക്രിസ്തു ഈ ഉപമ പറഞ്ഞു. രണ്ടു പേര്‍ പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തിലേയ്ക്കു പോയി. ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. ഫരിസേയന്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍തഥിച്ചു. ദൈവമേ, ഞാന്‍ നിനക്കു നന്ദിപറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ, ഈ നില്ക്കുന്ന ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്‍റെയും ദശാംശം കൊടുക്കുന്നു.
ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തിടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ത്ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു,
ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേയ്ക്കു മടങ്ങി. എന്തെന്തനാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.

സുഫി ഗുരുവിനെക്കുറിച്ചൊരു കഥ പറയട്ടെ. കൊച്ചുകൊച്ചു സാധനങ്ങള്‍ വിറ്റാണ് ഗുരു ജീവിച്ചിരുന്നത്. എന്നാല്‍ പലപ്പോഴും പാവം മനുഷ്യനെ ആളുകള്‍ കബളിപ്പിക്കുമായിരുന്നു. സാധനങ്ങള്‍ വാങ്ങിയിട്ട് കള്ളനോട്ടു കൊടുക്കുന്നവര്‍ ധാരാളമുണ്ടായിരുന്നു. ഗുരു അതു മനസ്സിലാക്കിയിട്ടും പ്രതികരിച്ചില്ല. അദ്ദേഹത്തിന് നല്ല പ്രായമുണ്ടായിരുന്നു. ഒരു ദിവസം ഗ്രാമവിഥിയിലെ വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കവെ, സുഫി ഗുരു ശാന്തനായി മരണമടഞ്ഞു.
മരണാന്തരം അദ്ദേഹം പരലോകത്തേയ്ക്ക് ആനയിക്കപ്പെട്ടു. സ്വര്‍ഗ്ഗ ലോകത്തിന്‍റെ കവാടത്തില്‍ അതാ, ദേവദൂതന്‍ നലിക്കുന്നു. ഗുരുവപ്പോള്‍ ദൂതനോട് ഏറ്റുപറഞ്ഞു. “ക്ഷമിക്കണം. ഒത്തിരി ഇടറിപ്പോയിട്ടുണ്ട്.
അറിഞ്ഞും അറിയാതെയും ഒത്തിരി തെറ്റുകള്‍ ചെയ്തുപോയി. പക്ഷേ, ഒന്നെനിക്കറിയാം. കള്ളനോട്ടുകള്‍ തന്നവരെ ഞാന്‍ ദ്വേഷിച്ചിട്ടില്ല, വിധിച്ചിട്ടില്ല. അതു മാത്രമായിരുന്നിരിക്കണം നീണ്ട ജീവിതത്തിലെ ഏകസുകൃതം.” ദേവദൂതന്‍ പറഞ്ഞു, “ജീവിതത്തിലാരെയും വിധിക്കാത്ത ഒരാളെ വിധിക്കുവാന്‍ ഞങ്ങളാരാണ്. തേജസ്സിന്‍റെ കൂടാരങ്ങളിലേയ്ക്ക് വന്നാലും.”

ഇന്നത്തെ സുവിശേഷ ഭാഗത്തിലേയ്ക്ക് ശ്രദ്ധപതിക്കുമ്പോള്‍, ക്രിസ്തു പറഞ്ഞ ഉപമയാണത്. എല്ലാ സല്‍ക്കര്‍മ്മങ്ങളും താന്‍ ചെയ്തിട്ടുണ്ട്.
എന്നിട്ട് മറ്റുള്ളവരെ നീതിരഹിതരും, ആക്രമികളും പാപികളുമെന്ന് വിധിച്ച ഫരിസേയന്‍റെ ചിത്രമാണ് ആദ്യം. ആരെയും വിധിക്കാതെ, കണ്ണുകള്‍ ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്താന്‍പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചു കരഞ്ഞ ചുങ്കക്കാരന്‍റെ രൂപം രണ്ടാമതുമാണ് - ക്രിസ്തു ഉപയില്‍ വരച്ചുകാട്ടുന്നത്. ചുങ്കക്കാരന്‍റെ എളിമയുള്ള പ്രാര്‍ത്ഥന ക്രിസ്തു നമുക്ക് മാതൃകയായി നല്കുന്നു. സ്ഥിരതയോടെ, എന്നാല്‍ എളിമയോടെ പ്രാര്‍ത്ഥിക്കണമെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു.

