2013-10-08 17:00:40

വത്തിക്കാനില്‍ മരിയന്‍ ദിനാചരണം


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷത്തോടനുബന്ധിച്ചുള്ള മരിയന്‍ ദ്വിദിനാചരണം ഒക്ടോബര്‍ 12, 13 (ശനി, ഞായര്‍) തിയതികളില്‍ വത്തിക്കാനില്‍ നടക്കും. മരിയന്‍ ദിനാചരണത്തിന്‍റെ ഭാഗമായി പോര്‍ച്ചുഗലിലെ ഫാത്തിമായില്‍നിന്നും കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനിലെത്തും.
ഒക്ടോബോര്‍ 12-ാം തിയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പത്രോസ്ലീഹായുടെ സ്മൃതിമണ്ഡപ സന്ദര്‍ശനത്തോടെയാണ് വിശ്വാസവത്സരത്തിലെ മരിയന്‍ ദ്വിദിന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വത്തിക്കാനിലും പരിസരത്തുമുള്ള ദേവാലയങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയും അനുരഞ്ജന ശുശ്രൂഷയും നടത്തപ്പെടും. വൈകുന്നേരം 5 മണിക്ക് ഫാത്തിമാ നാഥയുടെ തിരുസ്വരൂപം വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് സാഘോഷം സ്വീകരിക്കും. തുടര്‍ന്ന് മാര്‍പാപ്പാ മരിയന്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 7 മണി മുതല്‍ ഫാത്തിമാ നാഥയുടെ തിരുസ്വരൂപം പൊതുവണക്കത്തിനും ധ്യാനത്തിനുമായി റോമിലെ ‘ദിവീനോ അമോരെ’ ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. ആ രാത്രി മറിയത്തോടൊപ്പമുള്ള ജാഗരാനുഷ്ഠാനമായി ആഘോഷിക്കും.
ഒക്ടോബര്‍ 13-ാം തിയതി ഞായറാഴ്ച രാവിലെ 8 മണിക്ക് വീണ്ടും
തിരുസ്വരൂപം വത്തിക്കാനിലെത്തും. 10 മണിക്ക് പാപ്പായ്ക്കൊപ്പമുള്ള ജപമാല സമര്‍പ്പണത്തിനു ശേഷം മാര്‍പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷ സമൂഹബലിയര്‍പ്പണം നടക്കും.

* മരിയന്‍ ദിനാചരണത്തില്‍ മാര്‍പാപ്പ നേതൃത്വം നല്‍കുന്ന പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ഈ ലിങ്കില്‍ ലഭ്യമാണ്: http://player.rv.va/rv.player01.asp?language=en&visual=VaticanTic









All the contents on this site are copyrighted ©.