2013-10-05 12:18:35

ഭൂമിയില്‍ ദൈവത്തിന്‍റെ മുദ്രകള്‍
വായിച്ചെടുക്കുന്ന ആന്തരികത - വിശ്വാസം


RealAudioMP3
വി. ലൂക്കാ 17, 5-10 ആണ്ടുവട്ടം 27-ാം ഞായര്‍
അപ്പോള്‍ അപ്പസ്തോലന്മാര്‍ ക്രിസ്തുവിനോടു പറഞ്ഞു. ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ! കര്‍ത്താവു പറഞ്ഞു. നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വസമുണടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കൂ, എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും. നിങ്ങളുടെ ഒരു ഭൃത്യന്‍ ഉഴുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലില്‍നിന്നു തിരിച്ചുവരുമ്പോള്‍ അവനോട്, നീ ഉടനെ വന്ന് ഭക്ഷണത്തിനിരിക്കൂ, എന്ന് ആരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കൂ. ഞാന്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക, അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം, എന്നല്ലേ നിങ്ങള്‍ പറയുക? കല്പിക്കപ്പെട്ടതു ചെയ്തതുകൊണ്ട് നിങ്ങള്‍ ദാസനോടു നന്ദിപറയുമോ? ഇതുപോലെ തന്നെ നിങ്ങളും കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, പ്രയോജനമില്ലാത്ത ദാസന്മാരാണ് ഞങ്ങള്‍, കടമ നിര്‍വ്വഹിച്ചതേയുള്ളൂ എന്നു പറയുവിന്‍.

സന്തോഷമായി ജീവിച്ചുകൊണ്ട് ജീവിതവിശുദ്ധി പ്രാപിക്കാം എന്നു പഠിപ്പിച്ച 14-ാം നൂറ്റാണ്ടിന്‍റെ വിശുദ്ധനാണ് ഫ്രാന്‍സിസ് സാലസ്. അദ്ദേഹം മാധ്യമ ലോകത്തിന്‍റെ മദ്ധ്യസ്ഥനുമാണ്. പത്തൊന്‍പതാം വയസ്സില്‍ സാലസ് മാരകമായ രോഗത്തിനടിമയായി. മരണത്തിന്‍റെ വക്കിലെത്തിയ അദ്ദേഹം ഗുരുനാഥനെ അന്തിമാഭിലാഷം അറിയിച്ചു, “ഞാന്‍ മരിച്ചാല്‍, ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു കൊടുക്കണം.”
“മെഡിക്കല്‍ വിദ്യാര്‍തഥികള്‍ ശരീരം കീറിമുറിക്കുന്നത് കുടുംബത്തിന് അപമാനമല്ലേ?” എന്നായി ഗുരുനാഥന്‍റെ സംശയം.
ഫ്രാന്‍സിസ് പറഞ്ഞു, “ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ ഉപയോഗമില്ലാത്ത ദാസനായിരുന്നു. മരിക്കുമ്പോഴെങ്കിലും ഉപകാരമുണ്ടാകട്ടെ.”
മഹത്തുക്കളുടെ മനോവികാരമാണ്, ‘ഉപോയഗമില്ലാത്ത ദാസന്മാരാണ് ഞങ്ങള്‍,’ എന്നത്.

ക്രിസ്തു നല്കുന്ന സാരോപദേശങ്ങളുടെ സംഗ്രഹമാണ് ഇന്നത്തെ സുവിശേഷഭാഗം. ജീവിതത്തില്‍ ഉയര്‍ന്ന ധാര്‍മ്മിക ചിന്ത വേണമെന്നും, ക്ഷമിക്കാനും ശത്രുസ്നേഹം കാട്ടാനും അതിരുകല്പിക്കരുതെന്നും (17, 1-15) ക്രിസ്തു ആവശ്യപ്പെട്ടപ്പോള്‍ ദൈവരാജ്യത്തിന്‍റെ മാനദണ്ഡത്തിനു മുമ്പില്‍ അയോഗ്യത തോന്നിയ ശിഷ്യന്മാര്‍ അഭ്യര്‍ത്ഥിച്ചു.
“ഗുരോ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.” തങ്ങള്‍ക്ക് വേണ്ടുവോളം വിശ്വാസം ഉണ്ടെന്നും അത് വര്‍ദ്ധിപ്പിച്ചാല്‍ മാത്രം മതിയെന്നുമായിരുന്നു ശിഷ്യന്മാര്‍ ധരിച്ചിരുന്നത്. എന്നാല്‍ അവര്‍ക്ക് കടുകുമണിയോളംപോലും വിശ്വാസം ഇല്ലെന്നാണ് ക്രിസ്തു തുറന്നടിച്ചത്. വിശ്വാസം ജീവിതത്തിന്‍റെ ചാലകശക്തിയും പ്രക്രിയയുമാണ് a dynamic process. എന്നാല്‍ പരിശ്രമിച്ചാല്‍ നമുക്കതില്‍ വളരാന്‍ സാധിക്കും. ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കുമ്പോള്‍ നാം വിശ്വാസത്തില്‍ വളരുന്നു എന്ന് ക്രിസ്തു സമര്‍ത്ഥിക്കുന്നു.

