2013-10-17 19:37:05

മൂന്നുദശകങ്ങള്‍ പിന്നിടുന്ന
വത്തിക്കാന്‍ ടെലിവിഷന്‍


17 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ ടെലിവിഷന്‍ ശൃംഖലയ്ക്ക് മുപ്പതു വയസ്സു തികഞ്ഞു. ഒക്ടോബര്‍ 22-ാം തിയതിയാണ് പാപ്പായുടെ ദൃശ്യ-ശ്രാവ്യ മാധ്യമമായ ടെലിവിഷന്‍ 30-ാം വര്‍ഷത്തിലെത്തിയത്. 1983-ല്‍ വത്തിക്കാന്‍ റേഡിയോയുടെ 50-ാം പിറന്നാള്‍ ആഘോഷിക്കവെയാണ്, സഭാപ്രബോധനങ്ങള്‍ ആധുനിക മാധ്യമങ്ങളുടെ വര്‍ണ്ണാഭമായ ലോകത്തേയ്ക്ക് കണ്ണിചേര്‍ക്കാന്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ടെലിവിഷന്‍ കേന്ദ്രത്തിന് തുടക്കംകുറിച്ചത്. വത്തിക്കാന്‍ തോട്ടത്തിലാണ് പാപ്പായുടെ ടെലിവിഷന്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത്.
അത്യാധുനിക, സ്റ്റുഡിയോ, ക്യാറമ, എഡിറ്റിംങ്, മിക്സിംങ് സംവിധാനങ്ങളുള്ള സി.ടി.വി-യും (centro telivisione vaticana) വത്തിക്കാന്‍ റോഡിയോയും (vatican radio) ചേര്‍ന്നാണ് പാപ്പായുടെ പരിപാടികളുടെ
ദൃശ്യ-ശ്രാവ്യ ശ്രേണി ഒരുക്കുന്നത്. വത്തിക്കാനിലെന്ന പോലെ പാപ്പായുടെ വിദേശ, ദേശിയ പരിപര്യടനങ്ങളിലും വത്തിക്കാന്‍ ടെലിവിഷനും റോഡിയോയും സന്നിഹിതമാണ്. റോഡിയോയുടെ ഉപജ്ഞാതാവായ മാര്‍ക്കോണി സ്ഥാപിച്ച വത്തിക്കാന്‍ റേഡിയോയുടെ ശ്രാവ്യസംവിധാനങ്ങള്‍ക്ക് 82 വര്‍ഷത്തെ ചരിത്രമുണ്ട്. 1931-ല്‍ പതിനൊന്നാം പിയൂസ് പാപ്പാ മുതല്‍ എല്ലാ പാപ്പാമാരുടെയും ഔദ്യോഗിക പരിപാടികളുടെ ഡിജിറ്റല്‍ ശ്രാവ്യശേഖരം വത്തിക്കാന്‍ റേഡിയോ സൂക്ഷിക്കുന്നു. അതുപോലെ 1983-മുതല്‍ പാപ്പാമാരുടെ ഔദ്യോഗിക പരിപാടികളുടെ ദൃശ്യശേഖരമാണ് വത്തിക്കാന്‍ ടിവി. ഇറ്റാലിയന്‍ ഗവണ്‍മെന്‍റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ ഭരണസംവിധാനം സര്‍ക്കാരിന്‍റെ ഔദ്യഗിക മാധ്യമശൃംഖലയായ ‘റായി’യുടെ സാറ്റലൈറ്റ് (RAI – Radio Audiovisivo Italiano) സംവിധാനമാണ് സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്നത്.

