2013-10-18 17:20:19

പാപ്പ ഫ്രാന്‍സിസ് പലസ്തീന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി


18 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബാസുമായി കൂടിക്കാഴ്ച്ച നടത്തി. പാപ്പായെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ പ്രസിഡന്‍റ് അബാസുമായി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചാണ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്‍. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ വിദേശ ബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക് മെംമ്പേര്‍ത്തിയുമായും പ്രസിഡന്‍റ് മഹ്മൂദ് അബാസും സംഘവും കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
ഇസ്രയേല്‍ - പലസ്തീന്‍ സമാധാന ചര്‍ച്ച പുനരാരംഭിച്ചതിനെക്കുറിച്ചും മധ്യപൂര്‍വ്വദേശത്തെ സമകാലിക അവസ്ഥയെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നത്തിന് ശാശ്വതവും നീതിയുക്തവുമായ ഒരു പരിഹാരം കണ്ടെത്താന്‍ സമാധാന ചര്‍ച്ചയ്ക്കു സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണയോടെ സമാധാന സ്ഥാപനത്തിനായി ദൃഢനിശ്ചയമെടുക്കാന്‍ സംഘര്‍ഷത്തില്‍ കഴിയുന്ന കക്ഷികള്‍ക്ക് സാധിക്കുമെന്ന പ്രത്യാശയും ഇരുവരും പ്രകടമാക്കി. സിറിയന്‍ പ്രശ്നവും കൂടിക്കാഴ്ച്ചയില്‍ സംഭാഷണ വിഷയമായി. സിറിയയിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണെങ്കിലും ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നും, അക്രമത്തിന്‍റെ യുക്തിക്കു പകരം സംവാദവും അനുരജ്ഞനവും സിറിയയില്‍ പുലരുമെന്ന പ്രതീക്ഷയും മാര്‍പാപ്പയും പലസ്തീന്‍ പ്രസിഡന്‍റും പങ്കുവയ്ച്ചു.

വത്തിക്കാനും പലസ്തീനും തമ്മിലുള്ള ഉഭയ കക്ഷി ഉടമ്പടിയുടെ രൂപീകരണത്തിനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. പലസ്തീനിലെ ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ചും പലസ്തീനിലും മധ്യപൂര്‍വ്വദേശത്തും അവര്‍ നല്കുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ താന്‍ ക്ഷണിച്ചുവെന്ന് കൂടിക്കാഴ്ച്ചയ്ക്കുശേഷം നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍റ് മഹ്മൂദ് അബാസ് അറിയിച്ചു.










All the contents on this site are copyrighted ©.