2013-10-24 20:06:32

സഹവാസമല്ല കുടുംബം
സ്നേഹത്തിന്‍റെ കൂട്ടായ്മ


24 ഒക്ടോബര്‍ 2013, റോം
വ്യക്തികളുടെ സഹവാസമല്ല കുടുംബം, സ്നേഹത്തിന്‍റെ കൂട്ടായ്മയെന്ന്, കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷ്പ്പ് വിന്‍സെന്‍റ് പാലിയ പ്രസ്താവിച്ചു.
ഒക്ടോബര്‍ 23-ാം തിയതി റോമില്‍ ആരംഭിച്ച കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് പാലിയ ഇങ്ങനെ പ്രസ്താവിച്ചത്.

വ്യക്തിമാഹാത്മ്യവാദത്തിന്‍റെ തള്ളിച്ചയുള്ള ആഗോളവത്കൃത ലോകത്ത് പ്രബലപ്പെടുന്ന സഹവാസത്തിന്‍റെ മനോഭാവംകൊണ്ട് കുടുംബഭദ്രത ശിഥിലീകരിക്കപ്പെടുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ ചൂണ്ടിക്കാട്ടി.
കുടുംബങ്ങളുടെ മൂല്യച്യുതിക്ക് കാരണാകുന്ന ലോലമായ സന്ദേഹങ്ങളുടെ നാല്ക്കവലകളില്‍ എത്തിനില്ക്കുന്ന സമൂഹത്തെ ബലപ്പെടുത്തുകയാണ് ഇന്നത്തെ വെല്ലുവിളിയെന്നും സമ്മേളനത്തിന്‍റെ ആമുഖപ്രഭാഷണത്തില്‍ ആര്‍ച്ചുബിഷപ്പ് പാലിയ സമ്മേളത്തെ ഉദ്ബോധിപ്പിച്ചു.

കുടുംബജീവിതത്തിന്‍റെ സദ്വാര്‍ത്തയും മൂല്യങ്ങളും നശിപ്പിക്കാനാവാത്തതാണ്, എന്നാല്‍ അതിനെതിരായ ആക്രമണങ്ങളെ ചെറുത്തുനില്ക്കണമെന്നും, മാനവികതയുടെ നന്മയിലുള്ള നിലനില്പിന് കുടുംബത്തിന്‍റെ അടിത്തറ അനിവാര്യമാണെന്നും അദ്ദേഹം സമ്മേളനത്തില്‍ പ്രസ്താവിച്ചു. സമൂഹത്തിനും സഭയ്ക്കും രാഷ്ട്രത്തിനും സാമ്പത്തികതയ്ക്കും കുടുംബം ഒരുപോലെ കേന്ദ്രവും സ്രോതസ്സുമാണ്.

പാപ്പാ ഫ്രാന്‍സിസി വിളിച്ചുകൂട്ടുന്ന 2014-ാമാണ്ടിലെ മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ വിഷയം ‘കുടുംബ’മാണെന്ന വസ്തുത ആര്‍ച്ചുബിഷപ്പ് സമ്മേളനത്തെ അനുസ്മരിപ്പിച്ചു.
സമ്മേളനം 25-ാം തിയതി സമാപിക്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.