2013-10-22 17:36:12

വിശ്വാസവര്‍ഷത്തിലെ‍ കുടുംബ സംഗമം


22 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷത്തിലെ ആഗോള കുടുംബ സംഗമം ഒക്ടോബര്‍ 26, 27 തിയതികളില്‍ വത്തിക്കാനില്‍ നടക്കും. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും നവസുവിശേഷവല്‍ക്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സംയുക്തമായാണ് കുടുംബ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കുന്ന വിശ്വാസപ്രഖ്യാപനവും പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന സമാപന ദിവ്യബലിയുമാണ് കുടുംബ സംഗമത്തിലെ മുഖ്യ ആകര്‍ഷണം.
26നാണ് കുടുംബങ്ങളുടെ വിശ്വാസപ്രഖ്യാപന ചടങ്ങ്. ശനിയാഴ്ച വൈകീട്ട് 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടക്കുന്ന വിശ്വാസപ്രഖ്യാപനത്തിന് മാര്‍പാപ്പ നേതൃത്വം നല്‍കും. സംഗീത പരിപാടിയും കുടുംബജീവിതം നയിക്കുന്ന പ്രേഷിത പ്രവര്‍ത്തകരുടെ ജീവിത സാക്ഷൃവും ശനിയാഴ്ചയിലെ ഇതര പരിപാടികളില്‍ ഉള്‍പ്പെടുന്നു.

രാവിലെ 9.30ന് ജപമാല സമര്‍പ്പണത്തോടെയാണ് ഞായറാഴ്ചയിലെ പരിപാടികള്‍ തുടങ്ങുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബ്ബാന 10.30ന് ആരംഭിക്കും. ദിവ്യബലിക്കു ശേഷം മാര്‍പാപ്പ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനയോടെയാണ് കുടുംബ സംഗമം സമാപിക്കുക.
കുടുംബമൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനും ലോകമെമ്പാടും നിന്നെത്തുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ ജീവിതസാക്ഷൃം പങ്കുവയ്ക്കുന്നതിനുമുള്ള ഒരു അവസരമാണ് “വിശ്വാസത്തിന്‍റെ ആനന്ദത്തില്‍ ജീവിക്കുന്ന കുടുംബങ്ങള്‍” എന്ന ശീര്‍ഷകത്തിലുള്ള സംഗമമെന്ന് കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസ്താവിച്ചു. കുടുംബങ്ങളുടെ സംഗമത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നാനാവിധ മത്സരങ്ങളും പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ട്.
Source: Vatican Radio









All the contents on this site are copyrighted ©.