മനുഷ്യന്‍റെ സങ്കല്പങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ ദൈവത്തിന് കഴിയുമെന്നാണ് ഇന്നത്തെ വചനം വ്യക്തമാക്കുന്നത്. ‘സിക്കമിന്‍ മരത്തോട് കടലില്‍ വീഴാന്‍ പറയുക...’ ഏകദേശം അറുപതടി പൊക്കത്തില്‍ വളരുന്നു വൃക്ഷമാണിത്. സമ്പത്തും സമൃദ്ധിയും ദൈവാനുഗ്രഹമായും, രോഗവും ദാരിദ്ര്യവും മരണവും ദൈവശിക്ഷയായും കാണുന്നതാണ് സാധാരണ ഇന്ന് മനുഷ്യസങ്കല്പം. അങ്ങനെയെങ്കില്‍ ദരിദ്രരാണ് ഭാഗ്യവാന്മാര്‍ എന്ന സുവിശേഷ സൂക്തത്തില്‍ നമുക്ക് വിശ്വസിക്കാനാകുമോ? വിശ്വസിക്കാനായാല്‍ കടുകുമണിയോളംമുള്ള വിശ്വസം വിശ്വസത്തിന്‍റെ ധാരാളിത്തമാണ്. ‘വൃക്ഷത്തോട് ചുവടോടെ ഇളകി മാറാന്‍’ പറയുന്നത് ക്രിസ്തുവിന്‍റെ ആലങ്കാരിക ഭാഷയാണ്, അതിന്‍റെ അര്‍ത്ഥവും വ്യംഗ്യാര്‍ത്ഥവും നിഗൂഢമാണ്. വന്‍വൃക്ഷംപോലെ പ്രതിബന്ധങ്ങള്‍ ജീവിതവഴിയില്‍ വൈതരണിയായി നില്ക്കുന്നു. ദൈവത്തിലാശ്രിയിച്ചാല്‍ പ്രതിബന്ധങ്ങള്‍ മറികടക്കാനാകും എന്നതാണ് യാഥാര്‍ത്ഥ വിശ്വാസം, ആത്മവിശ്വാസം. ആത്മവിശ്വാസം അഹങ്കാരമല്ല. ദൈവത്തിന് അസാദ്ധ്യമായി യാതൊന്നുമില്ല എന്ന ചിന്തയാണ് മനുഷ്യന്‍റെ ആത്മവിശ്വാസം. ദൈവത്തിന്‍ ആശ്രയിച്ച് കര്‍മ്മങ്ങള്‍ ചെയ്യണം എന്ന ബോധ്യമാണത്. ജീവിതവിജയത്തിന് ആത്മവിശ്വാസം അനിവാര്യമാണ്, അടിസ്ഥാനവുമാണ്.

പ്രതിഫലേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ദാസന്‍റെ മനോഭാവമായിരിക്കണം ക്രിസ്തു ശിഷ്യന്‍റേത്. ദൈവം നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നതത്രയും ചെയ്യാന്‍ നമുക്കാകണമെന്നില്ല. എന്നാല്‍ എന്നാല്‍ പറ്റുന്നതൊക്കെയും ചെയ്യണം. കാരണം, എന്തു മേന്മയാണ് നമുക്ക് അവകാശപ്പെടാനുള്ളത്? ദാനമല്ലാത്തതായി വല്ലതുമുണ്ടോ നമ്മുടെ ജീവിതത്തില്‍? നമുക്കുള്ളത് നാം കൊണ്ടുവന്നതാണോ? എല്ലാം ദൈവം തന്നതല്ലേ?

