2013-10-18 17:20:10

വത്തിക്കാന്‍ ടെലിവിഷന് പാപ്പായുടെ പിറന്നാള്‍ ആശംസകള്‍


18 ഒക്ടോബര്‍ 2013, വത്തിക്കാന്‍
മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വത്തിക്കാന്‍ ടെലിവിഷന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസകള്‍. വത്തിക്കാന്‍ ടെലിവിഷന്‍റെ മുപ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വത്തിക്കാന്‍ ടെലിവിഷന്‍റെ ഡയറക്ടര്‍ ജനറല്‍ ഫാ.ദാരിയോ വിഗനോയ്ക്ക് അയച്ച സന്ദേശത്തില്‍, വത്തിക്കാന്‍ ടെലിവിഷന്‍ ‘സുവിശേഷത്തിനും സഭയ്ക്കും’ നല്‍കുന്ന ശുശ്രൂഷയ്ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചു. ഒക്ടോബര്‍ 18-ാം തിയതി വെള്ളിയാഴ്ച റോമിലെ അന്തര്‍ദേശിയ പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ മാര്‍പാപ്പയുടെ സന്ദേശം വായിക്കപ്പെട്ടു.
മികച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആഗോള മാധ്യമരംഗത്ത് ഇതരമാധ്യമങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ വത്തിക്കാന്‍ ടെലിവിഷനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദശകങ്ങളില്‍ അങ്ങനെ ധ്രുതഗതിയില്‍ സഞ്ചരിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ വത്തിക്കാന്‍ ടെലിവിഷന്‍റെ പ്രവര്‍ത്തന ശൈലി ഒരിക്കലും ലൗകികമാകരുതെന്നും സഭാത്മകമായിരിക്കണമെന്നും പാപ്പ പ്രസ്താവിച്ചു. സഭാകാര്യങ്ങളെക്കുറിച്ചു വിവരിക്കാന്‍ സവിശേഷമായ ഉത്തരവാദിത്വബോധമുണ്ടായിരിക്കണം. സംഭവ വികാസങ്ങളുടെ ആത്മീയ മാനം കണ്ടെത്താനുള്ള കഴിവ് ഈ ശുശ്രൂഷയില്‍ അനിവാര്യമാണ്. സംഭവങ്ങള്‍ നിര്‍വികാരമായി പ്രക്ഷേപണം ചെയ്യുകയല്ല, സഭയെ ലോകത്തോട് അടുപ്പിക്കാന്‍ കഴിയണം. മാര്‍പാപ്പയോടൊപ്പം സഞ്ചരിച്ചുകൊണ്ട് വത്തിക്കാന്‍ ടെലിവിഷന്‍ നല്‍കുന്ന ദൃശ്യങ്ങളിലൂടെ, സമകാലിക മനുഷ്യന്‍റെ ഏകാന്തതയുടെ വിവിധ മേഖലകളിലേക്ക് ക്രിസ്തുവിനെ എത്തിക്കാന്‍ സാധ്യമാകണമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.

1983 ഒക്ടോബര്‍ 22ന് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന് തുടക്കംകുറിച്ചത്. ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജോ നാപ്പോളിത്താനോയും വത്തിക്കാന്‍ ടെലിവിഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.








All the contents on this site are copyrighted ©.