മൂന്നു ദശകങ്ങളായി വിശുദ്ധ പത്രോസിന്‍റെ കണ്ണുകള്‍പോലെ പ്രവര്‍ത്തിച്ച വത്തിക്കാന്‍ ടെലിവിഷന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒക്ടോബര്‍ 18-ാം തിയതി വെള്ളിയാഴ്ച റോമിലെ അന്തര്‍ദേശിയ പ്രസ്സ് ക്ലബ്ബില്‍ നടത്തപ്പെട്ടു. പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം, ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് നെപ്പോളിത്താനോയുടെ ആശംസ, സാങ്കേതികതയുടെ ലോകത്ത് മതാത്മക മാധ്യമശൃംഖലയുടെ പ്രസക്തി, പാപ്പായുടെ പ്രബോധനമാധ്യമം, സി.ടി.വി. centro telivisione vaticana സഭാപ്രബോധനങ്ങളുടെ സ്രോതസ്സ്, എന്നി വിഷയങ്ങള്‍ പിറന്നാള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ‘ചിത്രത്തിന് ആയിരം വാക്കുകളുടെ നാവാണ്’ എന്ന വിനിമയസൂക്തത്തിന്‍റെ പൊരുളറിഞ്ഞ സഭയുടെ ആധുനികമാധ്യമ ലോകത്തെ സുവിശേഷ സാന്നിദ്ധ്യം അര്‍ത്ഥസമ്പൂര്‍ണ്ണവും ഫലവത്താക്കുന്നത് വത്തിക്കാന്‍ മാധമങ്ങളാണ്.

പാപ്പായോടും സഭയോടുമുള്ള സ്നേഹാദരങ്ങളുടെ കണ്ണിചേര്‍ക്കലാണ് വത്തിക്കാന്‍ ടെലിവിഷനെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പിറന്നാള്‍ ദിനത്തിലെ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. പാപ്പായുടെ പ്രബോധനങ്ങളും, ആരാധനക്രമ പരിപാടികളും, പൊതുപരിപാടികളും, അപ്പസ്തോലിക സന്ദര്‍ശനങ്ങളും പകര്‍ത്തിയെടുക്കുന്ന വത്തിക്കാന്‍ ടെലിവിഷന്‍, സഭാതലവനും പത്രോസിന്‍റെ പിന്‍ഗാമിയുമായ പാപ്പായോടുള്ള സ്നേഹവും വാത്സല്യവുമാണ് ഓരോ ദൃശ്യബിംബത്തിലൂടെയും പ്രസരിപ്പിക്കുന്നത്. വത്തിക്കാന്‍ ടെലിവിഷന്‍ തുടങ്ങാന്‍ പ്രചോദനമായ പുണ്യശ്ലോകനായ ജോണ്‍ പോള്‍ രാണ്ടാമന്‍ പാപ്പായുടെ ജീവിതത്തിന്‍റെ അന്ത്യഘട്ടം രോഗഗ്രസ്തമായിരുന്നെങ്കിലും വാര്‍ദ്ധക്യത്തിന്‍റെ വേദനയും ക്ലേശങ്ങളും, പാര്‍ക്കിന്‍സന്‍സ് (Parkinson’s) രോഗത്തോടുള്ള അദ്ദേഹത്തിന്‍റെ മല്‍പ്പിടുത്തവും അന്ത്യംവരെ സ്നേഹത്തോടും ആദരവോടുകൂടെ വത്തിക്കാന്‍ മാധ്യമശൃംഖല ഒപ്പിയെടുത്തു. വത്തിക്കാന്‍ വിനിമയശൃംഖല ആവിഷ്ക്കരിക്കുന്ന ദൃശ്യബിംബങ്ങള്‍ സഭാദൗത്യത്തോടുള്ള പാപ്പായുടെ ത്യാഗസമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ് സംവേദനംചെയ്യുന്നതും ലോകം അനുദിനം ദര്‍ശിക്കുന്നതും. പാപ്പായുടെ ആത്മീയ വ്യക്തിത്വവും സഭാ ദൗത്യത്തെക്കുറിച്ചുള്ള നല്ല ധാരണയും ആഴമായ ആത്മീയ ബന്ധവുമാണ് വത്തിക്കാന്‍ ടെലിവിഷന്‍ തനിമയാര്‍ന്ന സംവേദനശൈലിയില്‍ പങ്കുവയ്ക്കുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.