2013-10-08 12:49:09

ഇസ്രായേലിന്‍റെ അവിശ്വസ്തയുടെ
സ്വര്‍ണ്ണക്കാളക്കുട്ടി (58)


RealAudioMP3
ദൈവവുമായി ഉടമ്പടിലേര്‍പ്പെട്ട മോശ മലയിറങ്ങി വന്നപ്പോള്‍ കണ്ടത് ജനം കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുന്നതാണ്. ഹെബ്രായ മൂലകൃതിയില്‍ ഉപയോഗിച്ചിരിക്കുന്ന ‘എഗേല്‍’ അല്ലെങ്കില്‍ ‘എഗേല്‍ യോ..’ എന്ന കാളക്കുട്ടിക്കുള്ള വാക്കിന് പ്രയോഗത്തില്‍ ‘യാവ്,’ദൈവം എന്ന് അര്‍ത്ഥമുള്ളതായും നിരൂപകന്മാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. രാജാക്കന്മാര്‍, ന്യായാധിപാന്മാര്‍, ഹോസിയാ, നെഹേമിയാ എന്നീ പഴയനിയമ ഗ്രന്ഥങ്ങളില്‍ കാളക്കുട്ടിയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ കാണുന്നുണ്ട്. മനുഷ്യന്‍ അടിസ്ഥാനമായി ദൈവത്തെയാണ് ബിംബങ്ങളിലും വിഗ്രഹാരാധനയിലും തേടുന്നത് എന്നു മനസ്സിലാക്കണം. ഏകദൈവത്തിലുള്ള വിശ്വാസത്തിന് വിരുദ്ധമാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതും അവയെ ആരാധിക്കുന്നതും എന്ന ധാരണയിലേയ്ക്ക് ഇസ്രായേല്‍ മെല്ലെ എത്തിച്ചേരുന്നത് പുറപ്പാടു ഗ്രന്ഥത്തില്‍നിന്നും നമുക്കു പഠിക്കാം.

സാബത്താചരണത്തെക്കുറിച്ച് കര്‍ത്താവ് മോശയിലൂടെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. ദൈവം അരുള്‍ചെയ്തു. “മോസസ്, ഇസ്രായേല്‍ ജനത്തോടു പറയുക, അവര്‍ സാബത്ത് ആചരിക്കുട്ടെ! എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്ന് നിങ്ങള്‍ അറിയാന്‍വേണ്ടി എനിക്കും നിങ്ങള്‍ക്കുമദ്ധ്യേ തലമുറതോറുമുള്ള അടയാളമായിരിക്കുട്ടെ ഇത്! അതു കര്‍ത്താവിന്‍റെ വിശുദ്ധമായ ദിവസമാണ്. ആറു ദിവസം ജോലിചെയ്യണം. എന്നാല്‍ ഏഴാം ദിവസം കര്‍ത്താവിന്‍റെ വിശുദ്ധമായ സാബത്ത് വിശ്രമദിനമായി ആചരിക്കണം. ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും, ഏഴാം ദിവസം കര്‍ത്താവ് ജോലിയില്‍നിന്നു വിരമിച്ച് വിശ്രമിക്കുകയും ചെയ്തതിന്‍റെ അടയാളവും നിത്യസ്മാരകവുമാണിത്.” അങ്ങനെ സീനായ് മലയില്‍ കര്‍ത്താവ് മോശയോടു സംസാരിച്ചതിനുശേഷം, വിരല്‍കൊണ്ട് തന്‍ എഴുതിയ ഉടമ്പടിയുടെ രണ്ടു കല്‍ഫലകങ്ങള്‍ ദൈവം മോശയ്ക്കു നല്കി.

ഇനി താഴെ പാളയത്തില്‍, ജനമദ്ധ്യേ എന്താണു സംഭവിക്കുനനതെന്നു നോക്കാം. .... മലയില്‍ നിന്നിറങ്ങിവരാന്‍ മോശ താമസിക്കുന്നുവെന്നു കണ്ട് ജനം അഹറോന്‍റെ ചുറ്റുംകൂടി പറഞ്ഞു. “ഞങ്ങളെ നയിക്കാന്‍ ദേവാന്മാരെ വേഗം ഉണ്ടാക്കിത്തരുക. കാരണം, ഈജിപ്തില്‍നിന്നു ഞങ്ങളെ കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു അറിയില്ല.”

അപ്പോള്‍ അഹറോന്‍ പറഞ്ഞു. “നിര്‍ബന്ധിക്കുകയാണെങ്കില്‍...നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയുമെല്ലാം കാതിലും കഴുത്തിലുമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിയെടുത്ത് ഇങ്ങു തരിക. നമുക്ക് ഈജിപ്തിലെ ദൈവങ്ങളെ ഉണ്ടാക്കാം.”