നീതിമാന്മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍തന്നെ ആശ്രയിക്കുകയും മറ്റുള്ളരെ പുച്ഛിക്കുകയും ചെയ്യുന്നവരോട്, ക്രിസ്തു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. 18, 9 “തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും..” 18, 14. എന്നാണ്. ഫരീസേയ മനോഭാവം നമ്മിലും കടന്നുകൂടാം. നമ്മുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് നാം അന്ധരാണ്. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ നടക്കുകയാണ് നാം. ശ്രദ്ധച്ചില്ലെങ്കില്‍ മതവിശ്വാസം ഉപരിപ്ലവമായ ആദ്ധ്യാത്മികത മാത്രമായിത്തീരാന്‍ സാദ്ധ്യതയുണ്ട്.

ഫരിസേയനും ചുങ്കക്കാരനും ദേവാലയത്തില്‍നിന്ന രീതിയും, അവരുടെ പ്രാര്‍ത്ഥനയുടെ ശൈലിയും ഉള്ളടക്കവും കഥയില്‍ ക്രിസ്തു സൂക്ഷ്മമായി പറയുന്നുണ്ട്. ഫരിസേയന്‍ ‘നിന്നുകൊണ്ട് പ്രാര്‍ത്ഥിച്ചു’. ചുങ്കക്കാരന്‍ ദൂരെനിന്നുകൊണ്ട്, കണ്ണുകള്‍ ഉയര്‍ത്താന്‍പോലും ധൈര്യപ്പെടാതെ, ‘മാറത്തടിച്ച് പ്രാര്‍ത്ഥിച്ചു’. അപ്പോള്‍ ഫരിസേയന്‍ കണ്ണുകളുയര്‍ത്തിയാണ് പ്രാര്‍ത്ഥിച്ചത് എന്നു നമുക്ക് അനുമാനിക്കാം.
സമൂഹത്തിലെ മറ്റു വ്യക്തികളില്‍നിന്നും താന്‍ ഉയര്‍ന്നവനാണ് എന്ന ചിന്തയിലാണ് നിന്നുകൊണ്ടും കണ്ണുകളുയര്‍ത്തിയും പ്രാര്‍ത്ഥിക്കാന്‍ ഫരിസേയനെ പ്രേരിപ്പിച്ചത്. ഞാന്‍ മറ്റുള്ളവരേക്കാള്‍ നല്ലവനാണ് എന്ന ചിന്ത അപകടകരമാണ്. അതേസമയം, എന്നെ ഒന്നിനും കൊള്ളില്ല, എന്ന ആത്മനിന്ദയും നല്ലതല്ല. അധികാരികളുടെ മുമ്പില്‍ കപടമായ എളിമ കാണിക്കുന്നതും ദൈവരാജ്യത്തിന്‍റെ ശൈലിയല്ല.

കൃതഞ്തയുടെ പ്രാര്‍ത്ഥനയാണ് ഫരിസേയന്‍റേത്. എന്നാല്‍ അയാള്‍ സ്വയം പുകഴ്ത്തിയാണ് പ്രാര്‍ത്ഥിക്കുന്നത്. നീതിരഹിതരും പാപികളുമായ മറ്റു മനുഷ്യരെപ്പോലെയല്ല താന്‍, എന്ന പ്രശംസയോടെയാണ് ആയാള്‍ ദൈവത്തിനു നന്ദിപറയുന്നത്. മറ്റുള്ളവരെ പുച്ഛിക്കുന്ന മനോഭാവമാണിവിടെ കാണുന്നത്. ഞാന്‍ കള്ളനും തെമ്മാടിയുമൊന്നുമല്ലെന്നു പറയുമ്പോള്‍, മറ്റുള്ളവര്‍ അങ്ങനെയാണ് എന്ന ധ്വനി അതിലുണ്ട്. സ്വന്തം പുണ്യത്തിന്‍റെ കുഴിയിലാണ് ആയാള്‍ വീണുകിടക്കുന്നത്. തന്‍റെ പുണ്യം മാത്രം തിരിച്ചറിയുന്നവന്‍.

