2013-10-13 10:55:52

മരിയ ഗീതികളാല്‍
മുഖരിതമായ വത്തിക്കാന്‍


13 ഒക്ടോബര്‍ 2013, വത്തിക്കാന്‍
മരിയ ഗീതങ്ങളാല്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍ വത്തിക്കാന്‍ മുഖരിതമാകുമെന്നും, നവസുവിശേഷവത്ക്കരണ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല്ലാ പ്രസ്താവിച്ചു.

വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന മരിയന്‍ പരിപാടികളാണ് ഈ ദിനങ്ങളില്‍ ശ്രേദ്ധേയമാകുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന മരിയന്‍ സംഘടനാ പ്രതിനിധികള്‍,
തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ വക്താക്കള്‍, ദേശീയ പ്രാദേശിക സഭാ തലവന്മാര്‍ എന്നിവരാണ് വത്തിക്കാനില്‍ സംഘടിപ്പിച്ചിരിക്കുന്ന മരിയന്‍ ദ്വിദിന പരിപാടികളില്‍ സംഗമിക്കുന്നത്.

ഒക്ടോബര്‍ 12, ശനിയാഴ്ച ഉച്ചതിരിഞ്ഞ് പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ നിന്നും കന്യകാ നാഥയുടെ തിരുസ്വാരൂപം റോമിലെ ഫുമിച്ചീനോ വിമാനത്താവളത്തിലെത്തും. ഇറ്റാലിയന്‍ നാവിക സേനയുടെ പ്രത്യേക ഹെലിക്കോപ്റ്ററില്‍ ഫാത്തിമാ നാഥയുടെ തിരുസ്വരൂപം വത്തിക്കാനിലെത്തിക്കും. ആദ്യം പാപ്പാ ബനഡിക്ട് താമസിക്കുന്ന ‘മാത്തര്‍ എക്ലേസിയാ’ ഭവനത്തിലെത്തുന്ന തിരുസ്വരൂപം, പാപ്പായുടെ കപ്പേളയില്‍ ഏതാനും നിമിഷങ്ങള്‍ വണക്കത്തിനുവച്ചശേഷം, അവിടെനിന്നും പേപ്പല്‍ വാസതി, ‘സാന്താ മാര്‍ത്ത’യുടെ ഉമ്മറത്ത് പാപ്പാ ഫ്രാന്‍സിസ് സ്വീകരിച്ച് വണങ്ങും.

‘സാന്താ മാര്‍ത്ത’യില്‍നിന്നുമാണ് പൊതുവണക്കത്തിനായി 4 മണിക്ക്
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് ഫാത്തിമാനാഥ ആനയിക്കപ്പെടുന്നത്.
ജനങ്ങള്‍ സമ്മേളിക്കുന്ന ചത്വരത്തിന്‍റെ വിവിധ പാതകളിലൂടെ എഴുന്നള്ളിക്കുന്ന കന്യകാനാഥയുടെ തിരുസ്വരൂപത്തെ വിശ്വാസികള്‍ വെളുത്ത തുവാല വീശി സ്വീകരിക്കുമെന്നും ആര്‍ച്ചുബിഷപ്പ ഫിസിക്കേല്ലാ വ്യക്തമാക്കി.

ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിക്ക് ചത്വരത്തിലെ പ്രത്യേകവേദിയില്‍ പാപ്പായുടെ കാര്‍മ്മികത്വത്തിലുള്ള മരിയന്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തപ്പെടും. ‘അമ്മയുടെ മാര്‍ഗ്ഗം’ Via Matris എന്ന പ്രാര്‍ത്ഥനശുശ്രൂഷയില്‍ തിരുവചനത്തെ ആധാരമാക്കി മറിയത്തിന്‍റെ 7 വ്യാകുലങ്ങള്‍ ജീവല്‍ബന്ധിയായി ധ്യാനിക്കും. ശുശ്രൂഷയുടെ സമാപനത്തില്‍ പാപ്പാ സന്ദേശം നല്കും.

വൈകുന്നേരം 7 മണിക്ക് റോമിലെ വിഖ്യാതമായ ‘ദിവീനോ അമോറെ’ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മരിയന്‍ ജാഗര പ്രാര്‍ത്ഥന ആരംഭിക്കും. വത്തിക്കാനില്‍നിന്നും ‘ദിവീനോ ആമോറെ’ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തുന്ന ഫാത്തിമാനാഥയുടെ തിരുസ്വരൂപത്തിന്‍റെ സന്നിധിയിലാണ് ഞായറാഴ്ച പുലര്‍ച്ചെവരെ നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലായിരിക്കും വത്തിക്കാനില്‍നിന്നും ഏകദേശം 6 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദിവീനോ അമോറെയിലേയ്ക്ക് കന്യകാനാഥയുടെ തിരുസ്വരൂപം എത്തിക്കുക.
വീണ്ടും ഞായറാഴ്ച രാവിലെയുളള പരിപാടികള്‍ക്കായി വത്തിക്കാനിലേയ്ക്കും പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള ഹെലിക്കോപ്റ്റര്‍ തന്നെയായിരിക്കും കന്യകാനാഥയുടെ തിരുസ്വരൂപം തിരികെ കൊണ്ടുവരുന്നതും.

രണ്ടാം ദിവസം, ഒക്ടോബര്‍ 13-ാം തിയതി ഞാറാഴ്ച രാവിലെ പ്രാദേശിക സമയം 9.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി, വചനപ്രഘോഷണം, തുടര്‍ന്ന് ആഗോള സഭയെ കന്യകാനാഥയ്ക്കു പ്രതിഷ്ഠിക്കുന്ന കര്‍മ്മം, ത്രികാലപ്രാര്‍ത്ഥന എന്നിവ മരിയന്‍ ആഘോഷങ്ങളിലെ മുഖ്യഇനങ്ങളാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തമായ 10 മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ‘ദിവീനോ അമോറെ’യില്‍ നടക്കുന്ന മരിയന്‍ ജാഗരപ്രാര്‍ത്ഥന സാറ്റലൈറ്റുവഴി കണ്ണിചേര്‍ക്കപ്പെടും.
ഇറ്റാലിയന്‍ നാവികസേനയുടെ ഹെലികോപ്റ്ററിലായിരിക്കും വത്തിക്കാനില്‍നിന്നും ഏകദേശം 6 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദിവീനോ അമോറെയില്‍ കന്യകാനാഥയുടെ തിരുസ്വാരൂപം എത്തിക്കുക. ജാഗരപ്രാര്‍ത്ഥനയ്ക്കുശേഷം വീണ്ടും ഞായറാഴ്ച രാവിലെയുളള പരിപാടികള്‍ക്കായി സുരക്ഷാസംവിധാനങ്ങളുള്ള പ്രത്യേക ഹെലിക്കോപ്റ്ററില്‍ തന്നെയായിരിക്കും കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനിലേയ്ക്ക് തിരികെകൊണ്ടു വരിക.
Reported : nellikal, sedoc








All the contents on this site are copyrighted ©.