08 ഒക്ടോബര്‍ 2013, വത്തിക്കാന്‍ വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിന്‍റെ
ശവകുടീരത്തിലേക്ക് കുടുംബങ്ങളുടെ തീര്‍ത്ഥാടനം നടത്തപ്പെടുന്നു. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള
പൊന്തിഫിക്കല്‍ കൗണ്‍സിലും നവസുവിശേഷവല്‍ക്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും
സംയുക്തമായാണ് ഒക്ടോബര്‍ 26, 27 തിയതികളില്‍ ഈ തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.
കുടുംബമൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനും കുടുംബ ജീവിതസാക്ഷൃം പങ്കുവയ്ക്കുന്നതിനുമുള്ള
ഒരു അവസരമായാണ് “വിശ്വാസത്തിന്‍റെ ആനന്ദത്തില്‍ ജീവിക്കുന്ന കുടുംബങ്ങള്‍” എന്ന ശീര്‍ഷകത്തിലുള്ള
ഈ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നതെന്ന് കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍
കൗണ്‍സിലിന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ഒക്ടോബര്‍ 27ാം തിയതി ഞായറാഴ്ച ഫ്രാന്‍സിസ്
മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍
അര്‍പ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയോടെയാണ് കുടുംബ തീര്‍ത്ഥാടനം സമാപിക്കുക.