2013-10-16 20:23:36

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ
പൂജ്യദേഹം പൊതുദര്‍ശനത്തിന്


16 ഒക്ടോബര്‍ 2013, ഗോവ
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ പൂജ്യാവശിഷ്ടങ്ങള്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്ന് ഗോവയുടെ പാത്രിയര്‍ക്കിസ്, ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫെരാവോ പ്രസ്താവനയിലൂടെ അറിയിച്ചു. 2014 നവംമ്പര്‍
22-ാം തിയതി മുതലാണ് ഭാരതത്തിന്‍റെ ദ്വിതീയാപ്പസ്തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ പുണ്യദേഹം പൊതുവണക്കിന് വയ്ക്കുന്നത്. നൂറ്റാണ്ടുകളായി അലിയാത്ത വിശുദ്ധന്‍റെ പുജ്യദേഹം ഗോവയിലെ ‘ബോം ജെസു’ ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും, 44 ദിവസം നീണ്ടുനില്ക്കുന്ന പൊതുവണക്കത്തിന് അവിടത്തെ ‘സെ കത്തീഡ്രല്‍’ ദേവാലയമാണ് വേദിയാകുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഫെരാവോ വ്യക്തമാക്കി.
പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കപ്പെടുന്ന വിശുദ്ധന്‍റെ അലിയാത്ത അത്ഭുതദേഹത്തിന്‍റെ പുണ്യദര്‍ശനത്തിനായി ജാതി മതഭേദമെന്യേ 30 ലക്ഷത്തോളം വിശ്വാസികളാണ് ഗോവയിലെത്തുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി വെളിപ്പെടുത്തി.

ഭാരതത്തിന്‍റെ, വിശിഷ്യ തെക്കെ ഇന്ത്യയുടെ തീരങ്ങളില്‍ വിശ്വാസത്തിന്‍റെ വിളക്കുകൊളുത്തിയ ഈശോ സഭാംഗവും സ്പെയിന്‍കാരനുമായ ഫ്രാന്‍സിസ് സേവ്യര്‍ 1542-ലാണ് കടല്‍മാര്‍ഗ്ഗം ഗോവയിലെത്തിയത്. ഒന്‍പതു വര്‍ഷക്കാലം സാധാരണ ജനങ്ങളുടെ ഇടയില്‍ സുവിശേഷം പങ്കുവച്ചും ക്രിസ്തുവിശ്വാസം പഠിപ്പിച്ചും അദ്ദേഹം ചെലവൊഴിച്ചു. ഇന്ത്യയിലെ പ്രേഷിതവൃത്തി താല്ക്കാലികമായി നിര്‍ത്തിവച്ച് ചൈനയിലേയ്ക്ക് സുവിശേഷദൗത്യവുമായി പുറപ്പെട്ട വിശുദ്ധന്‍ മാര്‍ഗ്ഗമദ്ധ്യേ രോഗഗ്രസ്ഥനായി സാഞ്ചിയന്‍ ദ്വീപില്‍
1552 ഡിസംബര്‍ 3-ാം തിയതി മരണമടഞ്ഞു. ഭൗതികാവശിഷ്ടങ്ങള്‍ കടല്‍മാര്‍ഗ്ഗം ഗോവയിലെ സഭാകേന്ദ്രത്തില്‍ കൊണ്ടുവന്ന് സംസ്ക്കരിച്ചു.

1619-ല്‍ ഗ്രഗരി 15-ാമന്‍ പാപ്പായാണ് സുവിശേഷ പ്രഘോഷകനായ ഫ്രാന്‍സിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. 1624-ല്‍ നടന്ന ഫ്രാന്‍സിസ് സേവ്യറിന്‍റെ വിശുദ്ധപദ പ്രഖ്യാപനത്തോടെയാണ് പൂജ്യശരീരത്തിന്‍റെ വണക്കവും പ്രദര്‍ശനവും ആരംഭിക്കുന്നത്. രഹസ്യമായും പരസ്യമായും നിരവധി തവണ വിശുദ്ധന്‍റെ ഭൗതികാവിശിഷ്ടങ്ങള്‍ അടങ്ങിയ പേടകം വണക്കത്തിനായി തുറക്കപ്പെട്ടിട്ടുണ്ടെന്നതിന് ചരിത്ര രേഖകളുണ്ട്.
1927-ല്‍ പതിനൊന്നാം പിയൂസ് പാപ്പാ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ ഭാരതത്തിന്‍റെ ദ്വിതീയാപ്പോസ്തലനായി പ്രഖ്യാപിച്ചു. 2005-ല്‍ വിശുദ്ധന്‍റെ 5-ാം ജന്മശതാബ്ദി വര്‍ഷത്തിലാണ് 44 ദിവസങ്ങളുടെ വണക്കം അവസാനമായി നടന്നത്.

പാരീസ് സര്‍വ്വകലാശാലയില്‍വച്ച് ഈശോസഭ സ്ഥാപകാനായ വിശുദ്ധ ഇഗ്നേഷ്യസിനെ ഫ്രാന്‍സിസ് ആദ്യമായി കണ്ടുമുട്ടി. ജീവിതത്തില്‍ ലൗകിക നേട്ടങ്ങളിലും വിജയത്തിലും കണ്ണിട്ടിരുന്ന ഫ്രാന്‍സിസില്‍ മാനസാന്തരത്തിനു വഴിതെളിച്ചത് ഈ കൂടിക്കാഴ്ചയാണ്. തുടര്‍ന്ന് ഇഗ്നേഷ്യസിന്‍റെ ശിഷ്യനായി ഈശോസഭയില്‍ ചേര്‍ന്നു. 1537-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഇഗ്നേഷ്യസിന്‍റെ അഗാധമായ ആത്മീയതയും, അദ്ദേഹം ആവര്‍ത്തിച്ചിരുന്ന ‘ലോകം മുഴുവന്‍നേടിയാലും നിന്‍റെ ആത്മാവു നഷ്ടമായാല്‍ എന്തു ഫലം’ (മാര്‍ക്കോസ് 8, 36), എന്ന സുവിശേഷസൂക്തവുമാണ് ഫ്രാന്‍സിസിന്‍റെയും മാനസാന്തരത്തിന് കാരണമായത്. 1541-ല്‍ പോര്‍ച്ചുഗലിലെ ജോണ്‍ രാജാവ് കിഴക്കന്‍ രാജ്യങ്ങളുടെ സുവിശേഷവത്ക്കരണത്തിനായി വിശുദ്ധ ഇഗ്നേഷ്യസിനോട് വൈദികരെ ആവശ്യപ്പെട്ടപ്പോള്‍ മുന്‍നിരയിലെത്തിയത് ഫ്രാന്‍സിസായിരുന്നു. പോര്‍ച്ചുഗലില്‍നിന്നും കപ്പലില്‍ ഏഴുകടലുകളും കടന്നെത്തിയ ഫ്രാന്‍സിസിന്‍റെ പ്രേഷിതജീവിതം സുവിശേഷപ്രചരണത്തിന്‍റെയും വ്യക്തിഗത ആദ്ധ്യാത്മികതയുടെയും വിജയഗാഥയായി മാറി. താന്‍ പ്രഘോഷിച്ച സുവിശേഷത്തിന്‍റെ മങ്ങാത്ത പ്രഭയുമായി വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭൗതികശരീരം അലിയാതെ ഗോവയില്‍ കുടികൊള്ളുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.