2013-10-15 17:22:29

കാപട്യത്തിനും വിഗ്രഹാരാധനയ്ക്കുമെതിരേ മാര്‍പാപ്പയുടെ വചന സമീക്ഷ


15 ഒക്ടോബര്‍ 2013, വത്തിക്കാന്‍
കപടനാട്യക്കാര്‍ക്കും വിഗ്രഹാരാധകര്‍ക്കുമെതിരേ മാര്‍പാപ്പയുടെ ശക്തമായ താക്കീത്. ചൊവ്വാഴ്ച രാവിലെ സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് ദൈവാരാധനയില്‍ നിന്നും, സ്വാര്‍ത്ഥതയുടേയും അഹന്തയുടേയും വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്ക് വഴിമാറി പോകുന്ന ക്രൈസ്തവരെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് പരാമര്‍ശിച്ചത്. ദൈവിക സാന്നിദ്ധ്യം ഉള്ളിലുള്ളവരാണ് നമ്മള്‍. അതിനാല്‍ ‘ആരാധന’ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്. എന്നാല്‍ ദൈവത്തെയല്ല നാം ആരാധിക്കുന്നതെങ്കില്‍ നമ്മുടെ ആരാധന സൃഷ്ടികളുടെ നേര്‍ക്കായിപ്പോകുമെന്ന് പാപ്പ മുന്നറിയിപ്പു നല്‍കി. ദൈവത്തെ അറിഞ്ഞിട്ടും വിഗ്രഹാരാധനയിലേക്ക് വഴിമാറിപ്പോകുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള ഒഴിവുകഴിവും ഉണ്ടായിരിക്കില്ല. അവര്‍ നാശത്തിലേക്കു നിപതിക്കും.
വിഗ്രഹാരാധന കഴിഞ്ഞ കാലത്ത് നടന്ന ഒരു സംഭവമല്ല. ഇന്നും അനേകം വിഗ്രഹങ്ങള്‍ വിശ്വാസികള്‍ക്കു മുന്‍പിലുണ്ട്. അന്യമതസ്ഥരെക്കുറിച്ചല്ല, ക്രൈസ്തവരുടെ കാര്യമാണ് താന്‍ പറയുന്നതെന്ന് വ്യക്തമാക്കിയ മാര്‍പാപ്പ വിവേകികളും വിജ്ഞാനികളുമെന്ന് സ്വയം നടിക്കുകയും അതേസമയം, ദൈവത്തെ യഥാവിധം മഹത്വപ്പെടുത്താതിരിക്കുകയും ചെയ്യുന്ന ഭോഷരായ വ്യക്തികള്‍ ക്രൈസ്തവ കുടുംബത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. സ്വന്തം താല്‍പര്യങ്ങളും, ആശയങ്ങളും, സൗകര്യവും മാത്രമാണ് അത്തരക്കാര്‍ പരിഗണിക്കുന്നത്. നാമോരോരുത്തരുടേയും ഉള്ളില്‍ അത്തരം ചില വിഗ്രഹങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ട്. അതെന്താണെന്ന് വെളിപ്പെടുത്തിതരാന്‍ ദൈവത്തിന്‍റെ സഹായം തേടാന്‍ മാര്‍പാപ്പ സഭാംഗങ്ങളെ ക്ഷണിച്ചു. ദൈവസ്നേഹത്തിന്‍റേയും ദൈവാരാധനയുടേയും മാര്‍ഗം പരസ്നേഹത്തിന്‍റേയും ശുശ്രൂഷയുടേയും പാതയാണ്. അതി ലളിതമാണ് ഈ മാര്‍ഗമെങ്കിലും അതിലൂടെ സഞ്ചരിക്കുക പ്രയാസകരമാണ്. ദൈവകൃപയുണ്ടെങ്കില്‍ മാത്രമേ ഈ മാര്‍ഗ്ഗത്തിലൂടെ ചരിക്കാനാവൂ എന്ന് മാര്‍പാപ്പ വിശദീകരിച്ചു.









All the contents on this site are copyrighted ©.