ദൂരെനില്ക്കുന്ന ചുങ്കക്കാരന്‍ തന്‍റെ അയോഗ്യത തിരിച്ചറിഞ്ഞവനാണ്. തലതാഴ്ത്തി പ്രാര്‍ത്ഥിക്കുന്നത് സാധാരണമല്ല. കണ്ണുകളുയര്‍ത്തിയാണ് യഹൂദാചാരപ്രകാരം പ്രാര്‍ത്ഥിക്കേണ്ടത്. എന്നാല്‍, അതിനുള്ള യോഗ്യത തനിക്കില്ലെന്ന് അയാള്‍ മനസ്സിലാക്കുന്നു. ദൈവത്തിന്‍റെ സിംഹാസനത്തോടു ചേര്‍ന്നു നില്ക്കാനും ധൈര്യപ്പെടാതെ ദൂരെയാണ് അയാള്‍ നില്ക്കുന്നത്.
മാറത്തടിക്കുന്നത് പാശ്ചാത്താപത്തിന്‍റെയും ദുഃഖത്തിന്‍റെയും അടയാളമാണ്. ക്രിസ്തുവിന്‍റെ കുരിശിനുതാഴെ നിന്നിരുന്നവര്‍ മാറത്തടിച്ചുകൊണ്ടാണ് തിരിച്ചുപോയതെന്ന് ലൂക്കാ സുവിശേഷകന്‍ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ലൂക്കാ 23, 48).
ഫരീസേയന്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ല. തന്നെ രക്ഷിക്കാന്‍ ഭക്തിമാത്രം മതി എന്നു കരുതിയിരിക്കണം. ചുങ്കക്കാരന്‍ ദൈവത്തിന്‍റെ മുമ്പില്‍ അഹങ്കരിച്ചില്ല. എല്ലാം ദൈവം തന്നതാണ് എന്നയാള്‍ കരുതി.
“കര്‍ത്താവേ, ഞാന്‍ പാപിയാണ്. എന്നില്‍നിന്ന് അകന്നു പോകണമേ,” എന്ന് പത്രോസ് പറഞ്ഞപ്പോള്‍ (5, 10) ക്രിസ്തു പറഞ്ഞു, “അറിയാം, എനിക്കറിയാം, എന്നാല്‍, നീ എന്നെ അനുഗമിക്കുക.” നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേയ്ക്കു വിളിക്കാനല്ലേ, അവിടുന്ന് വന്നത് (ലൂക്കാ 5, 32).
സഭ കണ്ട ഏറ്റവും വലിയ വിശുദ്ധന്മാരില്‍ ഒരാളായ പൗലോസ് അപ്പസ്തോലന്‍റെ ചിന്തകള്‍ ശ്രദ്ധേയമാണ്. (റോമ. 7, 12-23). “ഞാന്‍ പാപത്തിനു അടിമയായി വില്ക്കപ്പെട്ട ജഡികനാണ്. ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കുതന്നെ മനസ്സിലാകുന്നില്ല, ഞാന്‍ ഇച്ഛിക്കുന്ന നന്മയല്ല ഞാന്‍ ചെയ്യുന്നത്, ഞാന്‍ ഇച്ഛിക്കാത്ത തിന്മയാണ് ചെയ്യുന്നത്. ഞാന്‍ ദുര്‍ഭഗനായ മനഷ്യനാണ്.” ആത്മീയ വീരപുരുഷന്മാര്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും സ്വയം അംഗീകരിക്കാനും സാധിക്കൂ.

