2013-10-25 16:40:26

ആത്മാര്‍ത്ഥതയോടും വ്യക്തതയോടുംകൂടി കുമ്പസാരിക്കുക: മാര്‍പാപ്പ


25 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സ്വന്തം പാപം മറച്ചുവയ്ക്കാതെ ധൈര്യപൂര്‍വ്വം അവ വ്യക്തമായി ഏറ്റുപറയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കരെ ഉത്ബോധിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പ. അനുരജ്ഞന കൂദാശയെ കേന്ദ്രീകരിച്ചായിരുന്നു മാര്‍പാപ്പയുടെ വചന സമീക്ഷ. തങ്ങളുടെ തെറ്റുകള്‍ വളച്ചുകെട്ടാതെ ആത്മാര്‍ത്ഥമായി ഏറ്റുപറയുന്ന കുട്ടികളുടെ മനോഭാവം സ്വായത്തമാക്കാന്‍ പാപ്പ മുതിര്‍ന്നവരെ ക്ഷണിച്ചു. സ്വന്തം പാപത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി മനസ്തപിച്ച്
ദൈവത്തോട് നേരിട്ടു പാപമേറ്റു പറയും എന്നു വാദിക്കുന്നവര്‍ അതെങ്ങനെയാണ് പ്രാവര്‍ത്തികമാക്കുകയെന്ന് മാര്‍പാപ്പ ആരാഞ്ഞു. സ്വന്തം പാപങ്ങള്‍ വ്യക്തമായി ഏറ്റുപറയാതെ, അവ്യക്തമായി കുമ്പസാരിക്കുന്നതും നിര്‍ത്ഥകമാണെന്ന് പാപ്പ പറഞ്ഞു. ‘ഞാനൊരു പാപിയാണ്’ എന്ന് ഒരു സഹോദരന്‍ മുഖാന്തരം കര്‍ത്താവിനോട് ഏറ്റുപറയുന്നതാണ് കുമ്പസാരം. അതുവഴി സ്വന്തം പാപങ്ങളെപ്രതി ‘ലജ്ജിക്കാനുള്ള കൃപ’ നമുക്കു ലഭിക്കുകയും, ദൈവിക അനുരജ്ഞനത്തില്‍ നാം പങ്കുചേരുകയും ചെയ്യുമെന്ന് മാര്‍പാപ്പ വിശദീകരിച്ചു.








All the contents on this site are copyrighted ©.