2013-10-08 17:00:17

“സ്ത്രീത്വത്തിന്‍റെ മഹനീയത”, അപ്പസ്തോലിക ലേഖനം രജതജൂബിലി നിറവില്‍


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ത്രീത്വത്തിന്‍റെ മഹത്വത്തെക്കുറിച്ച് രചിച്ച അപ്പസ്തോലിക ലേഖനം രജതജൂബിലി നിറവില്‍. 1988ല്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച “സ്ത്രീത്വത്തിന്‍റെ മഹനീയത”(Mulieris dignitatem) എന്ന അപ്പസ്തോലിക ലേഖനത്തെ സംബന്ധിച്ച ദ്വിദിന അന്താരാഷ്ട്ര പഠന ശിബിരം ഒക്ടോബര്‍ 10, 11 തിയതികളില്‍ റോമില്‍ നടക്കും. അപ്പസ്തോലിക ലേഖനത്തിന്‍റെ രജതജൂബിലിയോടനുബന്ധിച്ച് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് അന്താരാഷ്ട്ര പഠന ശിബിരം സംഘടിപ്പിക്കുന്നത്. അപ്പസ്തോലിക ലേഖനത്തില്‍ നിന്നുള്ള “മനുഷ്യനെ ദൈവം സ്ത്രീക്ക് ഭരമേല്‍പ്പിക്കുന്നു” (സ്ത്രീത്വത്തിന്‍റെ മഹനീയത, 30) – എന്ന വാക്യത്തെ കേന്ദ്രീകരിച്ചാണ് പഠനശിബിരം നടക്കുക. ചരിത്രപരമായി സ്ത്രീയുടെ പ്രതിച്ഛായയ്ക്കു വന്നിരിക്കുന്ന മാറ്റങ്ങള്‍, ആ മാറ്റങ്ങള്‍ സ്ത്രീകളെ എപ്രകാരം ബാധിക്കുന്നു. സ്നേഹസംസ്കൃതിയുടെ വളര്‍ച്ചയില്‍ സ്ത്രീയുടെ പങ്ക്, സ്നേഹത്തിന്‍റെ ഒരു പുതുസംസ്ക്കാരം പടുത്തുയര്‍ത്താനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍, തുടങ്ങിയവയാണ് പഠനശിബിരത്തിലെ ചര്‍ച്ചകളുടേയും വിശകലനങ്ങളുടേയും മുഖ്യവിഷയങ്ങള്‍. പഠനശിബിരത്തില്‍ പങ്കെടുക്കുന്നവരുമായി പാപ്പാ ഫ്രാന്‍സിസ് ഒക്ടോബര്‍ 12ന് കൂടിക്കാഴ്ച്ച നടത്തുമെന്ന് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.








All the contents on this site are copyrighted ©.