2013-10-15 17:27:44

മലേഷ്യ: ‘അള്ളാഹു’ എന്ന പദം ക്രിസ്ത്യാനികള്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കരുതെന്ന് കോടതി വിധി


15 ഒക്ടോബര്‍ 2013, ക്വാലംപൂര്‍
ഇസ്‌ലാം മതവിശ്വാസികളല്ലാത്തവര്‍ 'അള്ളാഹു' (Allah) എന്ന വാക്ക് ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കരുതെന്ന് മലേഷ്യന്‍ കോടതി വിധിച്ചു. ‘ഹെറാള്‍ഡ്’ എന്ന ക്രൈസ്തവ പത്രം ദൈവത്തെ 'അള്ളാഹു' എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ 2009ല്‍ സര്‍ക്കാര്‍ രംഗത്തുവന്നപ്പോള്‍ മുതല്‍ ആരംഭിച്ച തര്‍ക്കമാണ് ഇപ്പോള്‍ നിര്‍ണ്ണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്. ഈ വാക്ക് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട സര്‍ക്കാരിനെതിരേ 2009ല്‍ കോടതിയെ സമീപിച്ച പത്രം, 'അള്ളാഹു' എന്ന പദം ഉപയോഗിക്കാന്‍ കോടതിയുടെ അനുമതി നേടി. കീഴ്ക്കോടതിയുടെ ഈ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി മലേഷ്യന്‍ ക്രൈസ്തവര്‍ 'അള്ളാഹു' എന്ന വാക്ക് ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും ബൈബിളിന്‍റെ മലയ പരിഭാഷയിലും ദൈവത്തെ 'അള്ളാഹു' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ക്രൈസ്തവ പ്രതിനിധികള്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും പത്രത്തിനെതിരായിരുന്നു കോടതി വിധി.

മേല്‍ക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ പോകുമെന്ന് ഹെറാള്‍ഡ് എഡിറ്റര്‍ ഫാ. ലോറന്‍സ് ആന്‍ഡ്രൂ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്‍റെ കടമാണെന്നും ഏതു മതവിഭാഗത്തിന്‍റേയും അവിഭാജ്യ ഘടകമാണ് ദൈവമെന്നും അദ്ദേഹം പറഞ്ഞു. ‘അല്ലാഹു’ എന്നത് ക്രിസ്ത്യന്‍ വിശ്വാസത്തിന്‍േറയും ആചാരത്തിന്‍േറയും അവിഭാജ്യ ഘടകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം. ‘അല്ലാഹു’എന്ന പദത്തിനു പകരം ‘തൂഹാ’ എന്ന പദം ഉപയോഗിക്കാനാണ് കോടതിയുടെ നിര്‍ദേശം. എന്നാല്‍ മലയ ഭാഷയില്‍ ‘തൂഹാ’ എന്ന പദത്തിന് ‘കര്‍ത്താവ്’ എന്നാണ് അര്‍ത്ഥമെന്നും ദൈവം എന്ന് ഉപയോഗിക്കേണ്ട സ്ഥലത്ത് കര്‍ത്താവ് എന്ന് ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും ഫാ.ആന്‍ഡ്രൂ പറഞ്ഞു.

Source: Vatican Radio







All the contents on this site are copyrighted ©.