2013-10-18 17:20:01

സഭയുടെ ഐക്യവും കൂട്ടായ്മയും വളര്‍ത്തുന്ന ആരാധനാക്രമ വിവര്‍ത്തന കമ്മീഷന്‍


18 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ആരാധനാ ക്രമത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയ്ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കമ്മീഷന് (The International Commission on English in the Liturgy, ICEL)മാര്‍പാപ്പയുടെ അനുമോദനം. കമ്മീഷന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കമ്മീഷന്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ്
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ ഫലമായി രൂപം കൊണ്ട കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മാര്‍പാപ്പ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചത്.
ആരാധനാക്രമം വ്യക്തമായി മനസിലാക്കാനും ആരാധനാക്രമത്തില്‍ സജീവമായി പങ്കുകൊള്ളാനും വിശ്വാസസമൂഹത്തെ സഹായിക്കുന്നതില്‍ കമ്മീഷനു വിജയിച്ചു. കൂദാശാ രഹസ്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാകുന്തോറും കൂടുതല്‍ ഭയഭക്തിയോടെ ജനം അതില്‍ പങ്കുകൊള്ളുന്നു.
വിശ്വാസ രഹസ്യങ്ങള്‍ കൂടുതലായി ഗ്രഹിക്കാനും അതുവഴി തങ്ങളുടെ പ്രാര്‍ത്ഥനാ രീതി മെച്ചപ്പെടുത്താനും കമ്മീഷന്‍ അനേകം കത്തോലിക്കരെ സഹായിച്ചിട്ടുണ്ട്. കമ്മീഷന്‍റെ പ്രവര്‍ത്തന ഫലമായി സഭയുടെ പ്രേഷിതപ്രവര്‍ത്തന മേഖലകള്‍ വികസിപ്പിക്കാന്‍ സാധിച്ചുവെന്നും പാപ്പ പ്രസ്താവിച്ചു. കത്തോലിക്കാ സഭയുടെ ഐക്യവും കൗദാശിക കൂട്ടായ്മയും വളര്‍ത്താന്‍ കമ്മീഷന് തുടര്‍ന്നും സാധിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു.








All the contents on this site are copyrighted ©.