2013-10-12 09:00:50

ക്രിസ്തുവില്‍ വളരുന്ന
ദൈവരാജ്യത്തിന്‍റെ പ്രതിസംസ്ക്കാരം


RealAudioMP3
മത്തായി 23, 1-12 ശ്ലീബായ്ക്കുംശേഷം 5-ാം ഞായര്‍

ക്രിസ്തു ജനക്കൂട്ടത്തോടും തന്‍റെ ശിഷ്യന്മാരോടും അരുളിച്ചെയ്തു. നിയമജ്ഞരും ഫരിസേയരും
മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍ അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, എന്നാല്‍ പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ്
അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു. വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധനചെയ്യപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ – സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏകനേതാവ്. നിങ്ങളില്‍ ഏറ്റവും വിലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

മതസഹിഷ്ണുതയുടെ അന്തരീക്ഷം പൊതുവെ അനുഭവിക്കുന്ന ഭാരതത്തില്‍ 90-കളുടെ ആരംഭത്തിലാണ് മൗലികവാദം വളര്‍ന്നത്. ചില രാഷ്ട്രിയ കക്ഷികള്‍ അതിനെ പിന്‍തുണയ്ക്കുവാനും തുടങ്ങി. അതോടെ സാധാരണക്കാരായ ജനങ്ങള്‍ പ്രത്യേകിച്ച്, വിദ്യാഭ്യാസം കുറഞ്ഞവര്‍ മതമൗലികവാദത്തിന്‍റെ തീവ്രതയിലേയ്ക്കും അക്രമങ്ങളിലേയ്ക്കും ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇറങ്ങിപ്പുറപ്പെടാന്‍ തുടങ്ങി. ഒറീസ്സായില്‍ ആദ്യകാലത്തുണ്ടായ സംഭവത്തോട് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പെയ് പ്രതികരിച്ചത് ഇങ്ങനെയാണ്, ‘പാഗല്‍ ഹൈ,’ “ഇതെന്തു ഭ്രാന്താണ്!” തീര്‍ച്ചയായും മതത്തിന്‍റെ പേരില്‍ പരസ്പരം കീറിമുറിക്കുന്നത് മതഭ്രാന്താണ്. എന്നാല്‍ രാഷ്ടീയ സന്ദര്‍ഭങ്ങള്‍കൊണ്ട് വാജ്പെയ്ക്കും സര്‍ക്കാരിനും
അന്ന് നടപടിയൊന്നും എടുക്കാനായില്ല. മതഭ്രാന്തിന്‍റെ അഴിഞ്ഞാട്ടം ഇന്നും തുടരുകയാണ്.

കാപട്യത്തിന്‍റെ മൂടുപടമണിഞ്ഞ മൗലികവാദികളായ മതനേതാക്കള്‍ക്കെതിരെയുള്ള ക്രിസ്തുവിന്‍റെ ആരോപണമാണ് ഇന്നത്തെ സുവിശേഷഭാഗം. മത നേതാക്കളുടെ അധാര്‍മ്മികതയും കപടതയും ജനകീയ വിചാരണയ്ക്കെന്ന പോലെ നിരത്തിവയ്ക്കുകയാണ് ക്രിസ്തു. ജനത്തിന്‍റെമേല്‍ മതമേലധ്യക്ഷന്മാര്‍ക്കുള്ള അധികാരം ക്രിസ്തു അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കാപട്യത്തെ ക്രിസ്തു വിമര്‍ശിക്കുന്നു. തീയിടാണ് അവിടുത്തെ തീരുമാനം.

