2013-10-25 16:40:37

ഇക്വറ്റോറിയല്‍ ഗിനിയുടെ പ്രസിഡന്‍റുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


25 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയുടെ പ്രസിഡന്‍റ് തിയഡോര്‍ ഒബിയാങ്ങ് ന്ഗ്വെമ മബാസോഗോയുമായി കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ വിദേശ ബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക് മെമ്പേര്‍ത്തിയുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തി. കത്തോലിക്കാ സഭ ഇക്വറ്റോറിയല്‍ ഗിനിയില്‍ നല്‍കുന്ന സേവനങ്ങള്‍, വിശിഷ്യാ, വിദ്യാഭ്യാസം, ആതുരസേവനം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ സഭയുടെ സംഭാവനകള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിധേയമായെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
പരിശുദ്ധ സിംഹാസനവും ഗിനിയ എക്വറ്റോറും തമ്മില്‍ 2012 ഒക്ടോബര്‍ 13ന് ഒപ്പുവച്ച ഒരു ഉടമ്പടിയുടെ സ്ഥിരീകരണ ചടങ്ങും തദവസരത്തില്‍ നടന്നു. ഗനിയ എക്വറ്റോറില്‍ കത്തോലിക്കാ സഭയുടേയും സഭാസ്ഥാപനങ്ങളുടേയും നൈയാമിക വ്യക്തിത്വം അംഗീകരിക്കുന്ന ഉടമ്പടിയില്‍ കത്തോലിക്ക മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ക്കുള്ള നിയമപരമായ അംഗീകാരം, ആരാധനാലയങ്ങള്‍ക്കുള്ള സംരക്ഷണം, ആശുപത്രികളിലും തടവകളിലും അജപാലന ശുശ്രൂഷ നടത്താന്‍ സഭയ്ക്കുള്ള അനുമതി തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുന്നു.
ഇക്വറ്റോറിയല്‍ ഗിനിയുടെ പ്രസിഡന്‍റ് തിയഡോര്‍ ഒബിയാങ്ങ് ന്ഗ്വെമ മബാസോഗോയുടേയും പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശ ബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക് മെമ്പേര്‍ത്തിയുടേയും അംഗീകാരത്തോടെ ഒക്ടോബര്‍ 25ന് ഉടമ്പടി പ്രാബല്യത്തിലായെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.









All the contents on this site are copyrighted ©.