2013-10-15 17:25:35

അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പാപ്പായുടെ ശബ്ദമുയരുന്നു


15 ഒക്ടോബര്‍ 2013, വത്തിക്കാന്‍
അഭയാര്‍ത്ഥികളുടെ ദുരിതങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ(International Organization for Migration, IOM) ഡയറക്ടര്‍ ജനറല്‍ വില്ലൃം ലാസി സ്വിങ്ങിനോട് ചര്‍ച്ചചെയ്തു. പാപ്പായെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ ഐ.ഒ.എം ഡയറക്ടര്‍ ജനറലുമായി തിങ്കളാഴ്ച രാവിലെയാണ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്.
കൂടിക്കാഴ്ച്ചയ്ക്കുശേഷം വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി മാര്‍പാപ്പ സ്വീകരിച്ച ഉറച്ച നിലപാടുകളും അവരെ സഹായിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ശ്ലാഘനീയമാണെന്ന് ഐ.ഒ.എം ഡയറക്ടര്‍ ജനറല്‍ വില്ലൃം ലാസി സ്വിങ്ങ് പ്രസ്താവിച്ചു. ലാമ്പെദൂസാ ദ്വീപ് സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ് പാപ്പാ ഫ്രാന്‍സിസ്. ഈ ദ്വീപില്‍ സന്ദര്‍ശനം നടത്തിയതിന് കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടന പാപ്പായെ അനുമോദിച്ചു. ഒക്ടോബര്‍ 16ന് താന്‍ ലാമ്പെദൂസാ ദ്വീപ് സന്ദര്‍ശിച്ച്, ദ്വീപിലെ സ്ഥിതിഗതികളും അഭയാര്‍ത്ഥികളുടെ ദുരിതാവസ്ഥയും നേരില്‍ കണ്ട് വിലയിരുത്തുമെന്ന് മാര്‍പാപ്പയെ അറിയിച്ചുവെന്നും വില്ലൃം സ്വിങ്ങ് വെളിപ്പെടുത്തി. ലാമ്പെദൂസാ ദ്വീപിലേക്ക് സന്ദര്‍ശനം നടത്തിയപ്പോള്‍ മാര്‍പാപ്പ പറഞ്ഞ ‘നിസംഗതയുടെ ആഗോളവല്‍ക്കരണം’ വ്യക്തിപരമായി തന്നെ ആഴത്തില്‍ സ്പര്‍ശിച്ച ആശയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ണ്ണായകമായ ഒരഭ്യര്‍ത്ഥനയാണ് പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് നടത്തിയത്. പാപ്പായുടെ വിമര്‍ശനം അവസരോചിതമായിരുന്നുവെന്നും അത് അന്താരാഷ്ട്ര സമൂഹത്തേയും വികസിത രാഷ്ട്രങ്ങളേയും ആത്മശോധനയ്ക്ക് പ്രേരിപ്പിച്ചുവെന്നും വില്ലൃം ലാസി സ്വിങ്ങ് അഭിപ്രായപ്പെട്ടു.

Source: Vatican Radio








All the contents on this site are copyrighted ©.