നിയമജ്ഞനരും ഫരിസേയരും ദൈവകല്പനകള്‍ വ്യാഖ്യാനിക്കാനുള്ള സമ്പൂര്‍ണ്ണാധികാരം ഉള്ളവരാകയാല്‍
അവര്‍ പറയുന്നത് അനുസരിക്കണമെന്ന് ക്രിസ്തു നിഷ്ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ മാതൃകയാക്കരുതെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചു. ദൈവത്തിന്‍റെ പേരില്‍ ദുര്‍വഹമായ ചുമടുകള്‍ ജനത്തിന്‍റെ മേല്‍ കെട്ടിവയ്ക്കുന്ന ദേവാലയാധികാരത്തെ ക്രിസ്തു വിമര്‍ശിക്കുന്നു. പണപ്പിരിവുകളെയും ഭരണപരമായ ലാഭനഷ്ടങ്ങളെയും ആഘോഷങ്ങളെയും കുറച്ച് അധികം പറയുന്നതിനാല്‍ ചിലപ്പോള്‍ ഇന്നത്തെ ദൈവാലയങ്ങളിലും ദൈവവചനം പങ്കുവയ്ക്കാന്‍ സമയമില്ലാത്ത അവസ്ഥയാണ്. “എന്‍റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ലഘുവുമാണ്,” (മത്തായി 11, 30). എന്നു പറഞ്ഞ ക്രിസ്തുവിന്‍റെ പേരിലുള്ള ആലയങ്ങള്‍ നിയമങ്ങളുടെയും നിര്‍ബന്ധങ്ങളുടെയും അമിതഭാരം ജനങ്ങളുടെമേല്‍ ചുമത്തുന്ന ഇടങ്ങളാകുന്നത് ഖേദകരമാണ്.

ക്രിസ്തു പുതുവീഞ്ഞാണ്. ആ പുതുവീഞ്ഞിനുവേണ്ടി ഭൂമിയുടെ തോല്‍ക്കുടങ്ങളൊന്നും ഇനിയും പരുവപ്പെട്ടിട്ടില്ലെന്ന് സ്നാപക യോഹന്നാനെപ്പോലെ പറയാനുള്ള വിനയമുണ്ടാവണം നമുക്ക്. ക്രിസ്തുവിനുവേണ്ടി വഴിയൊരുക്കുകയായിരുന്നു തന്‍റെ ലക്ഷൃമെന്നാണ് യോഹന്നാന്‍ വ്യക്തമാക്കി. അവിടുത്തെ ചെരിപ്പിന്‍റെ വാറഴിക്കാന്‍ പോലും താന്‍ യോഗ്യനല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ബോധ്യം.
ആത്മാവില്‍ പ്രകാശം ലഭിച്ചവര്‍ക്കേ വിനയമുണ്ടാകൂ. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഭരതവാക്യമാണ് “ക്രിസ്തുചെയ്ത മറ്റുപല കാര്യങ്ങളുമുണട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ലോകത്തിനുതന്നെ സാധിക്കാതെ വരുമായിരുന്നു” (യോഹ. 21, 15). ഒരു തോല്‍ക്കുടവും ഈ പുതുവീഞ്ഞിനെ പൂര്‍ണ്ണായി സ്വീകരിക്കാന്‍ നവീകരിക്കപ്പെട്ടിട്ടില്ല. ക്രിസ്തുവെന്ന പുതുവീഞ്ഞ് രുചിച്ചുനോക്കിയ പത്രോസ് പറഞ്ഞു. “ഞാനിനി ഏഴു പ്രാവശ്യംപോലും ക്ഷമിക്കാന്‍ തയ്യാറാണ്.” “ഏഴ് എഴുപതു പ്രാവശ്യം,” എന്നു പറഞ്ഞ്, ഇനിയും നവീകരിക്കപ്പടേണ്ട വീഞ്ഞുപാത്രമാണ് നമ്മളെന്ന് ക്രിസ്തു സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.

പഴയതും പുതിയതുമായ തോല്‍ക്കുടങ്ങളെക്കുറിച്ചുള്ള ബൈബിള്‍ സൂചനയ്ക്കിടയില്‍ സാരമായ അര്‍ത്ഥവ്യത്യാസമുണ്ട്. പഴയ തോല്‍ക്കുടങ്ങള്‍ വരണ്ടു മുറുകിയിരിക്കുന്നു. പുതുവീഞ്ഞ് നിറയുമ്പോള്‍
അത് വിണ്ടുകീറിപ്പോകുന്നു. പുതിയതാവട്ടെ സ്നിഗ്ദ്ധവും എന്തും സ്വീകരിക്കാന്‍ അയവുള്ളതുമാണ്. ഈ നവധാരണയാണ് നമുക്കിന്നാവശ്യം.