തന്‍റെ പ്രേഷിതപ്രവൃത്തിയുടെ ആധികാരികതയും നിയമസാധുകത്വവും എവിടെയും സമര്‍ത്ഥിക്കുന്ന പൗലോസ് അപ്പസ്തോലന്‍, ക്രിസ്തുവുമായുള്ള തന്‍റെ ആഴമായ ബന്ധവും പ്രാര്‍ത്ഥനയിലുള്ള അടുപ്പവും എപ്പോഴും വിവരിക്കുകയും, അത് നല്ക്കുന്ന ആത്മീയ നിര്‍വൃതിയും ദര്‍ശനങ്ങളും വെളിപാടുകളും തന്‍റെ ലേഖനങ്ങളില്‍ ബോധ്യത്തോടെ ഏറ്റുപറയുകയും ചെയ്യുന്നുണ്ട്. (2 കൊറി. 12, 1). എന്നാല്‍ തന്‍റെ കഴിവുകളില്‍ അഹങ്കരിക്കാതിരിക്കാനും, എളിമയില്‍ അവിടുത്തെ സമീപിക്കാനും, തനിക്ക് കര്‍ത്താവ് അയച്ച പരീക്ഷണത്തെക്കുറിച്ചും പൗലോസ് അപ്പസ്തോലന്‍ പ്രതിപാദിക്കുന്നുണ്ട്. “വെളിപാടുകളുടെ ആധിക്യത്താല്‍ താന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്കപ്പെട്ടിരിക്കുന്നു,” എന്നാണ് ശ്ലീഹായുടെ വാക്കുകള്‍ വിവരിക്കുന്നത് (2 കൊറി. 12, 7). കര്‍ത്താവിന്‍റെ കൃപയും ശക്തിയും തന്നില്‍ നിവസിക്കേണ്ടതിന് എന്നോണം അപ്പസ്തോലന്‍ തന്‍റെ കഴിവുകള്‍പോലെതന്നെ, ബലഹീതകളും ഏറ്റുപറയുന്നു. “ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ആയിരുന്നാലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്. എന്തെന്നാല്‍ ഞാന്‍ ക്രിസ്തുവിന്‍റെ ബലഹീനന്‍ ആയിരിക്കുമ്പോഴാണ് ശക്തനായിരിക്കുന്നത്,” എന്നാണ് അപ്പസ്തോലന്‍റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത് (2കൊറി. 12, 10).
നമ്മുടെതന്നെ കഴിവുകളിലൂടെയല്ല, മറിച്ച് ദൈവകൃപയുടെ കരുത്തിനാല്‍ മാത്രം തിളങ്ങുന്ന ലോലമായ മണ്‍പാത്രങ്ങളാകുന്ന നമ്മുടെ ജീവിതങ്ങളിലൂടെയാണ് ദൈവരാജ്യം ഈ ലോകത്ത് സ്ഥാപിതമാകുന്നതെന്ന് അപ്പോസ്തലന് നല്ല ബോധ്യമുണ്ടായിരുന്നു.
അതുകൊണ്ടാവണം വീണ്ടും അദ്ദേഹം ഇങ്ങനെ എഴുതുന്നത്, “എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്നോര്‍ത്ത് എന്തിന് നീ അഹങ്കരിക്കുന്നു” (2കൊറി. 4,7).

അങ്ങനെ പ്രാര്‍ത്ഥന അന്തരാത്മാവിന് ഉണര്‍വ്വേകുന്നതും, ഒപ്പം അതിനെ ആകുലപ്പെടുത്തുന്നതും ആണെന്ന് നമുക്കു മനസ്സിലാക്കാം. കാരണം പ്രാര്‍ത്ഥനയില്‍ നാം ദൈവത്തിന്‍റെ ആന്തരീക ചൈതന്യത്തിന്‍റെ മനോഹാരിത ആസ്വദിക്കുന്നതു പോലെതന്നെ, നമ്മുടെ മാനുഷിക ബലഹീനതയുടെ താഴ്മയും ഗ്രഹിക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥന വിരസമായാലും ക്ലേശകരമായാലും, അതില്‍ സ്ഥിരതയുണ്ടായിരിക്കണം. ദൈവസന്നിധിയില്‍ നാം നിരന്തരമായും എളിമയോടുംകൂടെ പ്രാര്‍ത്ഥിക്കാന്‍ പരിശ്രമിക്കണം. കഠിനവും ആത്മാര്‍ത്ഥവുമായ പ്രാര്‍ത്ഥിക്കുവാനുള്ള പരിശ്രമിത്തിലും നമ്മുടെ വിനീതഭാവത്തിലുമാണ് ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവസ്നേഹത്തിന്‍റെ കരുത്തും ഉള്‍ക്കാഴ്ചയും നമുക്ക് തരുന്നത്.
Prepared : nellikal, vatican radio








All the contents on this site are copyrighted ©.