2013-10-09 12:51:01

പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മാര്‍പാപ്പ


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പ്രാര്‍ത്ഥിക്കാനും ക്ഷമിക്കാനും അറിയുന്ന ഒരു ഹൃദയമുള്ളവനാണ് ക്രിസ്ത്യാനിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൊവ്വാഴ്ച രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് ക്രിസ്തീയ പ്രാര്‍ത്ഥനയുടെ ഉള്‍പ്പൊരുളിനെക്കുറിച്ച് വിശദീകരിച്ചത്. പ്രാര്‍ത്ഥന യാന്ത്രികമായിരിക്കരുത്. ഹൃദയത്തില്‍ നിന്നുയരുന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ദിവ്യബലി മധ്യേ വായിച്ച വിശുദ്ധഗ്രന്ഥഭാഗങ്ങളെ ആധാരമാക്കി മാര്‍പാപ്പ പ്രസ്താവിച്ചു. പുതിയ നിയമത്തിലെ വിശുദ്ധ മാര്‍ത്തയേയും പഴയനിയമത്തിലെ യോനാ പ്രവാചകനേയും ഒന്നിപ്പിക്കുന്ന ഒരു കാര്യമുണ്ട്: ഇരുവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ അറിയില്ല. തന്‍റെ സഹോദരി മറിയം തന്നെ സഹായിക്കാന്‍ വരാത്തതില്‍ യേശുവിനോട് പരിഭവപ്പെടുന്ന മാര്‍ത്തയോട് യേശുവിന്‍റെ മറുപടി, മറിയം ‘നല്ല ഭാഗം’ തിരഞ്ഞെടുത്തിരിക്കുന്നു എന്നായിരുന്നു. പ്രാര്‍ത്ഥനയുടേയും ധ്യാനത്തിന്‍റേയും നല്ല ഭാഗമാണ് മറിയം തിരഞ്ഞെടുത്തതെന്ന് മാര്‍പാപ്പ വിശദീകരിച്ചു.
പ്രാര്‍ത്ഥനയിലൂടെ അത്ഭുതങ്ങള്‍ നടക്കുന്നതിന്‍റെ ഒരു സാക്ഷൃമാണ് നിനവേ നഗരത്തില്‍ നടന്നത്. ദൈവം ആവശ്യപ്പെട്ടതനുസരിച്ച് യോനാ പ്രവാചകന്‍ നഗരത്തിന്‍റെ നാശത്തെക്കുറിച്ച് പ്രവചിച്ചു. പ്രവാചകന്‍റെ വാക്കു വിശ്വസിച്ച ജനം മാനസാന്തരപ്പെട്ടു. ഏറ്റവും ചെറിയവന്‍ മുതല്‍ വലിയവന്‍ വരെ എല്ലാവരും ദൈവത്തോടു ക്ഷമയാചിച്ചു പ്രാര്‍ത്ഥിച്ചു. അവര്‍ മാനസാന്തരപ്പെട്ട് പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ദൈവം അവരോട് കരുണകാണിച്ചു. നഗരത്തെ നശിപ്പിച്ചില്ല. പക്ഷേ ഈ രക്ഷാകര ചരിതത്തില്‍ യോനാ സ്വീകരിച്ചത് തെറ്റായ ഒരു മനോഭാവമാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ദൈവിക കാരുണ്യത്തേക്കാള്‍ നീതിനിര്‍വഹണമായിരുന്നു യോനയെ സംബന്ധിച്ച് പ്രധാനം. കാരുണ്യത്തിനിടമില്ലാത്ത നീതിബോധമാണത്. ആന്തരികമായ പ്രാര്‍ത്ഥനയില്ലാതെ ശുശ്രൂഷയില്‍ വ്യാപൃതയായതായിരുന്നു മാര്‍ത്തായുടെ വീഴ്ച്ചയെങ്കില്‍ യോനായെ പോലെയുള്ളവര്‍ കര്‍ക്കശക്കാരായ നീതിനിര്‍വ്വഹരാണ്. ദൈവം നിനവേ നിവാസികളോട് കാരുണ്യം കാട്ടിയത് അയാള്‍ക്കിഷ്ടപ്പെട്ടില്ല. അവര്‍ ശിഷ അര്‍ഹിച്ചിരുന്നുവെന്ന് യോന ഉള്ളില്‍ പറഞ്ഞു.
ദൈവം കല്‍പിച്ചതനുസരിച്ച് ആ ജനത്തിനെതിരേ പ്രവചിച്ചെങ്കിലും അവര്‍ക്കുവേണ്ടി യോനാ പ്രാര്‍ത്ഥിച്ചില്ല. അവരെ പ്രഹരിക്കണമെന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന. അങ്ങനെയുള്ള നീതിനിര്‍വാഹകര്‍, തങ്ങള്‍ നീതിമാന്‍മാരാണെന്ന് സ്വയം വിശ്വസിക്കുന്നു. യോനാ ഒരു സ്വാര്‍ത്ഥനായ വ്യക്തിയാണെന്നും പിന്നീട് നാം കാണുന്നുണ്ട്. കാരണം ജനത്തിന്‍റെ പ്രാര്‍ത്ഥന ശ്രവിച്ച് ദൈവം നിനവേയെ രക്ഷിച്ചപ്പോള്‍ യോനാ അത്യധികം കുപിതനായി. “അങ്ങ് എപ്പോഴും ഇങ്ങനെയാണ്, എല്ലാം ക്ഷമിക്കുന്നു” എന്ന് അയാള്‍ ദൈവത്തോടു പരാതിപ്പെട്ടു.