ഹൊസെ സരമാഗോവിന്‍റെ Gospel according to Jesus Christ ‘ക്രിസ്തുവിന്‍റെ സുവിശേഷം’ എന്ന പുസ്തകത്തില്‍ ബാലനായ യേശു ജരൂസലേം ദേവാലയത്തിലെത്തുന്ന രംഗമുണ്ട്. അമ്മകൊടുത്ത കൈയിലുള്ള ഷെക്കേലുകള്‍ തികയാഞ്ഞിട്ട്, ഏതാണ്ട് യാചിച്ചാണ് അവന്‍ ബലിക്കുവേണ്ട കുഞ്ഞാടിനെ സ്വന്തമാക്കിയത്. എന്നിട്ട് കാല്‍പ്പാടുകള്‍ ഒന്നാകുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ ഉന്മാദിയെപ്പോലെ അവന്‍ ഓടുന്നു.
അതെ, ദേവാലയത്തിന്‍റെ എതിര്‍ ദിശയേല്യ്ക്കുതന്നെ! ആട്ടിന്‍‍കുട്ടിയെ തോളിലേറ്റിക്കൊണ്ടു ബാലനായ ക്രിസ്തു നസ്രത്തിലേയ്ക്കാണ് തിരിഞ്ഞു നടന്നത്. ആ കുഞ്ഞാടിനെയെങ്കിലും അര്‍ത്ഥമില്ലാത്ത ബലിയില്‍നിന്ന് മോചിപ്പിക്കണമെന്നായിരുന്നു അവന്‍റെ ആഗ്രഹം. അന്നോളം മനുഷ്യര്‍ നടന്ന വഴികള്‍ക്കെതിരെ അപകടകരമായി നടക്കാന്‍ ധൈര്യപ്പെട്ടു എന്നതാണ് ക്രിസ്തുവിന്‍റെ കനലുള്ള വ്യക്തി സൗന്ദര്യം. ക്രിസ്തു നിഷേധിക്കാന്‍ ശ്രമിച്ചതിനോടൊക്കെ നമ്മള്‍ സമരസപ്പെടുന്നു. അത് പഴയതോല്‍ക്കുടത്തിലെ പുതിയ വീഞ്ഞിന്‍റെ അവസ്ഥയാണ്.

ബലിസമ്പ്രദായങ്ങളെ പുരോഹിതരേഖയായും പാരമ്പര്യമായും പുറപ്പാടിലും നിയമാവര്‍ത്തനത്തിലും, ലേവ്യരുടെ ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ പാപത്തിനു പരിഹാരമായി ദഹനബലിയര്‍പ്പിക്കുകയല്ല വേണ്ടതെന്ന് നിയമാവര്‍ത്തന ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നുണ്ട്. കാളയെ കൊന്ന് രക്തമെടുത്ത് അള്‍ത്താരമേലും ജനങ്ങളുടെമേലും തളിച്ചാല്‍ മനുഷ്യന്‍ ചെയ്ത പാപത്തിനു പരിഹാരമാകുമോ? ആത്മീയശുദ്ധി കൈവരിക്കുന്നതിന് പശ്ചാത്താപമാണ് – പാപങ്ങള്‍ ഏറ്റുപറയുകയും, ദൈവത്തോടു മാപ്പിരക്കുകയും, പ്രായശ്ചിത്തം ചെയ്യുകയുമാണു വേണ്ടത്. ബലി എന്നാല്‍ വ്യവസ്ഥാപിതമായ ഒന്നല്ല, മറിച്ച് വ്യക്തിപരമാണ്. മതവും ഭക്തിയും വ്യക്തിപരമായിരിക്കണം. ഉദാഹരണത്തിന്, വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍നിന്നാണ് ദശാംശം കൊടുക്കേണ്ട്ത്, അകയാല്‍ പത്തില്‍ ഒന്ന് പരിശുദ്ധമാണെന്നും അത് ദൈവത്തിന്‍റേതാണെന്നുമുള്ള പുരോഹിത്യ വ്യാഖ്യനത്തിന് പ്രസക്തിയില്ല.