ഭൂമിയിലൂടെ വെളിപ്പെട്ടുകിട്ടുന്ന ദൈവത്തിന്‍റെ മുദ്രകളെ വായിച്ചെടുക്കുന്നതാണ് വിശ്വാസം. ഭൂമിതന്നെ വെളിപാടിന്‍റെ പുസ്തകമാണ്. അതിലെ ഓരോ അടയാളവും ദൈവത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. നിസ്സാരരെന്ന് നാം കരുതുന്ന വ്യക്തികളിലൂടെയും, ഓരോ ദിവസവും ഓരോ നേരവും അഭിമുഖീകരിക്കുന്ന ലളിതമായ സംഭവങ്ങളിലൂടെയുമാണ് ദൈവം നമ്മോട് സംസാരിക്കുന്നത്. ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നില്ല. ഓരോ കഥാപാത്രങ്ങളും സംഭവങ്ങളും ദൈവം നമുക്കുവേണ്ടി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ണതാണ്.
പുല്ലുമേഞ്ഞു നില്‍ക്കുന്ന കഴുതക്കുട്ടി വെറുതെ നില്‍ക്കുകയല്ല. ഓശാനയുടെ ഘോഷങ്ങള്‍ക്കുവേണ്ടി ഒരുങ്ങി നില്‍ക്കുകയാണെന്ന് സുവിശേഷ സംഭവം വെളിപ്പെടുത്തുന്നു (മത്തായി 21, 2). പെസഹായ്ക്കാവട്ടെ, കുടവുമായി നിങ്ങള്‍ക്കെതിരെ ഒരാള്‍ വരും. അയാളോടു ചോദിക്കണം ഗുരു എവിടെയാണ് പെസഹാ ഭക്ഷിക്കേണ്ടതെന്ന് (മാര്‍ക്ക് 14, 13). അപ്പോള്‍ ഓരോ കണ്ടുമുട്ടലുകളും, വേര്‍പെടലുകളും നേരത്തെ നിശ്ചയിക്കപ്പെടുന്നതു തന്നെയാണ്.

അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെ ചരിത്രത്തില്‍ വായിക്കുന്നതുപോലെ .... വയല്‍ ‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ ചേറില്‍നിന്ന് ഒരാള്‍ കയറിവന്നു ചോദിച്ചു, “അങ്ങ്, അസ്സീസിയിലെ ഫ്രാന്‍സീസല്ലേ?”
“അതേ...”
കൃഷിക്കാരന്‍ പറഞ്ഞു, “എല്ലാവരും അങ്ങയെ വിശുദ്ധനായി കരുതുന്നു.”
ഫ്രാന്‍സിസ് പുഞ്ചിരിച്ചു. അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു, “എന്നും അങ്ങനെതന്നെയായിരിക്കണം...., കേട്ടോ?!”
എന്നിട്ട് ആയാള്‍ വീണ്ടും വയലിലേയ്ക്ക് ഇറങ്ങിപ്പോയി.
ഫ്രാന്‍സിസ് നിറമിഴിയോടെ ബ്രദര്‍ ലിയോയോടു പറഞ്ഞു. “നീ കണ്ടില്ലേ, ലിയോ, ദൈവം ചേറില്‍നിന്നുവന്ന് എന്നെ ശാസിച്ചിട്ട്, ചേറിലേയ്ക്ക് മടങ്ങിപ്പോയത്.”

