2013-10-22 17:35:59

ജനിക്കാനുള്ള അവകാശം കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ പ്രഥമം: ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


22 ഒക്ടോബര്‍ 2013, ന്യൂയോര്‍ക്ക്
കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍, ജനിക്കാനും ജീവിക്കാനും ഗര്‍ഭസ്ഥശിശുക്കള്‍ക്കുള്ള അവകാശത്തിന് പ്രഥമ സ്ഥാനം നല്‍കണമെന്ന് യു.എന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് അസീസി ചുള്ളിക്കാട്ട്. ന്യൂയോര്‍ക്കില്‍ നടന്ന 68ാമത് യു.എന്‍ പൊതുസമ്മേളനത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള യു.എന്‍ ഉടമ്പടിയെ സംബന്ധിച്ച ചര്‍ച്ചയിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം പ്രസ്താവിച്ചത്. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ശിശുക്കള്‍ക്ക് ഒരു വിധത്തിലും നിഷേധിക്കപ്പെടരുത്. ലിംഗവിവേചനമോ, അംഗവൈകല്യമോ, ജനസംഖ്യാ നിയന്ത്രണ നയമോ ഈ അവകാശം നിഷേധിക്കാന്‍ കാരണമാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ കുടുംബങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിക്കവേ, കുട്ടികളുടെ ശാരീരികവും, മാനസികവും, സാമൂഹ്യവും, ആത്മീയവുമായ ക്ഷേമത്തിന് ഉതകുന്ന രീതിയില്‍ അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിന് അനുയോജ്യമായ സാഹചര്യമൊരുക്കി രാഷ്ട്രം കുടുംബങ്ങളെ സഹായിക്കണമെന്നും ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

Source: Vatican Radio







All the contents on this site are copyrighted ©.