2013-10-24 18:57:21

ലോകത്ത് പാരസ്പര്യത്തിന്‍റെ
പാലം പണിയണമെന്ന് പാപ്പാ


24 ഒക്ടോബര്‍ 2013, വത്തിക്കാന്‍
‘സൈമണ്‍ വീസെന്താള്‍,’ Simon Wiesenthal Center എന്ന ഹെബ്രായ മനുഷ്യാവകാശ സംഘടയുടെ പ്രതിനിധികളുമായി ഒക്ടോബര്‍ 24-ാം തിയതി വ്യാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. എല്ലാവിധത്തിലുമുള്ള വംശീയവാദം, അസഹിഷ്ണുത, യഹൂദ-വിരോധം എന്നിവയ്ക്കെതിരെ വിദ്യാഭ്യാസത്തിലൂടെയും സമൂഹ്യ പ്രതിബദ്ധതയിലൂടെയും പോരാടുന്ന പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു.

മാനവകുലത്തിന്‍റെ വിനാശത്തിനു കാരണമാക്കുന്ന, എന്നാല്‍ ഇന്ന് എവിടെയും കാണുന്ന മതന്യൂനപക്ഷങ്ങളുടെ പീഡനം, പാര്‍ശ്വവത്ക്കരണം എന്നിങ്ങനെയുള്ള തിന്മയുടെ സംസ്ക്കാരത്തിനെതിരെ പോരാടണമെന്നും, പാരസ്പര്യത്തിന്‍റെയും ബഹുമാനത്തിന്‍റെയും സംസ്ക്കാരം ലോകത്ത് വളര്‍ത്തണമെന്നും യഹൂദ സംഘടയുടെ പ്രായോക്താക്കളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. സമാധാനം വളര്‍ത്താനുള്ള പ്രക്രിയയില്‍ യുവതലമുറയുടെ രൂപീകരണം വളരെ പ്രധാനപ്പെട്ടാതാണെന്ന് പാപ്പ് അനുസ്മരിപ്പിച്ചു. അറിവു നല്കല്‍ മാത്രമല്ല പരിശീലനം, അത് ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കലും ജീവിതസാക്ഷൃം പകര്‍ന്നുനല്കുന്ന രൂപീകരണവുമായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ വളര്‍ന്നിട്ടുള്ള യഹൂദ-കത്തോലിക്കാ ബന്ധത്തിന്‍റെ തീവ്രതയും അറിവും യുവജനങ്ങളുമായി പങ്കുവയ്ക്കുന്നതോടൊപ്പം, ദശകങ്ങളായി ഇരുപക്ഷവും വളര്‍ത്തിയെടുത്ത സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംബന്ധത്തില്‍ ഇരുപക്ഷങ്ങളും നേരിട്ടിട്ടുള്ള വെല്ലുവിളികളും പ്രതിസന്ധികളും യുവജനങ്ങള്‍ അറിയേണ്ടതാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ടുമായി നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയുടെ വൈകിവന്നതും വീണുകിട്ടയതുമായ മൂഹൂര്‍ത്തമാണിതെങ്കിലും, സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഈ കൂടിക്കാഴ്ച പ്രത്യാശ പകരുന്നതും സന്തോഷദായകവുമാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഹ്രസ്വപ്രഭാഷണം ഉപസംഹരിച്ചത്.

Simon Wiesenthal Center, മനുഷ്യാവകാശ സംഘടയുടെ ആസ്ഥാനം അമേരിക്കയിലെ ലോസ് ആഞ്ചെലസ്സാണ്. ജരൂസലേം, ബ്യൂനസ് ഐരസ്, പാരീസ്, ടൊറേന്തോ, മിയാമി, ചിക്കാഗോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും സംഘടനയ്ക്ക് കേന്ദ്രങ്ങളുണ്ട്. നാസി ഭരണകാലത്തു നടന്ന യഹൂദ കൂട്ടക്കുരുതിയെ അതിജീവിച്ച റാബി മാര്‍വിന്‍ ഹിയെര്‍ 1977-ല്‍ തുടക്കമിട്ടതാണ് ഈ അന്തര്‍ദേശീയ യഹൂദ മനുഷ്യാവകാശ പ്രസ്ഥാനം.
യഹൂദ ചരിത്രത്തിന്‍റെ രേഖയും രേഖീകരണവും, മനുഷ്യാവകാശ സംബന്ധിയായ ഹ്രസ്വചലച്ചിത്രങ്ങളുടെ നിര്‍മ്മാണം, മനുഷ്യാവകാശ മാനവിക വിഷയങ്ങളുടെ പഠനം എന്നിവയും സംഘടയുടെ പ്രവര്‍ത്തന ലക്ഷൃങ്ങളില്‍പ്പെടുന്നവയാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.