2013-10-17 20:00:35

വിശ്വാസത്തെ പ്രത്യയശാസ്ത്രമായി
ചുരുക്കരുതെന്ന് പാപ്പാ


17 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വിശ്വാസത്തെ പ്രത്യയശാസ്ത്രമാക്കി ചുരുക്കുന്നത് അപകടമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ഒക്ടോബര്‍ 17-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പങ്കുവച്ച വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. എളിമയില്‍ ജീവിച്ചും, പങ്കുവച്ചും അനുദിനം മുന്നോട്ടു ചരിക്കുകയും അതിന്‍റെ മേന്മ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുമാണ് ക്രൈസ്തവ വിശ്വാസമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

വിശ്വാസത്തെ പ്രത്യയശാസ്ത്രമായി വ്യാഖ്യാനിക്കുമ്പോള്‍ സാമൂഹ്യചുറ്റുപാടില്‍ ജീവിതം ദുഷ്ക്കരവും കാര്‍ക്കശ്യപൂര്‍ണ്ണവുമായിത്തീരുമെന്ന് പാപ്പാ വ്യാഖ്യാനിച്ചു. വിശ്വാസം, ക്രിസ്തുവിന്‍റെ സ്നേഹവും, വിനയവും, ലാളിത്യവും, പ്രശാന്തതയും പ്രതിഫലിക്കുന്ന ജീവിതമായിരിക്കണം വിശ്വാസിയുടേതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പ്രത്യയശാസ്ത്രത്തിന്‍റെ പിറകെപോകുന്ന ക്രിസ്ത്യാനി വിശ്വാസം ജീവിക്കാത്ത അല്ലെങ്കില്‍ വിശ്വാസമില്ലാത്ത വ്യക്തിയായി മാറുകയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി. ക്രിസ്തീയ വിശ്വാസത്തെ ധാര്‍മ്മികവും ദൈവശാസ്ത്രപരവുമായ നല്ല പ്രത്യയ ശാസ്ത്രമായി അടച്ചുപൂട്ടിവയ്ക്കുന്ന പ്രവണതയെയാണ് ലൂക്കായുടെ സുവിശേഷഭാഗത്ത് ക്രിസ്തു രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നതെന്നും വചനവ്യാഖ്യാനത്തില്‍ പാപ്പാ വിമര്‍ശിച്ചു.
വിജ്ഞാനത്തിന്‍റെ താക്കോള്‍ കൈക്കലാക്കിയിട്ട് സ്വയം അതിലേയ്ക്ക് പ്രവേശിക്കാതെയും മറ്റുള്ളവരെ പ്രവേശിക്കാന്‍ അനുവദിക്കാതെയും ജീവിക്കുന്ന ഫരീസേയരെ ക്രിസ്തു അപലപിച്ചത് (ലൂക്കാ 11, 47..)
പാപ്പാ വചനസമീക്ഷയില്‍ ചൂണ്ടിക്കാട്ടി. അടഞ്ഞുകിടക്കുന്ന ദേവാലയങ്ങളുടെ താക്കോല്‍ കൈക്കാലാക്കി സുരക്ഷിതമായി സൂക്ഷിക്കുകയാണ്. അതിലേയ്ക്ക് കടക്കാന്‍ ആരെയും നാം അനുവദിക്കുന്നില്ല, അകത്ത് സന്നിഹിതനായ ക്രിസ്തുവിനെ പുറത്തേയ്ക്കുവരാന്‍ അനുവദിക്കാത്ത അവസ്ഥയുമാണതെന്ന്
പാപ്പാ വ്യക്തമാക്കി. വിശ്വാസ കവാടത്തിന്‍റെ താക്കോല്‍ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയില്ലാത്ത ക്രൈസ്തവജീവിതം ഫലശൂന്യമാണ്. പ്രാര്‍ത്ഥിക്കാത്ത ക്രൈസ്തവന്‍റെ ജീവിത സാക്ഷൃവും വൃഥാവിലാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.
പ്രാര്‍ത്ഥിക്കാത്തവന്‍ ദൈവത്തിലാശ്രയിക്കാതെ, തന്നില്‍ അശ്രയിച്ചു ജീവിക്കുന്ന സ്വാര്‍ത്ഥനും അഹങ്കാരിയുമായിരിക്കുമെന്ന് പാപ്പാ കുറ്റപ്പെടുത്തി. തങ്ങളുടെ വിശ്വാസജീവിതത്താല്‍ പ്രമത്തരും അഹങ്കാരികളുമായ ഫരീസേയര്‍ ക്രിസ്തുവിനെ അന്യനും ശത്രുവുമായി കാണക്കാക്കിയെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.