ജനം തങ്ങളുടെ കാതില്‍നിന്നും കഴുത്തില‍നിന്നും ആഭരണങ്ങള്‍ ഊരി അഹറോന്‍റെ മുന്‍പില്‍ കൊണ്ടുചെന്നു. അയാള്‍ അവ വാങ്ങി മൂശയിലിട്ട് ഉരുക്കി കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ ജനം വിളിച്ചുപറഞ്ഞു. “ഇതാ, ഇസ്രായേലേ, കാണുക! ഈജിപ്തില്‍നിന്നു നമ്മെ കൊണ്ടുവന്ന ദേവന്‍ ഇതാണ്!”

പിന്നെ അഹറോന്‍ കാളക്കുട്ടിയുടെ മുന്‍പില്‍ ബലിപീഠം നിര്‍മ്മിച്ചു. എന്നിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു. “നാളെ നിങ്ങള്‍ക്ക് ഉത്സവദിനമായിരിക്കും.”
പിറ്റേന്ന് ജനം അതിരാവിലെ ഉണര്‍ന്ന് ദഹനബലികളും ഹോമ യാഗങ്ങളും അര്‍പ്പിച്ചു. പിന്നെ തീനും കുടിയും കഴിഞ്ഞ് അവര്‍ വിനോദങ്ങളിലേര്‍പ്പെട്ടു.

പാളയത്തിലെ കോലാഹലം കണ്ട്, കര്‍ത്താവു മോശയോട് അരുളിച്ചെയ്തു.
“മോസസ്, ഉടനെ താഴേയ്ക്കു ചെല്ലുക. ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍നിന്ന് അവര്‍ വ്യതിചലിച്ചിരിക്കുന്നു.
അവര്‍ കാളക്കുട്ടിയെ വാര്‍ത്തെടുത്ത് ആരാധിക്കുകയും, അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.”

കര്‍ത്താവ് പിന്നെയും തുടര്‍ന്നു. “മോസസ്, ‘ഇസ്രായേലിനെ ഈജിപ്തിലെ അടിമത്വത്തില്‍നിന്ന് സ്വതന്ത്രമാക്കിയത് ദേവന്മാരാണെന്ന്’ ജനം, ഇതാ, പറഞ്ഞിരിക്കുന്നു. ഇവര്‍ ദുശ്ശാഠ്യക്കാരാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍, മോസസ്, നീ എന്നെ തടയരുത്, എന്‍റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍ നിന്നില്‍നിന്ന് ഇനിയും ഞാന്‍ വലിയ ജനതതിയെ പുറപ്പെടുവിക്കും.”


അപ്പോള്‍ കര്‍ത്താവിനോട് കാരുണ്യം യാചിച്ചുകൊണ്ടു മോശ പറഞ്ഞു.
“ഓ, ദൈവമേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച ജനത്തിനെതിരെ അങ്ങേ ക്രോധം ജ്വലിക്കരുതേ....! ‘മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചു മാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടിയാണ് അവന്‍ അവരെ കൊണ്ടുപോയത്’ എന്ന് ഈജിപ്തുകാര്‍ എന്നെക്കുറിച്ചു പറയാന്‍ ഇടവരുത്തരുതേ, ദൈവമേ...!? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ.
ഈ ജനത്തോടു ക്ഷമിക്കണമേ...!!”

“നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേയ്ക്കും കൈവശമാക്കും, എന്ന് അവിടുന്നു ശപഥംചെയ്തു പറഞ്ഞിട്ടുള്ളതല്ലേ!?”

ഇസ്രായേലിന്‍റെ അധര്‍മ്മം കര്‍ത്താവു കണ്ട് കോപിച്ചെങ്കിലും, പിന്നെ ശാന്തനായി. തന്‍റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്ന് പിന്മാറി. കൈകളില്‍ രണട് ഉടമ്പടി ഫലകങ്ങളുമായി മോശ സീനായില്‍നിന്നും താഴേയ്ക്കിറങ്ങി വന്നു. ഫലകങ്ങളുടെ ഇരുവശങ്ങളിലും എഴുത്തുകള്‍ ഉണ്ടായിരുന്നു. അവ ദൈവത്തിന്‍റെ കൈവേലയും, കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തിലുള്ള കല്പനകളുമായിരുന്നു. ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരം കേട്ടപ്പോള്‍ മോശയോടു കൂടെയുണ്ടായിരുന്ന ജോഷ്വാ പറഞ്ഞു. “മോസസ്, പാളയത്തില്‍ യുദ്ധത്തിന്‍റെ ശബ്ദം മുഴങ്ങുന്നു.”
മോശ പറഞ്ഞു. “ഇല്ല, ജോഷ്വാ, ഞാന്‍ കേള്‍ക്കുന്നത് വിജയത്തിന്‍റെ അട്ടഹാസമോ പരാജയത്തിന്‍റെ മുറവിളിയോ അല്ല. അഹ്ലാദത്തിന്‍റെ ആരവമാണ്. സന്തോഷത്തിമിര്‍പ്പിന്‍റെ അട്ടഹാസമാണത്!”

മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ ജനം നൃത്തമാടുന്നതും സ്വര്‍ണ്ണക്കാളക്കുട്ടിയെ വണങ്ങുന്നതും കണ്ടു. അയാളുടെ കോപം ആളിക്കത്തി. മലയുടെ അടിവാരത്തില്‍വച്ചു തന്നെ മോശ കല്‍ഫലകങ്ങള്‍ വലിച്ചെറിഞ്ഞ് തകര്‍ത്തുകളഞ്ഞു. എന്നിട്ട് മുന്നോട്ടു വന്ന് അവര്‍ വണങ്ങിയ കാളക്കുട്ടിയെ എടുത്ത് അഗ്നികുണ്ഠത്തിലേയ്ക്കു എറിഞ്ഞു. അത് കത്തിയുരികി കട്ടയായി. എന്നിട്ട് കരിഞ്ഞലോഹം ഇടിച്ചുപൊടിച്ച്, വെള്ളത്തില്‍ കലക്കി ജനത്തെക്കൊണ്ടു മോശ കുടിപ്പിച്ചു. എന്നിട്ട് അഹറോനോടു ചോദിച്ചു.
“അഹറോന്‍, ഈ ജനത്തിന്‍റെ മേല്‍ ഇത്ര വലിയൊരു പാപം, ദൈവകോപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തുചെയ്തു!?”
അഹറോന്‍ പറഞ്ഞു. “ഓ, മോസസ്, പ്രഭോ, അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ജനത്തിന്‍റെ തിന്മയിലേയ്ക്കുള്ള ചായവ് അങ്ങേക്കറിവുള്ളതാണല്ലോ.
അവരുടെ നിര്‍ബന്ധമായിരുന്നു ഞങ്ങളെ നയിക്കാന്‍ ദേവന്മാരെ വേണമെന്നത്.”

ജനത്തിന്‍റെ അഴിഞ്ഞാട്ടം കണ്ട് മോശ പറഞ്ഞു. “ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം തിന്മ പ്രവര്‍ത്തിക്കുന്നതിന് അഹറോന്‍ ജനത്തെ അനുവദിച്ചിരിക്കുന്നു.”
മോശ പാളയത്തിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ടു വിളിച്ചു പറഞ്ഞു.
“ജനമേ, കര്‍ത്താവിന്‍റെ പക്ഷത്തുള്ളവര്‍ എന്‍റെ പക്കലേയ്ക്കു വരട്ടെ.”
അപ്പോള്‍ ലേവ്യരുടെ പുത്രന്മാരെല്ലാവരും മോശയുടെ പക്കല്‍ ഒന്നിച്ചുകൂടി.

ഇസ്രായേല്‍ അനുഭവിച്ച ദൈവികസാന്നിദ്ധ്യത്തിന്‍റെ സ്ഥായിയായ അടയാളമായിരുന്നു ഉടമ്പടിയും കല്പനകളും. എന്നാല്‍ ജനം അവയെല്ലാം മറന്ന് സ്വര്‍ണ്ണക്കാളക്കുട്ടിയെ ആരാധിച്ചതും അതിനു മുന്നില്‍ നൃത്തമാടിയതും ഉടമ്പടിയുടെ നിന്ദ്യമായ ലംഘനമായിരുന്നു. സ്നേഹത്തിന്‍റെയും പരിലാളനയുടെയും ദൈവകരങ്ങളില്‍ വളര്‍ന്ന ഇസ്രായേലായ നവവധു കാണിച്ച അവിശ്വസ്തതയായിരുന്നു അത്. ആദ്യത്തെ രണ്ടു കല്പനകള്‍ ലംഘിച്ചാണ് ജനം വ്യാജദൈവങ്ങളുടെ പിറകെപോയത്. ഇസ്രായേല്‍ അവിശ്വസ്തയായിരുന്നിട്ടും ദൈവം അവിടുത്തെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അടിസ്ഥാന ഭാവവും സ്വഭാവവും പിന്നെയും പ്രകടമാക്കുന്നത് ഇനിയും പുറപ്പാടു സംഭവങ്ങളില്‍ കാണാനാകും.
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.