അധികാരങ്ങള്‍ വിഗ്രഹവത്ക്കരിക്കപ്പടേണ്ടതില്ലെന്ന് ക്രിസ്തു പഠിപ്പിച്ചു. മതപരമായ ചട്ടങ്ങള്‍ പ്രകൃതി നിയമംപോലെ അലംഘനീയമല്ലെന്നും അവിടുന്ന് ഓര്‍മ്മിപ്പിച്ചു. ബുദ്ധന്‍ ബിംബിസാര രാജാവിനെ പഠിപ്പിച്ചതുപോലെ... അന്നോളം എഴുതപ്പെട്ടിട്ടുള്ള ധാര്‍മ്മിക, സാരോപദേശ, നീതിഗ്രന്ഥങ്ങളുടെ മൂല്യമെന്തെന്നൊരു തര്‍ക്കമുണ്ടായി. വലിയൊരു ത്രാസുണ്ടാക്കാന്‍ തഥാഗതന്‍ ആവശ്യപ്പെട്ടു. അതിന്‍റെ തട്ടുകളിലൊന്നില്‍ അന്നോളം എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ മുഴുവന്‍ വച്ചു. റാത്തലുകളോളം ഭാരമുള്ള താളിയോല ഗ്രന്ഥങ്ങള്‍ അതില്‍ വച്ചു. പിന്നെ പാടത്തു പണിചെയ്യുന്ന ചെറുബാലനെ കൊണ്ടുവരാന്‍ ബുദ്ധദേവന്‍ പറഞ്ഞു. പന്ത്രണ്ടു വയസ്സുള്ള കുഞ്ഞ് പേടിച്ചരണ്ട് രാജസദസ്സിലെത്തി അവനെ ത്രാസിന്‍റെ മറ്റേ തട്ടില്‍വച്ചു. ആ നമിഷം ചുരുളുകളുടെ തട്ട് ഉയര്‍ന്നു പൊങ്ങി. അപ്പോള്‍ നടുങ്ങിനല്‍ക്കുന്ന ആള്‍ക്കൂട്ടത്തോട് ബുദ്ധന്‍ പറഞ്ഞു. “ഭൂമിയിലെ ഏറ്റവും ചെറിയ മനുഷ്യന്‍പോലും എല്ലാ നിയമങ്ങള്‍ക്കും മീതെയാണ്,” എന്ന്. നിയമവും സാബത്തുമെല്ലാം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. അടിമുടി വിപ്ലവംനിറഞ്ഞ വചനം നല്‍കിയവന്‍റെ നാമത്തില്‍ രൂപപ്പെടുന്ന നവമായ സാബത്തുകള്‍ നമുക്കുള്‍ക്കൊള്ളാം. ക്രിസ്തു ദേവാലയത്തെ വികേന്ദ്രീകരിക്കുകയാണ്. ദൈവരാജ്യത്തിന്‍റെ വീണ്ടെടുപ്പാണത്. “നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍ സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവും കുഞ്ഞാടും ആയിരുന്നു അതിലെ ദൈവാലയം” (വെളി. 21, 22). ക്രിസ്തു രൂപപ്പെടുത്തിയ പുതിയ ദേവാലയ സങ്കല്പങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ഇടങ്ങളെക്കാള്‍ മനോഭാവങ്ങള്‍ പ്രസക്തമാകുന്ന സ്ഥലങ്ങളാവണം ദേവാലയം. “ആ മലയിലും ഈ മലയിലുമല്ല, എല്ലാ ഇടങ്ങളിലും മനുഷ്യര്‍ ദൈവത്തെ ആരാധിക്കുന്ന കാലം വരുന്നു,” എന്ന് സമറിയാക്കാരിയായ അന്വേഷിയെ ക്രിസ്തു സാന്ത്വനപ്പെടുത്തിയില്ലേ. ചരിത്രത്തില്‍ അതിനിര്‍ണ്ണായകമായ ദശാസന്ധിയിലാണ് നാമിന്ന്. ജീര്‍ണ്ണിച്ച ദേവാലയം പുതുക്കാനിറങ്ങിയ അസ്സിസിയിലെ സിദ്ധനെ അനുകരിക്കുന്ന പാപ്പാ ഫ്രാന്‍സിസ്സിന്‍റെ ദര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കാം. നാം നവീകരിക്കപ്പെടുമ്പോഴാണ് സഭ നവീകൃതയാകുന്നത്. കാരണം, നിങ്ങളും ഞാനുമാണ് സഭ!
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.