2013-10-24 19:10:43

ആരോപണത്തെ തുടര്‍ന്ന്
മെത്രാനെ സ്ഥാനഭ്രഷ്ടനാക്കി


24 ഒക്ടോബര്‍ 2013, ലിംബൂര്‍ഗ്
ആരോപണത്തെ തുടര്‍ന്ന് ജര്‍മ്മനിയിലെ മെത്രാന്‍ സ്ഥാനഭ്രഷ്ടനായി. ജര്‍മ്മനിയിലെ ലിംബൂര്‍ഗ് തൂപതാ മെത്രാന്‍, ബിഷപ്പ് ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്സിനാണ് രൂപതാഭരണത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ്
മുടക്കുകല്പിച്ചത്. സഭാ നിയമപ്രകാരമുള്ള അനുമതികള്‍ വാങ്ങാതെ വന്‍തുക മുടക്കി രൂപതയുടെ പേരില്‍ നടത്തിയ മെത്രാസന മന്ദിരത്തിന്‍റെയും അതുമായി ബന്ധപ്പെട്ട കെട്ടിടസമുച്ഛയത്തിന്‍റെയും നിര്‍മ്മിതിയാണ് ജനങ്ങളുടെ പ്രതിഷേധത്തിനും, വത്തിക്കാന്‍റെ അന്വേഷണത്തിനും, തുടര്‍ന്ന് 53 വയസ്സുകാരന്‍ ബിഷപ്പ് തെബാര്‍ട്സിന്‍റെ സ്ഥാനഭ്രംശത്തിനും കാരണമായതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജര്‍മ്മനിയിലെ ദേശീയ മെത്രാന്‍ സമിതി നിയോഗിച്ചിരിക്കുന്ന കമ്മിഷന്‍ വസ്തുതകള്‍ അന്വേഷിച്ചും പഠിച്ചും ഇനിയൊരു തീരുമാനമുണ്ടാകുംവരെ രൂപതവിട്ടുനില്ക്കാന്‍ ബിഷപ്പ് തെബാര്‍ട്സിനോട് പാപ്പാ ഫ്രാന്‍സിസാണ് രേഖാമൂലം ആവശ്യപ്പെട്ടത്. മെത്രാന്‍റെ ആഭാവത്തില്‍ വികാരി ജനറല്‍, മോണ്‍സീഞ്ഞോര്‍ വൂള്‍ഫാങ് റോഷ് രൂപതയുടെ ഭരണകാര്യങ്ങള്‍ തുടരുമെന്ന് ദേശീയ മെത്രാന്‍സമിതി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റോബര്‍ട്ട് സോളിറ്റ്സിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ലിംബൂര്‍ഗിലെ സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണവും ജനങ്ങളുടെ പ്രതിഷേധവും ഉയര്‍ന്നതില്‍പ്പിന്നെ തന്‍റെ പ്രതിനിധിയായി വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റായിരുന്ന കര്‍ദ്ദിനാള്‍ ജൊവാന്നി ലൊയോളയെ അന്വേഷണാര്‍ത്ഥം പാപ്പാ ഫ്രാന്‍സിസ് ജര്‍മ്മനിയിലേയ്ക്ക് അയക്കുകയും, അതിനുശേഷം ബിഷപ്പ് തെബാര്‍ട്സിനെ വത്തിക്കാനിലേയ്ക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുകയും, ദേശീയ മെത്രാന്‍ സമിതി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സോളിറ്റ്സുമായും വേണ്ട ആലോചനകള്‍ നടത്തിയതില്‍പ്പിന്നെയുമാണ് പാപ്പാ ഫ്രാന്‍സിസ് തീരുമാനം എടുത്തത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.