2013-10-25 16:41:41

സിഗ്നിസ്‍ 2014 അഖില ലോകകോണ്‍ഗ്രസ് റോമില്‍


25 ഒക്ടോബര്‍ 2013, ബ്രസല്‍സ്
കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സംഘടനയായ സിഗ്നിസിന്‍റെ 2014ലെ അഖില ലോക കോണ്‍ഗ്രസ് സൈബര്‍ തിയോളജിയുടെ ഉപജ്ഞാതാവ്, ഫാ.അന്തോണിയോ സ്പദാരോ എസ്.ജെ ഉത്ഘാടനം ചെയ്യും. ഒക്ടോബര്‍ 24ന് സിഗ്നിസ് പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. “സമാധാന സംസ്ക്കാരം വളര്‍ത്തുന്ന മാധ്യമങ്ങള്‍: പുതുതലമുറയോടൊത്തുള്ള ദൃശ്യസംവിധാനം” എന്ന പ്രമേയം ആസ്പദമാക്കി 2014 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ റോമിലാണ് സമ്മേളനം നടക്കുക.
ഈശോസഭാ മാസിക ലാ ചിവില്‍ത്ത കത്തോലിക്കയുടെ (La Civiltà Cattolica) ചീഫ് എഡിറ്ററാണ് ഫാ.സ്പദാരോ. മാസികയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹം നടത്തിയ അഭിമുഖസംഭാഷണം ഏറെ ശ്രദ്ധനേടിയിരുന്നു. സൈബര്‍ ദൈവശാസ്ത്രജ്ഞന്‍, ബ്ലോഗര്‍, സാമൂഹ്യവിമര്‍ശകന്‍, അദ്ധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായ ഫാ.സ്പദാരോ തന്‍റെ അനുഭവപരിചയത്തിന്‍റെ വെളിച്ചത്തില്‍ ഡിജിറ്റല്‍ സംസ്ക്കാരത്തിന്‍റെ ആത്മീയ, ധാര്‍മ്മിക തലങ്ങളെക്കുറിച്ചും മാധ്യമ മേഖലയില്‍ പുതുതലമുറയുടെ സ്ഥാനത്തെക്കുറിച്ചും പ്രബന്ധാവതരണം നടത്തുമെന്ന് സിഗ്നിസിന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.