എല്ലാവര്‍ക്കും എല്ലാറ്റിനും എല്ലായ്പ്പോഴും നമ്മോട് എന്തോ പറയാനുണ്ട്. അതു ഗ്രഹിക്കാനുള്ള ശ്രദ്ധയ്ക്കുവേണ്ടി പ്രാത്ഥിക്കണം. ജീവിതത്തിലെ മോശപ്പെട്ട അനുഭവങ്ങള്‍ക്കു പിന്നില്‍പ്പോലും ഗുരുവിന്‍റെ ശബ്ദം കേള്‍ക്കാനാവണം. ചെറുപ്പത്തില്‍ ഇഷ്ടമില്ലാത്ത പലതും ഭക്ഷിക്കയില്ലെന്ന് ശഠിച്ചിട്ടുണ്ട്. എന്നാല്‍, മുതിര്‍ന്നപ്പോള്‍ മേശയില്‍ വിളമ്പിയ എല്ലാം ആദരപൂര്‍വ്വം സ്വീകരിക്കാന്‍ മനസ്സിനെ മെരുക്കണമെന്നും മനസ്സിലായി. കാരണം, അത് നിനക്കുവേണ്ടി നേരത്തെ ഒരുക്കിവച്ച വിഭവമാണ്. അതിന് കയ്പിക്കുന്നവയുണ്ടാവാം ചിലപ്പോള്‍ ചവര്‍പ്പിക്കുന്നവയുണ്ടാവാം. എന്നാല്‍ അതില്‍ കഠിനാദ്ധ്വാനത്തിന്‍റെയും കണ്ണീരിന്‍റെയും ഉപ്പു കലര്‍ന്നിട്ടുണ്ട്.
അവ സ്വീകരിക്കേണ്ടതാണ്. ദൈവം പൂമരങ്ങള്‍ക്ക് പിന്നില്‍ മാത്രമല്ലല്ലോ വെളിപ്പെട്ടുകിട്ടുക. മോശയ്ക്ക് കാണിച്ചു കൊടുത്തതുപോലെ മുള്‍പ്പടര്‍പ്പിന്‍റെ പിന്നിലും അവിടുന്ന് തന്നെയാണെന്ന് അറിയുമെങ്കില്‍ പുത്തന്‍ അവബോധത്തിന്‍റെ ജാഗ്രതയിലേയ്ക്ക് നമ്മുടെ മനസ്സുകള്‍ ഉണരുമെന്നത് തീര്‍ച്ചയാണ്.

വിശ്വാസത്തെ മിഥ്യയായ അന്വേഷണമായും മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് വിഘ്നമാകുന്ന ഘടകമായും കാണുന്ന നവയുഗത്തിന്‍റെ ചിന്താഗതി വളര്‍ന്നു വരുന്നുണ്ട്. അതില്‍നിന്നും വ്യത്യസ്തമായി, നന്മ തിന്മകളെ വിവേചിച്ചറിഞ്ഞും, പ്രാപഞ്ചിക ചുറ്റുപാടില്‍ ദൈവത്തിന്‍റെ പ്രതിച്ഛായ തിരിച്ചറിഞ്ഞും സമൂഹത്തില്‍ ജീവിക്കുവാനും മുന്നേറുവാനുമുള്ള ആത്മീയ കരുത്താണ് വിശ്വാസം. മറുഭാഗത്ത് ജീവിത പരസരങ്ങളിലേയ്ക്കുള്ള അന്ധമായ എടുത്തു ചാട്ടം വിശ്വാസരാഹിത്യം എന്നു ഗ്രഹിക്കുന്നു.
സമഗ്രതയോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ വിശ്വാസം ജീവിച്ചുകൊണ്ടും പ്രഘോഷിച്ചുകൊണ്ടും സഭയുടെ ആത്മീയ ചക്രവാളത്തിന്‍റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുകയാണ് നാം ആഘോഷിക്കുന്ന വിശ്വാസവര്‍ഷത്തിന്‍റെ ലക്ഷൃം. ആധുനിക യുഗത്തില്‍ സഭയുടെയും വ്യക്തികളുടെയും വിശ്വാസനവീകരണത്തിനായി സമ്മേളിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭംകൂടിയാണിത്.

ലാഘബുദ്ധിയോടെ കാണാവുന്ന ജീവിതത്തിലെ അവസ്ഥാവിശേഷമല്ല വിശ്വാസം, മറിച്ച് അനുദിനം ബലപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട ദൈവികദാനമാണത്. വിശ്വസിക്കുന്നവന്‍ എല്ലാം വ്യക്തമായി കാണുന്നു. വിശ്വാസത്തിന്‍റെ വെളിച്ചം ദൈവത്തില്‍നിന്ന് ഉരുവംകൊള്ളുന്നതിനാല്‍ അത് മനുഷ്യാസ്തിത്വത്തിന്‍റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്‍റെ പ്രഭവസ്ഥാനം ക്രിസ്തുവാണ്. ക്രിസ്തുവിന്‍റെ ജീവിതരംഗങ്ങളുടെ ഗതകാല സ്മരണയില്‍ ഊന്നിനില്ക്കുന്ന വിശ്വാസചൈതന്യം ജീവിത ചക്രവാളത്തിലേയ്ക്ക് വിന്യസിക്കുമ്പോള്‍ ജീവിതം അര്‍ത്ഥസമ്പുഷ്ടമാകുന്നു. അത് പ്രത്യാശയില്‍ മുന്നേറുന്നു.
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.