പ്രാര്‍ത്ഥന ഹൃദയമില്ലാത്ത ഒരു സൂത്രവാക്യമല്ല. ദോഷചിന്തയ്ക്കോ ക്ഷമയും കാരുണ്യവും കൂടാതെ നീതി നടത്താനുള്ള അഭിലാഷത്തിനോ പ്രാര്‍ത്ഥനയില്‍ ഇടമില്ല. ഇത്തരം പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കാന്‍ മുന്‍കരുതലെടുത്തുകൊണ്ട് മറിയത്തെപ്പോലെ ‘നല്ലഭാഗം’ തിരഞ്ഞെടുക്കുവാന്‍ നാം പരിശീലിക്കണം.
പ്രാര്‍ത്ഥിക്കാതിരിക്കുമ്പോള്‍ നാം ക്രിസ്തുവിനു മുന്‍പില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു. നമ്മുടെ ഉള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ദൈവത്തിന് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഒരു പ്രശ്നത്തിന്‍റേയോ പ്രതിബന്ധത്തിന്‍റേയോ വിഷമസന്ധിയുടേയോ മുന്‍പില്‍ നാം പ്രാര്‍ത്ഥനാ നിരതരാകുമ്പോള്‍ ദൈവത്തിനായി വാതില്‍ തുറന്നു നല്‍കുകയാണ് ചെയ്യുന്നത്. ദൈവം അവിടെ കടന്നുവരുകതന്നെ ചെയ്യും. അവിടുന്ന് എല്ലാം നേരെയാക്കും. ഇതാണ് പ്രാര്‍ത്ഥന, ദൈവത്തിനായി വാതില്‍ തുറന്നുകൊടുക്കുന്നത്. നേരെ മറിച്ച് നാം വാതില്‍ അടച്ചുപൂട്ടിയാല്‍ ദൈവത്തിന് ഒന്നും ചെയ്യാന്‍ സാധ്യമല്ല. ‘നല്ല ഭാഗം’ തിരഞ്ഞെടുത്ത മറിയത്തിന്‍റെ മാര്‍ഗം പിന്തുടര്‍ന്ന് നമുക്കും ദൈവത്തിനായി വാതില്‍ തുറക്കാം എന്ന ആശംസയോടെയാണ് മാര്‍പാപ്പ വചനസമീക്ഷ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.