2013-10-23 19:28:33

ദുര്‍ബലരെ ശിക്ഷിക്കുന്ന
അനീതിയുടെ സംവിധാനമുണ്ടെന്ന്


23 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ദുര്‍ബലരെ ശിക്ഷിക്കുന്ന അനീതിയുടെ സംവിധാനം ലോകത്തുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ഒക്ടോബര്‍ 23-ാം തിയതി ബുധനാഴ്ച രാവിലെ ഇറ്റലിയിലെ ജയില്‍ ശുശ്രൂഷകരായ വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ജയിലില്‍ കഴിയുമ്പോഴും ജീവിതവ്യഥയുടെ അലയടികളില്‍ പതറാതെ നില്ക്കണമെന്നും, ലോകത്തിന്‍റെ അനീതിയെപ്രതി ബന്ധിയാക്കപ്പെട്ട ക്രിസ്തു അവരുടെ ചാരത്തുണ്ടെന്നുമുള്ള പ്രത്യാശ ജയില്‍നിവാസികള്‍ക്കു നല്കണമെന്നും പാപ്പാ വൈദികരെ ഉദ്ബോധിപ്പിച്ചു.

ജയില്‍ ശുശ്രൂഷ വെല്ലുവിളിയാണെങ്കിലും അത് ക്രിസ്തുവിന്‍റെ ദൈവികകാരുണ്യത്തിന്‍റെ ദൃശ്യമാകുന്ന സാമീപ്യവും സാന്നിദ്ധ്യവുമാണെന്നും പാപ്പാ വൈദികരെ ഉദബോധിപ്പിച്ചു.
ആശയറ്റവര്‍ക്ക് പ്രത്യാശ പകരുന്ന സഹോദര്യത്തിന്‍റെ സാമീപ്യം എന്നും ജയിലിലെ സഹോദരങ്ങള്‍ക്ക് നല്കണമെന്ന് പാപ്പാ വൈദികരെ ഉദ്ബോധിപ്പിച്ചു. ജയിലില്‍ അനുരഞ്ജനത്തിന്‍റെ നീതി നടപ്പായില്ലെങ്കിലും പ്രത്യാശയുടെ നീതിയില്‍ ജീവിതചക്രവാളത്തിലേയ്ക്ക് ഇനിയും എത്തിനോക്കാനുള്ള കരുത്ത് അവര്‍ക്ക് നല്കണമെന്ന്, ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനുള്ള തിരക്കിലും ജയില്‍ ശുശ്രൂഷകരെ പാപ്പാ അനുസ്മരിപ്പിച്ചു.

ഒറ്റപ്പെടലിന്‍റെയും അനീതിയുടെയും നിരാശയുടെയും ഹൃദയവ്യഥ അനുഭവിക്കുന്നവര്‍ ക്രിസ്തുവിനായ് ഹൃദയങ്ങള്‍ തുറക്കുകയാണെങ്കില്‍ അവിടുന്ന് സാന്ത്വനമായ് സമീപത്ത് എത്തി നമുക്ക് പ്രത്യാശപകരുമെന്ന് പാപ്പാ ജയിലിന്‍റെ ചാപ്ലിന്‍മാരെ ഉദ്ബോധിപ്പിച്ചു.

ബ്യൂനസ് ഐരസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പതിവായി ജയില്‍ സന്ദര്‍ശിച്ചിരുന്നതും, ഇന്നും ഞായറാഴ്ചകളില്‍ അവരില്‍ ചിലരുമായി ടെലിഫോണില്‍ സംവിദിക്കുന്ന അനുഭവവും സന്ദര്‍ശകരായെത്തിയ ഇറ്റയിലെ വിവിധ ജയിലുകളില്‍ പ്രവര്‍ത്തിക്കുന്ന വൈദകരുമായി പാപ്പാ പങ്കുവച്ചു. മാനുഷിക ബലഹീനതയെ കീഴ്പ്പെടുത്തുന്ന പ്രലോഭനങ്ങളുടെയും തിന്മകളുടെയും പൈശാചിക ശക്തികള്‍ ചുറ്റുമുണ്ടെങ്കിലും, ക്രിസ്തു സാന്നിദ്ധ്യവും പരിശുദ്ധ കന്യകാനാഥയുടെ മാതൃസംരക്ഷണവും നമുക്കു തുണയാവട്ടെയെന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥനകള്‍ നേര്‍ന്നുകൊണ്ടുമാണ് പാപ്പാ കൂടിക്കാഴ്ച ഉപസംഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.