2013-10-11 15:40:45

“സ്ത്രീത്വത്തിന്‍റെ മഹനീയത”, അപ്പസ്തോലിക ലേഖനത്തിന്‍റെ സമകാലിക പ്രസക്തി


11 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ത്രീത്വത്തിന്‍റെ മഹത്വത്തെക്കുറിച്ച് രചിച്ച “സ്ത്രീത്വത്തിന്‍റെ മഹനീയത” (Mulieris Dignitatem) എന്ന അപ്പസ്തോലിക ലേഖനം ആനുകാലിക പ്രസക്തമാണെന്ന് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വനിതാ വിഭാഗം മേധാവി അന്ന ക്രിസ്തീന വില്ല ബെതാന്‍കോര്‍ത്ത്. അപ്പസ്തോലിക ലേഖനത്തിന്‍റെ രജതജൂബിലിയോടനുബന്ധിച്ച് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ റോമില്‍ നടന്ന അന്താരാഷ്ട്ര പഠന ശിബിരത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ മഹത്വത്തേയും വിളിയേയും സംബന്ധിച്ച സുപ്രധാനമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ അപ്പസ്തോലിക പ്രബോധനം കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം സഭാ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രബോധന രേഖയാണെന്ന് അന്ന ക്രിസ്തീന പ്രസ്താവിച്ചു. 1987ല്‍ അല്‍മായര്‍ക്കുവേണ്ടിയുള്ള സിനഡിനു ശേഷമാണ് മാര്‍പാപ്പ ഈ അപ്പസ്തോലിക ലേഖനം പുറപ്പെടുവിച്ചത്. അക്കാരണത്താല്‍തന്നെ, അല്‍മായ പ്രേഷിതത്വത്തെക്കുറിച്ച് സിനഡില്‍ നടന്ന ചര്‍ച്ചകളുടെ സ്വാധീനം പ്രബോധന രേഖയില്‍ ദൃശ്യമാണ്. സഭാ ജീവിതത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ഇച്ഛാഭംഗത്തിനിടയാക്കിയെങ്കിലും സഭാ ജീവിതത്തില്‍ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ച് ദൈവശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ ആഴമേറിയ ദര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ അപ്പസ്തോലിക ലേഖനം വന്‍വിജയമായിരുന്നുവെന്ന് അന്ന ക്രിസ്തീന അഭിപ്രായപ്പെട്ടു. അപ്പസ്തോലിക ലേഖനം കൂടുതല്‍ അറിയപ്പെടാനും ലേഖനത്തിലെ പ്രബോധനങ്ങളെക്കുറിച്ച് സഭയില്‍ അവബോധം വര്‍ദ്ധിക്കാനും വേണ്ടി ഇനിയും ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും അവര്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.